അൽ റിയാദ് ഇലവനും പിഎസ്‌ജിയും തമ്മിൽ നടന്ന സൗഹൃദമത്സരത്തിനു ശേഷം ലയണൽ മെസിയും റൊണാൾഡോയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചാണ് ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത്. മത്സരത്തിനു ശേഷം രണ്ടു താരങ്ങളും അവരുടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്‌ത ചിത്രങ്ങളും വീഡിയോയും തന്നെയാണ് ഇതിനു കാരണം. കളിക്കളത്തിൽ എതിരാളികളായ തങ്ങൾ അതിനു പുറത്ത് സുഹൃത്തുക്കളാണെന്ന് അവരുടെ പോസ്റ്റുകൾ തെളിയിക്കുന്നു.
റൊണാൾഡോ തന്റെ ട്വിറ്റർ പേജിൽ പഴയ സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നെല്ലാം കുറിച്ച് ഇട്ട പോസ്റ്റിൽ റാമോസ്, നവാസ് എന്നിവരെ പോലും ഉൾപ്പെടുത്താതെ ലയണൽ മെസിയുടെ ചിത്രം മാത്രമാണ് ഉൾപ്പെടുത്തിയത്. അതിനു പുറമെ ലയണൽ മെസി മത്സരത്തിനു ശേഷം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഇട്ട ഒരേയൊരു പോസ്റ്റും ആരാധകരുടെ മനസ് കവരുന്നതായിരുന്നു. റൊണാൾഡോയെ പുണരുന്നതിന്റെ വീഡിയോയാണ് താരം പങ്കു വെച്ചത്.
നിരവധി വർഷങ്ങൾ ഫുട്ബോൾ ലോകം ഭരിച്ച് പന്ത്രണ്ടു ബാലൺ ഡി ഓർ പങ്കിട്ടെടുത്ത താരങ്ങളാണ് മെസിയും റൊണാൾഡോയും. ഇവർ ആധിപത്യം പുലർത്തിയ കാലത്ത് മറ്റൊരു താരവും ഇവരെക്കാൾ മുന്നിലെത്തിയിട്ടില്ല. ഒരുപാട് കാലം തങ്ങളുടെ ഫോം നിലനിർത്തി കൊണ്ടു പോകാൻ കഴിഞ്ഞുവെന്നത് ഈ താരങ്ങളുടെ ആധിപത്യത്തിന് കാരണമായിട്ടുണ്ട്. ഫോം നിലനിർത്തിപോകാൻ ഇവർ തമ്മിലുള്ള മത്സരം സഹായിച്ചിട്ടുമുണ്ട്.
MESSI JUST POSTED HIM AND RONALDO HUGGING ON HIS STORY CAUSE IT WAS THEIR LAST MATCH TOGETHER…BRB CRYING#PSGRiyadhSeasonTeam #AlNassr pic.twitter.com/rKLGXA1c8z
— celíne.سيلين (@celienecherry) January 19, 2023
ഇവർ തമ്മിലുള്ള മത്സരം ഫുട്ബോൾ ആരാധകരെ തന്നെ രണ്ടു വിഭാഗമാക്കി മാറ്റിയിരുന്നു. എന്നാൽ തങ്ങളുടെ മത്സരം കളിക്കളത്തിൽ മാത്രമാണുള്ളതെന്നും അതിനു പുറത്തേക്ക് അതൊന്നും ബാധിക്കുന്നില്ലെന്നും ഇന്നലത്തെ മത്സരത്തിനു ശേഷം താരങ്ങൾ ഇട്ട പോസ്റ്റുകൾ വ്യക്തമാക്കുന്നു. എതിരാളികളായി കണ്ട ഫുട്ബോൾ ലോകത്തെ സൂപ്പർതാരങ്ങൾ സൗഹൃദം പങ്കു വെക്കുന്നത് ആരാധകർക്കും സന്തോഷം നൽകുന്ന കാര്യം തന്നെയാണ്.