ലയണൽ മെസി ലോറിസ് അവാർഡ് നേടിയതാണ് ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്. ഫുട്ബോൾ ലോകത്തു നിന്നും മറ്റൊരു താരവും സ്വന്തമാക്കിയിട്ടില്ലാത്ത നേട്ടം രണ്ടാമത്തെ തവണയാണ് ലയണൽ മെസിയെ തേടിയെത്തിയത്. 2020ൽ ആദ്യമായി ലോറിസ് അവാർഡ് സ്വന്തമാക്കിയ മെസി ഈ വർഷം പാരീസിൽ വെച്ച് നടന്ന ചടങ്ങിലും ആ നേട്ടം ആവർത്തിച്ചു.
ഖത്തർ ലോകകപ്പിൽ നേടിയ ഐതിഹാസികമായ കിരീടനേട്ടമാണ് ലയണൽ മെസിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. മുപ്പത്തിയാറു വർഷത്തിന് ശേഷം അർജന്റീന കിരീടം നേടിയപ്പോൾ അതിനെ മുന്നിൽ നിന്നും നയിച്ചത് ലയണൽ മെസിയാണ്. ഫൈനലിൽ നേടിയ രണ്ടെണ്ണം ഉൾപ്പെടെ ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം ലോകകപ്പിൽ അർജന്റീനക്കായി സ്വന്തമാക്കി.
ലയണൽ മെസിക്ക് പുറമെ അർജന്റീന ടീമും ലോറിസ് അവാർഡ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. ഈ വർഷത്തെ ഏറ്റവും മികച്ച ടീമെന്ന അവാർഡാണ് അർജന്റീന സ്വന്തമാക്കിയത്. ഖത്തർ ലോകകപ്പിൽ ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയതിനു ശേഷം പിന്നീട് ഒറ്റക്കെട്ടായി തിരിച്ചു വന്ന അർജന്റീന ടീമും അർഹിക്കുന്ന പുരസ്‌കാരമാണ് പാരീസിൽ നേടിയത്.
ഈ നേട്ടത്തോടെ ലോറിസ് അവാർഡ്‌സിന്റെ ചരിത്രം തന്നെ ലയണൽ മെസി തിരുത്തുകയുണ്ടായി. നിരവധി കായികതാരങ്ങൾ ഈ പുരസ്‌കാരം മുൻപ് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ വ്യക്തിഗത, ടീം പുരസ്‌കാരങ്ങളിൽ ഒരു താരം വന്നിട്ടില്ല. എന്നാൽ മെസിയും അർജന്റീനയും പുരസ്‌കാരം നേടിയതോടെ ഈ അപൂർവനേട്ടം അർജന്റീന നായകന്റെ പേരിൽ വന്നു ചേർന്നിരിക്കുകയാണ്.
CONFIRMED RECORDS ✅
— PSG Chief (@psg_chief) May 8, 2023
▪️Leo Messi is the ONLY footballer and ONLY player from a team sport to have ever won the Laureus award
▪️ Leo Messi is the FIRST EVER athlete to win the Laureus World Sportsman of the Year and Laureus World Team of the Year Awards in the same year. pic.twitter.com/W9MzbFs7Vx
ഖത്തർ ലോകകപ്പിന് ശേഷം ലയണൽ മെസി ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരമടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയിരുന്നു. ലോറിസ് അവാർഡ് ഏറ്റവും മികച്ച രീതിയിൽ തന്നെ നേടിയതിലൂടെ തന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ലയണൽ മെസി ചാർത്തിയിരിക്കുകയാണ്. ഇനി പിഎസ്‌ജിക്കൊപ്പം സീസൺ പൂർത്തിയാക്കി തന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാനാവും മെസി ഒരുങ്ങുന്നത്.