എലിസബത്ത് രാജ്ഞിയുടെ മരണം, അർജന്റീന ടീമിനൊപ്പം ചേരാനാവാതെ രണ്ടു പ്രീമിയർ ലീഗ് താരങ്ങൾ

ക്ലബ് ഫുട്ബോൾ മത്സരങ്ങൾക്ക് ഒരിടവേള നൽകി അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങൾ എത്തുമ്പോൾ ആരാധകർ പലപ്പോഴും നിരാശരാവുകയാണ് പതിവെങ്കിലും ഇത്തവണ സൗഹൃദ മത്സരങ്ങൾക്ക് കൂടുതൽ ആവേശമുണ്ട്. ലോകകപ്പിന് ഇനി അറുപതു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടീമുകൾക്ക് ഒരു ഫൈനൽ റിഹേഴ്‌സൽ കൂടിയാണ് ഈ മത്സരങ്ങളെന്നതു കൊണ്ട് കൂടിയാണ് കൂടുതൽ ആവേശം ഇതുണ്ടാക്കുന്നത്. എല്ലാ ടീമുകളും ഈ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി ലോകകപ്പിനു മുൻപുള്ള തങ്ങളുടെ തയ്യാറെടുപ്പുകൾ മറ്റുള്ളവരെ അറിയിക്കുകയും ചെയ്യും.

അതേസമയം ഖത്തർ ലോകകപ്പിനായി തയ്യാറെടുത്തു കൊണ്ടിരിക്കുന്ന അർജന്റീന ടീമിന്റെ പ്രതിരോധനിരയിലെ രണ്ടു താരങ്ങൾക്ക് ഇതുവരെയും സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ക്യാംപിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും ടോട്ടനം ഹോസ്പേറിന്റെയും താരങ്ങളായ ലിസാൻഡ്രോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റോമെറോ എന്നിവർക്കാണ് ഇതുവരെയും ടീമിനൊപ്പം ചേരാൻ കഴിയാത്തത്. ക്വീൻ എലിസബത്തിന്റെ മരണം മൂലമുള്ള വിസ പ്രശ്‌നങ്ങൾ കാരണമാണ് ഈ രണ്ടു താരങ്ങൾക്കും അർജന്റീന ക്യാംപിലെത്താൻ കഴിയാത്തതെന്ന് ടൈക് സ്പോർട്സ് റിപ്പോർട്ടു ചെയ്യുന്നു.

ഹോണ്ടുറാസ്, ജമൈക്ക എന്നീ ടീമുകളുമായാണ് അർജന്റീന മത്സരം കളിക്കുന്നത്. അമേരിക്കയിൽ വെച്ചു നടക്കുന്ന മത്സരങ്ങൾക്കു യാത്ര ചെയ്യാനുള്ള പെർമിറ്റ് ഇതുവരെയും ലഭിക്കാത്തതാണ് ഈ രണ്ടു താരങ്ങൾ ടീമിനൊപ്പം ചേരാൻ വൈകാൻ കാരണമായത്. ക്വീൻ എലിസബത്തിന്റെ മരണം കാരണം ഇംഗ്ലണ്ടിലെ അമേരിക്കൻ എംബസി അടച്ചിട്ടിരിക്കുകയാണെന്നത് ഇവരുടെ അമേരിക്കയിലേക്കുള്ള യാത്ര കൂടുതൽ സങ്കീർണമാക്കുന്നു. ഇരുവരും ടീമിനൊപ്പം ചേരാൻ വൈകി മത്സരങ്ങൾ നഷ്‌ടമായാൽ അത് അർജന്റീനയുടെ ലോകകപ്പ് തയ്യാറെടുപ്പുകൾക്ക് തിരിച്ചടി തന്നെയാണ്.

ഈ രണ്ടു താരങ്ങളും അർജന്റീനയിലേക്ക് പോകുമെന്നും അവിടെ നിന്നും അമേരിക്കയിലേക്ക് പോകാനുള്ള ഏർപ്പാടുകൾ അർജന്റീനിയൻ ഫുട്ബാൾ അസോസിയേഷൻ നടത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ സീസണിൽ യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ലിസാൻഡ്രോ മാർട്ടിനസും സ്‌കലോണിയുടെ ആദ്യ ഇലവനിലെ സ്ഥിരസാന്നിധ്യമായ ക്രിസ്റ്റ്യൻ റൊമെറോക്കും മത്സരം നഷ്‌ടമായാൽ അത് ടീമിന് തിരിച്ചടിയാണ്.

സെപ്‌തംബർ 24നും സെപ്‌തംബർ 28നുമാണ് ഹോണ്ടുറാസ്, ജമൈക്ക എന്നീ ടീമുകൾക്ക് എതിരെയുള്ള അർജന്റീനയുടെ മത്സരങ്ങൾ. അർജന്റീനയുടെ കരുത്തു വെച്ചു നോക്കുമ്പോൾ ദുർബലരായ എതിരാളികൾക്കെതിരെയുള്ള മത്സരത്തിൽ മെസിയും സംഘവും വിജയം നേടാൻ തന്നെയാണ് സാധ്യത. വിജയം നേടി ലോകകപ്പിന് പൂർണസജ്ജരാണെന്ന് തെളിയിക്കേണ്ടത് ടീമിന് ആവശ്യമാണ്.

Rate this post
ArgentinaCristian RomeroLisandro Martinez