മറ്റൊരു മത്സരം, മറ്റൊരു മാസ്റ്റർ ക്ലാസ്, കളം നിറഞ്ഞത് മെസ്സി തന്നെ,വീഡിയോ കാണൂ |Lionel Messi

ഫ്രഞ്ച് ലീഗിലെ തങ്ങളുടെ എട്ടാമത്തെ മത്സരമായിരുന്നു കഴിഞ്ഞ ദിവസം പിഎസ്ജി പൂർത്തിയാക്കിയിരുന്നത്. താരതമ്യേന കരുത്തരായ ലിയോണിനെതിരെ ഒരു ഗോളിനാണ് പിഎസ്ജി വിജയിച്ചു കയറിയിട്ടുള്ളത്. മെസ്സിയുടെ ഗോൾ തന്നെയാണ് പിഎസ്ജിക്ക് ഈ മത്സരത്തിൽ വിജയം നേടി കൊടുത്തിട്ടുള്ളത്.

ഒരു ഗോളിൽ മാത്രം ഒതുങ്ങുന്നതല്ല ലയണൽ മെസ്സിയുടെ ലിയോണിനെതിരെയുള്ള മത്സരത്തിലെ പ്രകടനം. കളം നിറഞ്ഞു കളിച്ചത് മെസ്സി തന്നെയായിരുന്നു. പ്ലേ മേക്കർ റോളിൽ പിഎസ്ജിയുടെ കളിയുടെ ഗതി തന്നെ നിയന്ത്രിച്ചിരുന്നത് മെസ്സിയായിരുന്നു. മാത്രമല്ല മികച്ച അവസരങ്ങൾ സഹതാരങ്ങൾക്ക് മെസ്സി ഒരുക്കുകയും ചെയ്തിട്ടുണ്ട്.

അഞ്ചാം മിനിറ്റിലാണ് മെസ്സിയുടെ ഗോൾ പിറന്നത്.നെയ്മർക്ക് നൽകിയ പന്ത് മെസ്സി തന്നെ തിരികെ വാങ്ങി ഉടൻ തന്നെ തൊടുത്ത ഷോട്ട് ഗോൾകീപ്പർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്നേ വലയിൽ കയറുകയായിരുന്നു.ഈ ഗോളിന് ശേഷവും മാസ്മരിക പ്രകടനമാണ് മെസ്സി കാഴ്ചവച്ചത്. സഹതാരങ്ങളായ ഹക്കീമി,എംബപ്പേ എന്നിവർക്ക് മികച്ച രണ്ട് ത്രൂ ബോളുകൾ നൽകാൻ മെസ്സിക്ക് സാധിച്ചിരുന്നു. അതിനുപുറമേ ലക്ഷ്യത്തിലേക്ക് നിരവധി തവണ മെസ്സി ഷോട്ട് ഉതിർക്കുകയും ചെയ്തു.

ലിയോൺ ഗോൾകീപ്പറുടെ മികച്ച ഇടപെടലുകളാണ് പലപ്പോഴും മെസ്സിക്ക് ഗോൾ നിഷേധിച്ചിട്ടുള്ളത്. ലിയോണിനെതിരെയുള്ള മത്സരത്തിൽ എടുത്തുപറയേണ്ടത് ലിയോ മെസ്സി അവസാനത്തിൽ എടുത്ത ഫ്രീകിക്കാണ്.ഗോളെന്നുറച്ച മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ലിയോൺ ഗോൾകീപ്പർ അതിസാഹസികമായി തട്ടിയകറ്റുകയായിരുന്നു. ഗോൾകീപ്പർ പരാജയപ്പെട്ടിരുന്നുവെങ്കിൽ വളരെ മനോഹരമായ ഒരു ഫ്രീകിക്ക് ഗോൾ ആരാധകർക്ക് ആസ്വദിക്കാൻ ലഭിക്കുമായിരുന്നു.

ഏതായാലും ഇന്റർനാഷണൽ ബ്രേക്കിന് പിരിയുമ്പോൾ വളരെ മികച്ച കണക്കുകൾ മെസ്സിക്ക് അവകാശപ്പെടാനുണ്ട്. ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി ആറു ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. മെസ്സിയുടെ ഈ മികവാർന്ന പ്രകടനം ഇനി ഉപയോഗപ്പെടുക അർജന്റീനക്കാണ്.ഹോണ്ടുറാസ്,ജമൈക്ക എന്നിവർക്കെതിരെയാണ് അർജന്റീന സൗഹൃദമത്സരം കളിക്കുന്നത്.

Rate this post