ഇനിയും തീരാത്ത രോഷം, ലയണൽ മെസിയെ കൂക്കി വിളിച്ച് പിഎസ്‌ജി ആരാധകർ |Lionel Messi

സൗദി അറേബ്യൻ യാത്രയും അതിന്റെ പേരിലുണ്ടായ വിവാദങ്ങളും പിഎസ്‌ജിയുടെ ശിക്ഷാനടപടിയും എല്ലാം കഴിഞ്ഞതിനു ശേഷം പിഎസ്‌ജിക്കു വേണ്ടി ഇറങ്ങിയ ആദ്യമത്സരത്തിൽ തന്നെ ലയണൽ മെസിയെ കൂക്കിവിളിച്ച് ആരാധകർ. കഴിഞ്ഞ ദിവസം അയാക്കിയോക്കെതിരെ നടന്ന ലീഗ് മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയ താരത്തിന് മികച്ച സ്വീകരണമല്ല ആരാധകരിൽ നിന്നും ലഭിച്ചത്.

സൗദി അറേബ്യൻ യാത്രയുടെ പേരിൽ ലയണൽ മെസിക്കെതിരെ ക്ലബ് രണ്ടാഴ്‌ചയാണ് സസ്‌പെൻഷൻ പ്രഖ്യാപിച്ചത്. എന്നാൽ അതിനു പിന്നാലെ ലയണൽ മെസി സഹതാരങ്ങളോട് ക്ഷമാപണം നടത്തിയിരുന്നു. ഇതോടെ സസ്‌പെൻഷൻ പിൻവലിച്ചതിനെ തുടർന്നാണ് മെസി കളിക്കളത്തിൽ ഇറങ്ങിയത്. എന്നാൽ മാപ്പ് പറഞ്ഞിട്ടും ആരാധകരുടെ രോഷം തീർന്നില്ലെന്നാണ് ഇന്നലെ നടന്ന സംഭവം വ്യക്തമാക്കുന്നത്.

സ്റ്റേഡിയം അന്നൗൺസർ ലൈനപ്പിൽ ലയണൽ മെസിയുടെ പേരു വിളിച്ചു പറഞ്ഞതോടെയാണ് ആരാധകർ കൂക്കി വിളിച്ചത്. ഇതാദ്യമായല്ല ലയണൽ മെസിക്കെതിരെ ആരാധകർ പ്രതിഷേധം ഉയർത്തുന്നത്. പിഎസ്‌ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിന്നാലെ തുടർച്ചയായ മൂന്നു മത്സരങ്ങളിലാണ് മെസിയെ ആരാധകർ കൂക്കി വിളിച്ചത്. താരത്തോടുള്ള അതൃപ്‌തി ഇതിൽ നിന്നും വ്യക്തമാണ്.

എന്നാൽ ലയണൽ മെസിക്കെതിരെയുള്ള ആരാധകരുടെ പ്രതിഷേധം താരത്തിന്റെ മോശം പ്രകടനം കൊണ്ടല്ല. മറിച്ച് ലയണൽ മെസിയുടെ അർജന്റീനയോട് ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ തോൽവി വഴങ്ങിയിരുന്നു. ഇതിന്റെ കൂടി രോഷമാണ് ആരാധകർ കാണിക്കുന്നത്. അതുകൊണ്ടു തന്നെ പിഎസ്‌ജി ആരാധകർക്കെതിരെ വിമർശനവും ഉയരുന്നുണ്ട്.

ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് പിഎസ്‌ജി നേടിയത്. എംബാപ്പെ രണ്ടു ഗോളുകൾ നേടിയപ്പോൾ ഫാബിയാൻ റൂയിസ്, അഷ്‌റഫ് ഹക്കിമി എന്നിവരും മുഹമ്മദ് യൂസഫിന്റെ സെൽഫ് ഗോളുമാണ് പിഎസ്‌ജിക്ക് വിജയം നൽകിയത്. മെസി ഗോളും അസിസ്റ്റും സ്വന്തമാക്കിയില്ലെങ്കിലും മികച്ച പ്രകടനം മത്സരത്തിൽ നടത്തുകയുണ്ടായി.

Rate this post
Lionel Messi