അയാക്സിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം ടീമിനായി തന്റെ സർവവും നൽകുന്ന പോരാളിയാണ് അർജന്റീനിയൻ താരം ലിസാൻഡ്രോ മാർട്ടിനസ്. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ തന്റെ ആദ്യത്ത ഗോളും താരം നേടി. ആഴ്സണൽ മുന്നിൽ നിൽക്കുന്ന സമയത്ത് ഒരു തകർപ്പൻ ഹെഡറിലൂടെയാണ് താരം വല കുലുക്കിയതെങ്കിലും പരാജയം ഒഴിവാക്കാൻ താരത്തിനായില്ല. തൊണ്ണൂറാം മിനുട്ടിൽ ഗോൾ നേടി ആഴ്സണൽ വിജയം സ്വന്തമാക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ സമയത്ത് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരമാണ് ലിസാൻഡ്രോ മാർട്ടിനസ്. പ്രധാനമായും ഉയരം കുറഞ്ഞതിന്റെ പേരിലാണ് താരത്തിനെതിരെ വിമർശനങ്ങൾ ഉണ്ടായിരുന്നത്. ഈ ഉയരവും വെച്ച് ഒരു പ്രതിരോധതാരത്തിനു പ്രീമിയർ ലീഗിൽ തിളങ്ങാൻ കഴിയില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. എന്നാൽ സീസൺ പകുതി പിന്നിടുമ്പോൾ ഈ വിമർശനങ്ങളെയെല്ലാം ലിസാൻഡ്രോ മാർട്ടിനസ് കാറ്റിൽ പറത്തുകയാണ്.
ഇന്നലെ നടന്ന മത്സരത്തിനു ശേഷം തനിക്കെതിരെ പലപ്പോഴായി ഉയർന്ന വിമർശനങ്ങളോട് ലിസാൻഡ്രോ മാർട്ടിനസ് പ്രതികരണം അറിയിക്കുകയുണ്ടായി. “ആ വിമർശനങ്ങളെല്ലാം ഞാൻ കേട്ടിരുന്നു. എന്നാൽ എനിക്ക് ആരോടും ഒന്നും തെളിയിക്കാനില്ല. എനിക്ക് എന്നോട് മാത്രമേ തെളിയിക്കാൻ ബാക്കിയുള്ളൂ.” താരം പറഞ്ഞു. മത്സരത്തിലെ തോൽവിയെക്കുറിച്ചും താരം സാമൂഹ്യമാധ്യമങ്ങളിൽ കുറിക്കുകയുണ്ടായി.
“ആഗ്രഹിച്ച രീതിയിലല്ല മത്സരം അവസാനിച്ചതെങ്കിലും പതറാനുള്ള സമയമല്ല ഇത്. തലയുയർത്തി അടുത്ത മത്സരത്തിലേക്ക് എല്ലാവരും ഒരുമിച്ച് നീങ്ങുക. കമോൺ യുണൈറ്റഡ്. ആദ്യത്തെ ഗോൾ നേടിയതിൽ വളരെ സന്തോഷമുണ്ട്. എല്ലാവരും നൽകിയ പിന്തുണയ്ക്ക് വളരെയധികം നന്ദി.” താരം തന്റെ ട്വിറ്ററിൽ ഗോൾ നേടിയെതിനു ശേഷമുള്ള ആഘോഷങ്ങളുടെ ചിത്രത്തിനൊപ്പം കുറിച്ച്.
Lisandro Martínez isn't bothered by criticism about his height 😤 pic.twitter.com/quh89zk7GI
— ESPN FC (@ESPNFC) January 22, 2023
ഒരിക്കൽ കൂടി ലിസാൻഡ്രോ മാർട്ടിനസ് തകർപ്പൻ പ്രകടനം നടത്തിയ മത്സരമായിരുന്നു ഇന്നലത്തേത്. മൂന്നു ക്ലിയറൻസ്, രണ്ടു ബ്ലോക്ക്, നാല് ഇന്റർസെപ്ഷൻ, രണ്ടു ടാക്കിളുകൾ എന്നിവ താരം മത്സരത്തിൽ നടത്തി. ഉയരക്കുറവുള്ള താരം നേരിട്ട മൂന്ന് ഏരിയൽ ഡുവൽസിൽ രണ്ടെണ്ണവും വിജയിച്ചു. ഇതിനു പുറമെയാണ് തന്റെ ആദ്യത്തെ ഗോളും ലിസാൻഡ്രോ നേടിയത്.