ആർക്കാണ് തന്റെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നൽകുക, ലയണൽ മെസി പറയുന്നു |Qatar 2022 |Lionel Messi

ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനം നടത്തി മത്സരത്തിൽ അർജന്റീനക്ക് വിജയം സമ്മാനിച്ചു ക്വാർട്ടർ ഫൈനലിലേക്കു മുന്നേറാൻ സഹായിച്ച ലയണൽ മെസി തന്നെയാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത്. ഇതോടെ ഒരു റെക്കോർഡ് കൂടി മെസി സ്വന്തമാക്കി. 2002ൽ ലോകകപ്പിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ തുടങ്ങിയതിനു ശേഷം ഏറ്റവുമധികം തവണ അതു നേടിയത് മെസിയാണ്.

അഞ്ചു ലോകകപ്പിൽ കളിച്ച ലയണൽ മെസി എട്ടു തവണയാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയിരിക്കുന്നത്. മെസിയുടെ പ്രധാന എതിരാളി എന്ന നിലയിൽ കണക്കാക്കപ്പെടുന്ന ക്രിസ്ത്യാനോ റൊണാൾഡോക്കും ഈ നേട്ടത്തിന് ഒപ്പമെത്താൻ കഴിയും. ഏഴു മാൻ ഓഫ് ദി മാച്ച് പുരസ്കാരം താരം സ്വന്തമാക്കി. കഴിഞ്ഞ ലോകകപ്പിലും ഈ ലോകകപ്പിലും കളിച്ചിട്ടില്ലാത്ത, വിരമിച്ച ഡച്ച് താരം ആര്യൻ റോബൻ ആറു തവണയും ഈ നേട്ടം സ്വന്തമാക്കി.

മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ താനല്ലെങ്കിൽ ആരാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹനെന്ന ചോദ്യം താരം നേരിടുകയുണ്ടായി. അതിനു മറുപടിയായി അർജൻറീന ടീമിന്റെ പ്രതിരോധനിരയെയാണ് മെസി തിരഞ്ഞെടുത്തത്. അവരുടെ മികച്ച പ്രകടനമാണ് ടീമിനു നിർണായകമായതെന്ന് മെസി പറയുന്നു. ഏതെങ്കിലും ഒരു താരത്തെ തിരഞ്ഞെടുക്കണമെങ്കിൽ അതു ക്രിസ്ത്യൻ റൊമേരോ ആയിരിക്കുമെന്നും മെസി പറഞ്ഞു.

മത്സരത്തിൽ അർജൻറീന പ്രതിരോധം തകർപ്പൻ പ്രകടനമാണു നടത്തിയതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഓസ്ട്രേലിയക്ക് വളരെ ചെറിയ പഴുതുകൾ മാത്രമാണ് അർജന്റീന പ്രതിരോധത്തെ മറികടന്ന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞത്. അവസാന നിമിഷങ്ങളിൽ വന്ന ഒരു ഷോട്ടൊഴികെ ഗോളിലേക്ക് മറ്റൊരു ഷോട്ടുതിർക്കാൻ ഓസ്ട്രേലിയൻ മുന്നേറ്റനിരക്കു കഴിഞ്ഞിട്ടില്ല.

Rate this post