‘എന്തുകൊണ്ടാണ് മെസ്സി വിജയിച്ചത് ?’ : ലയണൽ മെസ്സിയുടെ ഫിഫ അവാർഡിനെച്ചൊല്ലിയുള്ള വിമർശനങ്ങളിൽ ലയണൽ സ്‌കലോനി | Lionel Messi

ഫിഫയുടെ ‘ദി ബെസ്റ്റ്’ പുരസ്‌കാര നിർണയം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.മികച്ച സ്ഥിതിവിവരക്കണക്കുകൾ ഇല്ലാതിരുന്നിട്ടും ലയണൽ മെസ്സി 2023 ലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. എർലിംഗ് ഹാലൻഡ്, കൈലിയൻ എംബാപ്പെ എന്നിവരെ മറികടന്നുള്ള മെസ്സിയുടെ വിജയം പലർക്കും ഉൾകൊള്ളാൻ സാധിച്ചിരുന്നില്ല.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള പലരും ഫിഫ അവാർഡുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഇപ്പോഴിതാ അർജൻ്റീനയുടെ മുഖ്യ പരിശീലകൻ ലയണൽ സ്‌കലോനി മെസ്സിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്.മാർക്കയുമായുള്ള ഒരു അഭിമുഖത്തിൽ ഫിഫയുടെ ‘ദി ബെസ്റ്റ്’ പുരസ്‌കാരം മെസി നേടിയതിനെക്കുറിച്ച് സ്കെലോണി സംസാരിച്ചു.

“ലിയോ മെസ്സിയുടെ ഫിഫ ദി ബെസ്റ്റ് അവാർഡിനെ കുറിച്ചുള്ള വിവാദത്തെ കുറിച്ചാണ് ചോദിക്കുന്നതെങ്കിൽ ഇത് ഫുട്ബോളിന് അപ്പുറമുള്ള വിഷയമാണെന്നാണ് ഞാൻ കരുതുന്നത്. എന്തുകൊണ്ടാണ് ലിയോ മെസ്സി ഫിഫ ദി ബെസ്റ്റ് വിജയിച്ചത് എന്ന് തർക്കിക്കേണ്ടതില്ല, അത് താരമായാലും പരിശീലകനായാലും അങ്ങനെ തന്നെ. ഇനി എംബാപ്പേയോ ഹാലണ്ടോ ഇത് വിജയിച്ചിരുന്നെങ്കിൽ ഇതുപോലെ തന്നെയായിരിക്കും കാര്യങ്ങൾ. ഇത് മീഡിയ കൈകാര്യം ചെയ്യുന്ന വിഷയങ്ങളാണ്. ഫുട്ബോളിനെ കുറിച്ച് നന്നായി അറിയാവുന്ന ആളുകൾ മെസ്സിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചതിനാൽ പിന്നീട് മെസ്സി എന്തുകൊണ്ട് വിജയിച്ചു എന്നത് തർക്കിക്കുന്നതിൽ കാര്യമില്ല.ദേശീയ ടീം ക്യാപ്റ്റൻമാർ, പരിശീലകർ, പ്രമുഖ മാധ്യമപ്രവർത്തകർ എന്നിവരുടേതായിരുന്നു വോട്ടുകൾ.” – അർജന്റീന പരിശീലകനായ ലയണൽ സ്കലോണി പറഞ്ഞു.

ലയണൽ മെസ്സിയുടെ വിജയത്തെക്കുറിച്ചുള്ള ഒരു വലിയ ചർച്ചാ വിഷയം അദ്ദേഹം കൂടുതലും MLS-ൽ കളിച്ചു എന്നതാണ്. ഹാലൻഡും എംബാപ്പെയും കളിച്ച യൂറോപ്യൻ ലീഗുകളെ അപേക്ഷിച്ച് ആ ലീഗ് താഴെ തട്ടിലാണ്.എന്നിരുന്നാലും താൻ കളിച്ച പകുതി സീസണിൽ പോലും, ഇൻ്റർ മിയാമിയെ അവരുടെ ആദ്യ കിരീടമായ ലീഗ്സ് കപ്പ് നേടാൻ സഹായിക്കുന്നതിലൂടെ ലയണൽ മെസ്സി തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു.2023-ൽ IFFHS-ലെ മികച്ച ഗോൾ സ്‌കോററായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഫിഫ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടില്ല.

Rate this post
Lionel Messi