പിഎസ്ജി പരിശീലന സെഷനിൽ പങ്കെടുക്കാതെ വിട്ടു നിന്ന് ലയണൽ മെസ്സി, അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല

ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വളരെ ശക്തമായി ഉയർന്നു വന്നുകൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. നേരത്തെ ഖത്തർ ലോകകപ്പിനു ശേഷം മെസി പിഎസ്‌ജി കരാർ പുതുക്കുമെന്ന റിപ്പോർട്ടുകളാണ് ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ ലയണൽ മെസി പിഎസ്‌ജി വിടാനുള്ള സാധ്യതകളാണ് കൂടുതൽ ഉയർന്നു കേൾക്കുന്നത്.

അതിനിടയിൽ ലയണൽ മെസി കഴിഞ്ഞ ദിവസം നടന്ന പിഎസ്‌ജി ട്രെയിനിങ് സെഷനിൽ നിന്നും വിട്ടു നിന്നത് ആരാധകരിൽ ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. സെർജിയോ റാമോസ് പരിക്ക് കാരണം പരിശീലനത്തിൽ പങ്കെടുക്കാതിരുന്നതിനു പുറമെയാണ് മെസിയും വിട്ടു നിന്നത്. എന്നാൽ അർജന്റീന താരം വിട്ടു നിന്നതിന്റെ കാരണം വ്യക്തമല്ല.

കഴിഞ്ഞ മാസം കാലിനേറ്റ പരിക്ക് കാരണം ഏതാനും മത്സരങ്ങൾ ലയണൽ മെസിക്ക് നഷ്‌ടമായിരുന്നു. ഇതിനു പുറമെ മറ്റു ചില പരിക്കിന്റെ അസ്വസ്ഥതകളും മെസിക്കുണ്ട്. എങ്കിലും ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന മെസി പതിമൂന്നു ഗോളുകളും പതിമൂന്ന് അസിസ്റ്റുകളും ഫ്രഞ്ച് ലീഗിൽ സ്വന്തമാക്കിയിട്ടുണ്ട്.

മെസി ട്രൈനിങ്ങിൽ നിന്നും വിട്ടു നിൽക്കുന്നത് പരിക്ക് കാരണമാണോ അതോ ക്ലബുമായുള്ള എന്തെങ്കിലും പ്രശ്‌നങ്ങളുടെ ഭാഗമായാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. താരത്തിന്റെ ഭാവിയുടെ കാര്യത്തിൽ അനിശ്ചിതത്വം പുകയുന്നതു കൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വാർത്തകൾ പുറത്തു വരുന്നുണ്ട്.

ഫ്രഞ്ച് ലീഗിൽ റെന്നെസിനെതിരെയാണ് പിഎസ്‌ജി കളിക്കാനിറങ്ങുന്നത്. ഈ മത്സരത്തിൽ നിരവധി താരങ്ങൾ കളിക്കാൻ സാധ്യതയില്ല. മെസി റാമോസ് എന്നിവർക്ക് പുറമെ നായകനായ മാർക്വിന്യോസ്, റൈറ്റ് ബാക്കായ അഷ്‌റഫ് ഹക്കിമി, സ്‌ട്രൈക്കറായ മുക്കിയെലെ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. നെയ്‌മർ ഈ സീസൺ മുഴുവൻ ഇനി കളിക്കില്ലെന്നും വ്യക്തമായിരുന്നു.

Rate this post