മെസ്സിയെന്ന ഇതിഹാസത്തിന് ആദരം,ക്യാമ്പ് നൗവിന് വെളിയിൽ താരത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ലാപോർട്ട

എഫ്സി ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച താരം ലയണൽ മെസ്സിയാണ് എന്ന കാര്യത്തിൽ തർക്കമില്ല.ഏകദേശം 20 വർഷത്തോളമാണ് ലയണൽ മെസ്സി ബാഴ്സയുടെ ജീവനാഡിയായി നിലകൊണ്ടത്. ഒടുവിൽ സാമ്പത്തിക പ്രതിസന്ധി കാരണം മെസ്സിക്ക് കരഞ്ഞു കൊണ്ട് ബാഴ്സയുടെ പടികൾ ഇറങ്ങേണ്ടി വരികയായിരുന്നു.

എന്നാൽ മെസ്സി എന്ന ഇതിഹാസത്തെ ബാഴ്സയോ ബാഴ്സ ആരാധകരോ മറന്നിട്ടില്ല.അദ്ദേഹം ബാഴ്സയിലേക്ക് തന്നെ തിരികെ എത്താൻ എല്ലാവരും ആഗ്രഹിക്കുന്നു. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ ബാഴ്സ ആരംഭിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജി വിട്ട് നൽകുമോ എന്നുള്ളതും കണ്ടറിയേണ്ട കാര്യമാണ്.

പക്ഷേ മെസ്സിയെ അനശ്വരനാക്കാൻ ബാഴ്സ ഇപ്പോൾ തീരുമാനിച്ചു കഴിഞ്ഞു. അതായത് ബാഴ്സയുടെ വേദിയായ ക്യാമ്പ് നൗവിന്റെ വെളിയിൽ മെസ്സിയോടുള്ള ബഹുമാനസൂചകമായി അദ്ദേഹത്തിന്റെ പ്രതിമ നിർമ്മിക്കാനാണ് ബാഴ്സ തീരുമാനമെടുത്തിട്ടുള്ളത്. ക്ലബ്ബിന്റെ ജനറൽ അസംബ്ലിയിൽ ക്ലബ്ബ് പ്രസിഡണ്ടാണ് ഇക്കാര്യം പറഞ്ഞത്.

‘ ക്യാമ്പ് നൗവിന്റെ വെളിയിൽ ലയണൽ മെസ്സിയുടെ ഒരു പ്രതിമ സ്ഥാപിക്കും. ഇതിനുള്ള തീരുമാനം ഇപ്പോൾ ക്ലബ്ബാണ് എടുത്തിട്ടുള്ളത് ‘ ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട ക്ലബ്ബിന്റെ ജനറൽ അസംബ്ലിയിൽ അറിയിച്ചു.

ലയണൽ മെസ്സി അർഹിക്കുന്ന ഒരു ആദരം തന്നെയാണ് ഇപ്പോൾ ബാഴ്സ അദ്ദേഹത്തിന് നൽകാൻ ഒരുങ്ങി നിൽക്കുന്നത്. കാരണം അത്രയേറെ കാലം ബാഴ്സയെ ചുമലിലേറ്റിയ മനുഷ്യനാണ് മെസ്സി. കഴിഞ്ഞ 20 വർഷത്തിനിടയിൽ എന്തൊക്കെ നേട്ടങ്ങൾ ബാഴ്‌സ കരസ്ഥമാക്കിയിട്ടുണ്ടോ അതിൽ മെസ്സിയുടെ പങ്ക് നിസ്തുലമാണ്.അത്കൊണ്ട് തന്നെ മെസ്സി തീർച്ചയായും ഈ ആദരം അർഹിക്കുന്നുണ്ട്.

Rate this post
Fc BarcelonaLionel Messi