ലോകകപ്പിന് ശേഷമുള്ള ഉജ്ജ്വല ഫോം റാഷ്‌ഫോഡ് തുടരുന്നു, റൊണാൾഡോയുടെ റെക്കോർഡ് തകർത്തു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്രതീക്ഷകൾ നഷ്‌ടമായ മാഞ്ചസ്റ്റർ യുണൈറ്റഡ് പക്ഷെ യൂറോപ്പ ലീഗിൽ കിരീടം സ്വന്തമാക്കുമെന്ന കാര്യത്തിൽ പൂർണ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി രണ്ടു പാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയം നേടിയാണ് അവർ ക്വാർട്ടർ ഫൈനലിൽ എത്തിയത്.

മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ നേടിയ മാർക്കസ് റാഷ്‌ഫോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് തകർക്കുകയുണ്ടായി. മാഞ്ചസ്റ്റർ യുണൈറ്റഡിനായി റൊണാൾഡോ നേടിയ യൂറോപ്യൻ ഗോളുകളുടെ റെക്കോർഡാണ് റാഷ്‌ഫോഡ് സ്വന്തമാക്കിയത്. റൊണാൾഡോ ഇരുപത്തിനാലു ഗോളുകൾ നേടിയപ്പോൾ റാഷ്‌ഫോഡിനിപ്പോൾ ഇരുപത്തിയഞ്ചു ഗോളുകളുണ്ട്.

ഖത്തർ ലോകകപ്പിന് ശേഷം തകർപ്പൻ ഫോമിലാണ് ഇംഗ്ലീഷ് താരം കളിച്ചു കൊണ്ടിരിക്കുന്നത്. ലോകകപ്പിന് ശേഷം മാത്രം ഇരുപത്തിനാലു മത്സരങ്ങളിൽ നിന്നും പത്തൊൻപതു ഗോളുകൾ താരം നേടി. റാഷ്‌ഫോഡിന്റെ ഫോം താരം നേടുന്ന ഗോളുകളുടെ എണ്ണം തന്നെ തെളിയിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് ശേഷം എറിക് ടെൻ ഹാഗ് പറഞ്ഞത്.

മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം നടത്തിയ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. ഒരുപാട് അവസരങ്ങൾ ടീം സൃഷ്‌ടിക്കുന്നത് പോസിറ്റിവായ കാര്യമാണെന്നും അത് ഗോളുകൾ നേടാനുള്ള സാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മധ്യനിരയിൽ മികച്ച പ്രകടനം നടത്തിയ പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസിനെയും എറിക് ടെൻ ഹാഗ് പ്രശംസിച്ചു.

നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എങ്കിലും അവർക്ക് കിരീടം നേടാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ടു തന്നെ യൂറോപ്പ ലീഗ് നേടാൻ ടീം പരമാവധി ശ്രമിക്കും. ആഴ്‌സണൽ പുറത്തായതോടെ വമ്പൻ എതിരാളികളിൽ ഒന്നിനെ നഷ്ടമായ യുണൈറ്റഡിന് ഇനി യുവന്റസ്, റോമ ടീമുകളാവും വെല്ലുവിളി ഉയർത്തുക.

Rate this post