“ഇനിയും പോരാടണം, ഇനിയും ആഘോഷിക്കണം”- അർജന്റീനയുടെ ലക്ഷ്യങ്ങൾ വെളിപ്പെടുത്തി സ്‌കലോണി |Argentina

2018 ലോകകപ്പിന് ശേഷം അർജന്റീന ടീമിന്റെ പരിശീലകനായി ലയണൽ സ്‌കലോണിയെത്തുമ്പോൾ വലിയ പ്രതീക്ഷയൊന്നും ആർക്കുമില്ലായിരുന്നു. എന്നാൽ അതു കഴിഞ്ഞ് അഞ്ചു വർഷത്തോളം പിന്നിടുമ്പോൾ അർജന്റീന ടീമിനൊപ്പം സാധ്യമായ മൂന്നു കിരീടങ്ങൾ അദ്ദേഹം സ്വന്തമാക്കി. 2019 കോപ്പ അമേരിക്കയിൽ മൂന്നാം സ്ഥാനമേ നേടാൻ കഴിഞ്ഞുള്ളൂവെങ്കിലും അതിനു ശേഷമുള്ള കോപ്പ അമേരിക്ക, ഫൈനലൈസിമ, ലോകകപ്പ് എന്നിവ അർജന്റീന നേടുകയുണ്ടായി.

അർജന്റീന ടീമിനൊപ്പം ഇനി നേടാനൊന്നും ബാക്കിയില്ലെങ്കിലും ഇവിടം കൊണ്ടൊന്നും അവസാനിക്കില്ലെന്നാണ് ലയണൽ സ്‌കലോണി പറയുന്നത്. കഴിഞ്ഞ ദിവസം കുറസാവോക്കെതിരെ നടന്ന സൗഹൃദമത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളിന്റെ വിജയം നേടിയതിനു ശേഷം സംസാരിക്കേ അർജന്റീന ഇനിയും പോരാടാനും കിരീടങ്ങൾ നേടി ആഘോഷങ്ങൾ തുടരാനുമാണ് ലക്ഷ്യമിടുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

“ഞങ്ങൾക്ക് ഇനിയും മത്സരിക്കണം, ഇനി വരാനിരിക്കുന്നവയിൽ അതു തന്നെയാണ് പ്രധാനപ്പെട്ട കാര്യം. ഞങ്ങൾ ആഘോഷങ്ങൾ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല, ഞങ്ങളുടെ രാജ്യം മുഴുവൻ ഇതിൽ സന്തോഷം കണ്ടെത്തുന്നുണ്ട്. പുറത്തു നിന്നും നോക്കുമ്പോൾ കായികപരമായ ഒരു തലത്തിലാണ് ഞങ്ങളതിനെ നോക്കിക്കാണുന്നത്, പന്ത് ചലിച്ചു കൊണ്ടിരിക്കുന്നുണ്ട്, ഞങ്ങളും അതിനൊപ്പം മുന്നോട്ടു പോവുകയാണ്.”

“എല്ലാ മത്സരങ്ങൾ പോലെയാണ് ഞങ്ങൾ ഇതിനും തയ്യാറെടുത്തത്, ചെറിയ എതിരാളികൾ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ലോകകപ്പിലെ ആദ്യത്തെ മത്സരം ഞങ്ങൾക്കതിൽ ഒരു പാഠം നൽകി. എല്ലായിപ്പോഴും ഒരേ ലക്ഷ്യമാണുള്ളത്, പൊരുതുക. റിലാക്‌സ് ചെയ്യുന്നതിന് വേണ്ടിയല്ല ആരും വരുന്നത്, ഞങ്ങളുടെ മനസ്സിൽ എല്ലായിപ്പോഴുമുള്ള കാര്യം ഇതാണ്.” ലയണൽ സ്‌കലോണി പറഞ്ഞു.

മൂന്നു കിരീടങ്ങൾ സ്വന്തമാക്കി ലാറ്റിനമേരിക്കയിലും ലോകത്തിലും ആധിപത്യം പുലർത്തുന്ന അർജന്റീനക്ക് ഒരു കിരീടം അടുത്ത വർഷം സ്വന്തമാക്കാനുള്ള അവസരമുണ്ട്. അടുത്ത വർഷം കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുമ്പോൾ തുടർച്ചയായ രണ്ടാമത്തെ കിരീടമാണ് അർജന്റീന ലക്ഷ്യമിടുന്നത്. എന്നാൽ ബ്രസീൽ അതിനു ശക്തമായ വെല്ലുവിളിയുയർത്താനുള്ള സാധ്യതയുണ്ട്.

1/5 - (1 vote)