2022 ഫിഫ ലോകകപ്പ് അടുത്തുവരികയാണ്.നവംബർ അവസാനത്തോടെ വേൾഡ് കപ്പിന് ഖത്തറിൽ തിരി തെളിയും. രണ്ടു തവണ ചാമ്പ്യന്മാരായ അര്ജന്റീന വലിയ പ്രതീക്ഷകളോടെയാണ് ഇത്തവണ വേൾഡ് കപ്പിനെത്തുന്നത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ മിന്നുന്ന ഫോം തന്നെയാണ് ഇതിനു പിന്നിലെ പ്രധാന കാരണം.
കോപ്പ അമേരിക്ക കിരീടം നേടികൊടുത്തതിന് പിന്നാലെ വേൾഡ് കപ്പ് കൂടി മെസ്സിയിലൂടെ അര്ജന്റീന നേടും എന്ന് തന്നെയാണ് എല്ലാ ആരാധകരും പ്രതീക്ഷിക്കുന്നത്. മെസ്സിയെ സംബന്ധിച്ചിടത്തോളം കിരീടം നേടുകയാണ് ലക്ഷ്യമെങ്കിലും ടൂർണമെന്റിൽ 35-കാരന് മുന്നിൽ നിരവധി റെക്കോർഡുകളാണ് കാത്തിരിക്കുന്നത്.ഒരുപക്ഷേ മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പ് ആയി കൊണ്ട് വിലയിരുത്തപ്പെടുന്ന ഈ ഖത്തർ വേൾഡ് കപ്പിൽ മെസ്സിക്ക് പലതും തെളിയിക്കേണ്ടതുണ്ട്.
അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ വേൾഡ് കപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ഇതിഹാസ താരം മറഡോണയുടെ പേരിലാണ്.21 മത്സരങ്ങളാണ് അദ്ദേഹം വേൾഡ് കപ്പിൽ കളിച്ചിട്ടുള്ളത്.മറ്റൊരു ഇതിഹാസമായ ഹവിയർ മഷെരാനോ അർജന്റീനക്ക് വേണ്ടി 20 വേൾഡ് കപ്പ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.തൊട്ട് പുറകിലാണ് മെസ്സി ഇപ്പോൾ ഉള്ളത്. 19 വേൾഡ് കപ്പ് മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്.ഈ ഖത്തർ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും മെസ്സി കളിക്കുകയാണെങ്കിൽ ഈ റെക്കോർഡ് മെസ്സിയുടെ പേരിലാവും.വേൾഡ് കപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ജർമ്മൻ ഇതിഹാസമായ ലോതർ മത്തെയൂസ് ആണ്.
25 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഈ റെക്കോർഡ് മെസ്സി സ്വന്തമാക്കണമെങ്കിൽ മെസ്സി ഏഴ് മത്സരങ്ങൾ കളിക്കേണ്ടി വരും. അർജന്റീന ഫൈനലിൽ എത്തുകയോ അതല്ലെങ്കിൽ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ പങ്കെടുക്കുകയോ ചെയ്യുകയും ഈ മത്സരങ്ങൾ എല്ലാം തന്നെ മെസ്സി കളിക്കുകയും ചെയ്താൽ ഈ റെക്കോർഡ് മെസ്സിയുടെ പേരിലാകും.അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ വേൾഡ് കപ്പിൽ നേടിയ താരമെന്ന റെക്കോർഡ് ആണ്.ബാറ്റിസ്റ്റൂട്ടയാണ് 10 ഗോളുകൾ നേടി കൊണ്ട് ഈ റെക്കോർഡ് കയ്യടക്കി വെച്ചിരിക്കുന്നത്. 6 ഗോളുകൾ ഇതുവരെ നേടിയിട്ടുള്ള മെസ്സിക്ക് 5 ഗോളുകൾ കൂടി നേടുകയാണെങ്കിൽ ഈ റെക്കോർഡ് സ്വന്തം പേരിലാക്കാം.
