റൊണാൾഡോയുടെ ഓരോ റെക്കോർഡുകളും കടപുഴക്കി ലയണൽ മെസ്സിയുടെ മുന്നേറ്റം |Lionel Messi

ലീഗ് 1 ൽ ലെൻസിനെതിരെ നേടിയ നിർണായക വിജയത്തോടെ കിരീടത്തിലേക്ക് എടുത്തിരിക്കുകയാണ് പിഎസ്ജി.സൂപ്പർ താരം ലയണൽ മെസ്സി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയമാണ് പിഎസ്ജി സ്വന്തമാക്കിയത്.വിജയത്തോടെ PSG അവരുടെ 11-ാം ലീഗ് കിരീടം ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്.ഏഴ് മത്സരങ്ങൾ മാത്രം ശേഷിക്കെ ലീഗിൽ 9 പോയിന്റിന്റെ ലീഡാണ് പിഎസ്ജിക്ക് ഉള്ളത്.ലയണൽ മെസ്സി,കിലിയൻ എംബപ്പേ,വീറ്റിഞ്ഞ എന്നിവരാണ് മത്സരത്തിൽ ഗോളുകൾ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ എംബാപ്പയുടെ പാസിൽ നിന്നും മെസ്സി നേടിയ ഗോൾ മനോഹരമായിരുന്നു.മെസി തന്നെ നടത്തിയ ഒരു മുന്നേറ്റത്തിനൊടുവിൽ എംബാപ്പെയോട് വൺ ടച്ച് കളിച്ച് മുന്നേറിയ താരം ബോക്‌സിലെത്തുമ്പോൾ എംബാപ്പെ ബാക്ക്ഹീൽ അസിസ്റ്റ് വഴിയാണ് പന്തെത്തിച്ചത്. മെസി അത് മനോഹരമായി ഫിനിഷ് ചെയ്യുകയും ചെയ്‌തു. രണ്ടു താരങ്ങളുടെയും വ്യക്തിഗത മികവിനെ വെളിപ്പെടുത്തുന്ന ഗോളായിരുന്നു അത്.ഈ സീസണിലെ ഫ്രഞ്ച് ലീഗിൽ മെസ്സി നേടുന്ന പതിനഞ്ചാമത്തെ ഗോൾ ആണിത്.എല്ലാ കോമ്പറ്റീഷനിലുമായി ക്ലബ്ബിന് വേണ്ടി ആകെ 20 ഗോളുകൾ മെസ്സി പൂർത്തിയാക്കുകയും ചെയ്തു.

ഈ ഗോളോട് കൂടി മെസ്സി മറ്റൊരു നേട്ടത്തിലേക്ക് എത്തിയിട്ടുണ്ട്.അതായത് യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം മെസ്സി ഇപ്പോൾ പങ്കിടുകയാണ്.495 ഗോളുകളാണ് മെസ്സിയും റൊണാൾഡോയും യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ നേടിയിട്ടുള്ളത്.ക്രിസ്റ്റ്യാനോയേക്കാൾ 54 മത്സരങ്ങൾ കുറച്ചു കളിച്ചു കൊണ്ടാണ് മെസ്സി ഈ നേട്ടത്തിലേക്ക് എത്തിയിട്ടുള്ളത് എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്.അടുത്ത ലീഗ് മത്സരത്തിൽ ഗോൾ കണ്ടെത്താൻ കഴിഞ്ഞാൽ ക്രിസ്റ്റ്യാനോയെ പിന്തള്ളിക്കൊണ്ട് ഒന്നാം സ്ഥാനം ഒറ്റക്ക് കരസ്ഥമാക്കാൻ കഴിയും.

യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗിലെ ക്ലബ്ബുകൾക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് നേരത്തെ തന്നെ ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു.701 ഗോളുകൾ നേടിയിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു മെസ്സി മറികടന്നിരുന്നത്.നിലവിൽ 703 ഗോളുകളാണ് യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗ് ക്ലബ്ബുകൾക്ക് വേണ്ടി മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. ഓരോ മത്സരം കൂടുന്തോറും പുതിയ പുതിയ റെക്കോർഡുകൾ കൈപ്പിടിയിൽ ഒതുക്കുന്ന മെസ്സിയെയാണ് നമുക്കിപ്പോൾ കാണാൻ കഴിയുക.

ഇനി പിഎസ്ജി തങ്ങളുടെ അടുത്ത മത്സരം ആങ്കേഴ്സിനെതിരെയാണ് കളിക്കുക.അതേസമയം ഇന്നലത്തെ മത്സരത്തിനു ശേഷവും പിഎസ്ജി ആരാധകരെ അഭിവാദ്യം ചെയ്യാൻ വിസമ്മതിച്ചുകൊണ്ട് മെസ്സി നേരെ ഡ്രസിങ് റൂമിലേക്ക് പോയിരുന്നു.മെസ്സി പാരീസ് വിടാൻ തന്നെയാണ് ഇപ്പോഴും സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.

Rate this post
Cristiano RonaldoLionel Messi