‘ലക്ഷ്യത്തിൽ എത്താൻ സമയമെടുത്തു, പക്ഷേ എനിക്ക് സംഭവിച്ച ഏറ്റവും മനോഹരമായ കാര്യമാണിത്’ : ലയണൽ മെസ്സി

2023 ലെ ലോറസ് വേൾഡ് സ്‌പോർട്‌സ് അവാർഡ് ദാന ചടങ്ങിലെ ലയണൽ മെസ്സിയുടെ വിജയം എക്കാലത്തെയും മികച്ച ഫുട്‌ബോൾ കളിക്കാരിൽ ഒരാളെന്ന പദവി വീണ്ടും ഉറപ്പിച്ചു. പിച്ചിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങൾ, പ്രത്യേകിച്ച് അർജന്റീനയെ ഫിഫ ലോകകപ്പ് മഹത്വത്തിലേക്ക് നയിച്ചത്, അദ്ദേഹത്തെ സ്പോർട്സ്മാൻ ഓഫ് ദ ഇയർ അവാർഡിന് അർഹനാക്കി.

അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഈ അംഗീകാരത്തിന് നന്ദി അറിയിക്കുകയും ലോകകപ്പ് നേടുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള തന്റെ യാത്രയെക്കുറിച്ച് അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. ബാഴ്‌സലോണയിലും ദേശീയ ടീമിലും താൻ അനുഭവിച്ച ഉയർച്ച താഴ്ചകൾ ഉൾപ്പെടെ പ്രതിബന്ധങ്ങളും വഴിയിൽ പഠിച്ച പാഠങ്ങളെക്കുറിച്ചും മെസ്സി പ്രതിപാദിച്ചു.”ഞാൻ ഈ ആഘോഷത്തിൽ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. ഞാൻ വളരെയധികം ആരാധിക്കുന്ന, ഈ വമ്പൻ കായികതാരങ്ങളുമായി ഒരു നോമിനേഷൻ പങ്കിടുന്നത് എനിക്ക് ഒരു ബഹുമതിയാണ്, ”മെസ്സി പറഞ്ഞു.

ഈ നേട്ടത്തിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞ ലയണൽ മെസി 2021 മുതൽ തന്നെ സ്വീകരിച്ച പാരീസിൽ വെച്ചാണ് ചടങ്ങ് നടന്നത് എന്നതിനാൽ ഈ നേട്ടം കൂടുതൽ ആഹ്ളാദകരമാണെന്നും വെളിപ്പെടുത്തി. അർജന്റീന താരങ്ങളോട് മാത്രമല്ല, പിഎസ്‌ജിയിലെ സഹതാരങ്ങളോടും നന്ദി പറഞ്ഞ മെസി ഇതൊന്നും ഒറ്റക്ക് നേടാൻ കഴിയുമായിരുന്നില്ലെന്നും എല്ലാവരുമായും ഇത് പങ്കു വെക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു.

“ഇത്തരത്തിലുള്ള അംഗീകാരം ലഭിക്കുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണ്, ഈ വർഷം എന്റെ മഹത്തായ സ്വപ്നം സാക്ഷാത്കരിക്കാൻ ലോകകപ്പിലൂടെ സാധിച്ചു. അതിനായി ഞാൻ ഒരുപാട് കാര്യങ്ങൾ സഹിച്ചു എന്റെ കരിയറിൽ മുഴുവനും ചിലവഴിച്ചത് അതിനു വേണ്ടിയായിരുന്നു.അതിനിടയിൽ ഞാൻ എല്ലാത്തിലൂടെയും കടന്നുപോയി, ബാഴ്‌സലോണയ്‌ക്കൊപ്പം നിരവധി സന്തോഷങ്ങളും ദേശീയ ടീമിനൊപ്പം നിരവധി സങ്കടങ്ങളും, പക്ഷേ ഞാൻ ഒരിക്കലും നിർത്തിയില്ല, എല്ലാം എനിക്ക് ഒരു പാഠമായിരുന്നു, ”മെസ്സി പറഞ്ഞു.

“ലക്ഷ്യത്തിൽ എത്താൻ സമയമെടുത്തു, പക്ഷേ എനിക്ക് സംഭവിച്ച ഏറ്റവും മനോഹരമായ കാര്യമാണിത്, ഈ അവാർഡ് അർജന്റീനയ്ക്ക് എല്ലാവർക്കുമായി സമർപ്പിക്കുന്നു.വളരെ നന്ദി,” മെസ്സി തന്റെ പ്രസംഗത്തിൽ പറഞ്ഞു. സ്‌പോർട്‌സ്മാൻ ഓഫ് ദ ഇയർ പുരസ്‌കാരം രണ്ടാം തവണയും നേടുന്നതിൽ മെസ്സിയുടെ വിജയം, കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ അസാധാരണമായ കഴിവിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണ്.

ലോകമെമ്പാടുമുള്ള നിരവധി യുവ ഫുട്ബോൾ താരങ്ങൾക്ക് മഹത്വം കൈവരിക്കാൻ അദ്ദേഹം ഒരു മാതൃകയാണ്. അവാർഡ് ദാന ചടങ്ങിലെ അദ്ദേഹത്തിന്റെ പ്രസംഗം പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവർക്ക് പ്രചോദനവും കഠിനാധ്വാനവും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുമെന്ന ഓർമ്മപ്പെടുത്തലുമാണ്.

5/5 - (1 vote)
Lionel Messi