മാത്രമല്ല ഈ ഖത്തർ വേൾഡ് കപ്പിൽ പങ്കെടുക്കുന്നതോടുകൂടി ഏറ്റവും കൂടുതൽ വേൾഡ് കപ്പ് കളിച്ച താരങ്ങളോടൊപ്പം റെക്കോർഡ് പങ്കിടുകയും ചെയ്യാൻ മെസ്സിക്ക് സാധിക്കും.ജർമ്മനി (2006), ദക്ഷിണാഫ്രിക്ക (2010), ബ്രസീൽ (2014), റഷ്യ (2018) എന്നിവിടങ്ങളിൽ 35 കാരനായ താരം കളിച്ചിട്ടുണ്ട്, ഖത്തർ മെസ്സിയുടെ അഞ്ചാം ലോകകപ്പ് ആണ് .നാല് വീതം ലോകകപ്പ് കളിച്ച മറഡോണയെയും ജാവിയർ മഷറാനോയെയും പിന്നിലാക്കാൻ സാധിക്കും.ലോകകപ്പിൽ ഏറ്റവും കൂടുതൽ മിനിറ്റ് കളിച്ചത് എന്ന റെക്കോർഡും മെസ്സിക്ക് സ്വന്തമാക്കാം.ഇറ്റാലിയൻ ഇതിഹാസം പൗലോ മാൽഡിനിയുടെ പേരിലാണ് ഈ റെക്കോർഡ് . 2,217 മിനിറ്റ് താരം വേൾഡ് കപ്പിൽ കളിച്ചത്.. അർജന്റീന ഈ വർഷം ഫൈനലിൽ എത്തുകയും ലയണൽ മെസ്സി അവരുടെ എല്ലാ മത്സരങ്ങളിലും 90 മിനിറ്റ് കളിക്കുകയും ചെയ്താൽ, മെസ്സി ലോകകപ്പിൽ 2,254 മിനിറ്റ് കളിച്ചിട്ടുണ്ടാകും, അങ്ങനെ മാൽഡിനിയുടെ റെക്കോർഡ് അദ്ദേഹം തകർക്കും.
ലോകകപ്പിൽ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന റെക്കോർഡും മെസ്സിക്ക് സ്വന്തമാക്കാം.നിലവിൽ അർജന്റീനയുടെ ക്യാപ്റ്റനെന്ന നിലയിൽ ലോകകപ്പിൽ 16 മത്സരങ്ങൾ കളിച്ച ഡീഗോ മറഡോണയുടെ പേരിലാണ് ഈ റെക്കോർഡ്. അർജന്റീനയുടെ ക്യാപ്റ്റനായി ലയണൽ മെസ്സി ഇതുവരെ ഫിഫ ലോകകപ്പിൽ 12 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ലാ ആൽബിസെലെസ്റ്റെ അവരുടെ എല്ലാ മത്സരങ്ങളിലും സെമിഫൈനലിലും എത്തിയാൽ മറഡോണയുടെ റെക്കോർഡ് അദ്ദേഹം തകർക്കും.ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾഡൻ ബോളുകൾ നേടിയത് എന്ന റെക്കോർഡും മെസ്സിക്ക് തകർക്കാം.ഇതുവരെ ഒരു കളിക്കാരനും രണ്ടുതവണ ഫിഫ ലോകകപ്പ് ഗോൾഡൻ ബോൾ നേടിയിട്ടില്ല. 2014 ലോകകപ്പിൽ ലയണൽ മെസ്സി ഇത് നേടിയിരുന്നു.ഈ വർഷം അത് വീണ്ടും നേടുകയാണെങ്കിൽ റെക്കോർഡ് സ്വന്തമാക്കാം.
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടാൻ മെസ്സിക്ക് സാധിക്കും.നിലവിൽ 8 അസിസ്റ്റുകളോടെ ഫിഫ ലോകകപ്പിൽ ഏറ്റവുമധികം അസിസ്റ്റ് നൽകിയ താരമെന്ന റെക്കോർഡ് ഡീഗോ മറഡോണയുടെ പേരിലാണ്. ലയണൽ മെസ്സി ഇതുവരെ FIFA ലോകകപ്പുകളിൽ 6 അസിസ്റ്റുകൾ നേടിയിട്ടുണ്ട്, 2022 FIFA ലോകകപ്പിൽ 3 അസിസ്റ്റുകൾ കൂടി നൽകിയാൽ, ആകെ 9 അസിസ്റ്റുകളുമായി ഈ റെക്കോർഡ് അദ്ദേഹം തകർക്കും.