തികച്ചും അപ്രതീക്ഷിതമായ ഒരു തോൽവിയാണ് അർജന്റീനക്ക് ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. ഏഷ്യൻ ടീമായ സൗദി അറേബ്യ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീനയെ അട്ടിമറിക്കുകയായിരുന്നു. വളരെ വലിയ പ്രതീക്ഷകളോട് കൂടി ഇറങ്ങിയ അർജന്റീനക്ക് വലിയ തിരിച്ചടിയാണ് ഈ പരാജയം ഏൽപ്പിച്ചിട്ടുള്ളത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലയണൽ മെസ്സിയുടെ പെനാൽറ്റി ഗോളിൽ അർജന്റീന മുന്നിലെത്തിയിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ താളം തെറ്റുകയായിരുന്നു.അൽ ഷെഹ്രി,അൽ ദവാസരി എന്നിവരുടെ ഗോളുകളാണ് അർജന്റീനക്ക് പരാജയം ഏൽപ്പിച്ചത്.
ഈ മത്സരത്തിനുശേഷം അർജന്റീനയുടെ നായകനായ ലയണൽ മെസ്സി ചില കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്.അർജന്റീനക്ക് ഇതൊരു വലിയ തിരിച്ചടിയാണ് എന്നുള്ള കാര്യം മെസ്സി സമ്മതിച്ചിട്ടുണ്ട്. പക്ഷേ ആരാധകർ അർജന്റീനയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തരുത് എന്നുള്ള ഒരു കാര്യവും മെസ്സി അഭ്യർത്ഥിച്ചിട്ടുണ്ട്.
‘ ഞങ്ങളെ എല്ലാവരെയും സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ ഒരു തിരിച്ചടിയാണ്. ഈ രീതിയിൽ അല്ല ഞങ്ങൾ തുടങ്ങാൻ പ്രതീക്ഷിച്ചത്.പക്ഷേ ചില കാരണങ്ങളാൽ ഇങ്ങനെ സംഭവിച്ചു പോയി.ഇനി വരുന്ന മത്സരങ്ങൾക്ക് ഞങ്ങൾ തയ്യാറെടുക്കേണ്ടതുണ്ട്.തീർച്ചയായും വരുന്ന മത്സരങ്ങൾ ഞങ്ങൾ വിജയിക്കേണ്ടതുണ്ട്. ആരാധകരോട് ഞങ്ങളിൽ വിശ്വസിക്കാൻ ഞാൻ ആവശ്യപ്പെടുന്നു. ഞങ്ങൾ നിരാശപ്പെടുത്തുകയില്ല ‘ ഇതാണ് ലയണൽ മെസ്സി മത്സരശേഷം പറഞ്ഞിട്ടുള്ളത്.
❗️Leo Messi: “I ask the fans to trust us… this group will not let them down.” @TNTSportsAR 🗣️🇦🇷
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 22, 2022
മെക്സിക്കോ, പോളണ്ട് എന്നിവരാണ് ഇനി അർജന്റീനയുടെ അടുത്ത എതിരാളികൾ.താരതമ്യേന ശക്തരായ എതിരാളികളാണ് പോളണ്ടും മെക്സിക്കോയും. അതുകൊണ്ടുതന്നെ അടുത്ത മത്സരങ്ങളിൽ അർജന്റീന സർവ്വം മറന്നു പോരാടേണ്ടതുണ്ട്.എന്നാൽ മാത്രമേ മുന്നോട്ടു പോവാൻ സാധിക്കുകയുള്ളൂ.