“ഇതു ഞാൻ സ്വപ്‌നം കണ്ടിട്ടുപോലുമില്ല”- കോൺമെബോളിന്റെ ആദരവിൽ പ്രതികരിച്ച് ലയണൽ മെസി |Lionel Messi

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ദേശീയടീമിനൊപ്പം സാധ്യമായ മൂന്നു കിരീടങ്ങളും സ്വന്തമാക്കിയ ലയണൽ മെസി ഫുട്ബോൾ ലോകത്തിന്റെ നിറുകയിലാണ് ഇപ്പോൾ നിൽക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്നു യാതൊരു സംശയത്തിനും ഇടയില്ലാത്ത വിധത്തിൽ തെളിയിച്ച മെസിക്ക് അർഹിക്കുന്ന ആദരവ് കഴിഞ്ഞ ദിവസം സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ നൽകിയിരുന്നു.

പരാഗ്വായിലെ ല്യൂക്വയിലുള്ള കോൺമെബോൾ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം മെസിയുടെ പ്രതിമ അനാച്ഛാദനം ചെയ്‌താണ്‌ അർജന്റീന താരത്തിനുള്ള ആദരവ് അവർ രേഖപ്പെടുത്തിയത്. പെലെ. ഡീഗോ മറഡോണ എന്നീ താരങ്ങളുടെ പ്രതിമക്കൊപ്പം വന്നത് മെസി സ്വന്തമാക്കിയ നേട്ടത്തിന്റെ വലിപ്പം കാണിക്കുന്നു. ഇതിനു മെസി നന്ദി പറയുകയും ചെയ്‌തു.

ഇതൊന്നും താൻ ജീവിതത്തിൽ ഒരിക്കലും സ്വപ്‌നം കണ്ടിട്ടില്ലെന്നും ഫുട്ബോൾ കളിക്കുകയും അതിലൂടെ ആഗ്രഹിച്ചത് സ്വന്തമാക്കുകയുമാണ് താൻ ലക്ഷ്യമിട്ടതെന്നും മെസി പറയുന്നു. ഇനിയും കൂടുതൽ മെച്ചപ്പെടാനാണ് താൻ ശ്രമിച്ചിരുന്നതെന്നും കൂടുതൽ നേടാൻ ആഗ്രഹമുണ്ടെന്നും ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും താരം പറഞ്ഞു.

ഒരുപാട് നിരാശയും തോൽവികളും ഉണ്ടായെങ്കിലും മുന്നോട്ടു മാത്രമാണ് നോക്കിയതെന്നും വിജയം നേടണമെന്ന ഇഛാശക്തി തന്റെ മനസ്സിൽ നിലനിന്നിരുന്നെന്നും മെസി പറയുന്നു. സ്വപ്‌നങ്ങൾക്കായി പോരാടുകയെന്നതും പന്തുമായി കൂടുതൽ ആസ്വദിച്ച് പ്രകടനം നടത്തുകയെന്നതുമാണ് താൻ ആസ്വദിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളെന്നും മെസി കൂട്ടിച്ചേർത്തു.

മെസിക്ക് മാത്രമല്ല, ലോകകപ്പ് നേടിയ അർജന്റീന താരങ്ങൾക്കും പരിശീലകർക്കും കോൺമെബോൾ ആദരവ് നൽകിയിരുന്നു. ഇരുപത് വർഷത്തിന് ശേഷമാണ് ഒരു സൗത്ത് അമേരിക്കൻ ടീം ലോകകപ്പ് നേടുന്നത്. ഇതിനു മുൻപ് 2002ൽ ബ്രസീലാണ് സൗത്ത് അമേരിക്കയിൽ നിന്നും ലോകകപ്പ് നേടിയിട്ടുള്ളത്.

Rate this post
Lionel Messi