‘ക്രൊയേഷ്യയുടെ രക്ഷകനായ ലിവാകോവിച്ച്’ : ബ്രസീലിനെ നാട്ടിലേക്കയച്ച ഗോൾകീപ്പിങ് മാസ്റ്റർ ക്ലാസ് |Qatar 2022

ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ റൗണ്ടിൽ ദക്ഷിണ കൊറിയയെ ബ്രസീൽ 4-1 ന് തകർത്തതിന് ശേഷം ക്രൊയേഷ്യയുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരവും സമാനമായി ഗോളുകളും മറ്റൊരു ലളിതമായ വിജയവും നിറഞ്ഞതായിരിക്കുമെന്ന് പലരും പ്രതീക്ഷിച്ചു. എന്നാൽ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ കണ്ടത് മറ്റൊരു ഫലമായിരുന്നു.

2018 ലെ റഷ്യ ലോകകപ്പിൽ തങ്ങളെ ഫൈനലിസ്റ്റുകളാക്കിയ അതെ തന്ത്രം തന്നെ അവർ 2022 ലും പ്രയോഗിച്ചതോടെ തുടർച്ചയായ രണ്ടാം തവണയും ബ്രസീന് ക്വാർട്ടറിൽ വേൾഡ് കപ്പ് അവസാനിപ്പിക്കേണ്ടി വന്നു.ക്രൊയേഷ്യൻ ടീമിലെ അറിയപ്പെടുന്ന താരങ്ങളായ ലൂക്കാ മോഡ്രിച്ചും മാറ്റിയോ കൊവാസിച്ചും മധ്യനിരയിൽ ഒരിക്കൽ കൂടി അവിഭാജ്യരായി മാറി. എന്നാൽ കളിയിലെ താരം ക്രൊയേഷ്യൻ വൻ മത്തിലായ ഗോൾ കീപ്പർ ഡൊമിനിക്ക് ലിവാകോവിച്ചായിരുന്നു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോളെന്നുറച്ച ബ്രസീലിന്റെ അറ ഡസനോളം ഷോട്ടുകൾ തടുത്ത കീപ്പർ റോഡ്രിഗോയുടെ പെനാൽട്ടി സേവ് ചെയ്ത് ക്രോയേഷ്യയുടെ സൂപ്പർ ഹീറോ ആയി മാറിയിരിക്കുകയാണ്.

ജപ്പാനെതിരെ നടന്ന പ്രീ ക്വാർട്ടറിൽ മൂന്നു പെനാൽറ്റികളാണ് ലിവാകോവിച്ച് തടുത്തിട്ടത്.ഷൂട്ടൗട്ടിൽ കൗരു മിറ്റോമ, തകുമി മിനാമിനോ, മായ യോഷിദ എന്നിവരുടെ പെനാൽറ്റികൾ ലിവകോവിച്ച് രക്ഷപ്പെടുത്തി ക്രോയേഷ്യയെ അവസാന എട്ടിൽ എത്തിക്കുകയായിരുന്നു.നെയ്മർ, വിനീഷ്യസ് ജൂനിയർ, ലൂക്കാ മോഡ്രിച്ച്, ഇവാൻ പെരിസിച്ച് തുടങ്ങിയ വിഖ്യാത താരങ്ങൾ കളത്തിലിറങ്ങിയിട്ടും മികച്ചു നിന്നത് 27 കാരനായ ഷോട്ട് സ്റ്റോപ്പർ തന്നെയായിരുന്നു. ഡൈനാമോ സാഗ്രെബ് കീപ്പർ നെയ്മറെ നാലു തവണയും ലൂക്കാസ് പാക്വെറ്റ രണ്ടുതവണയും വിനീഷ്യസും ആന്റണിയും ഓരോ തവണയും തടഞ്ഞു.ഒരു ലോകകപ്പ് മത്സരത്തിൽ ക്രൊയേഷ്യൻ ഗോൾകീപ്പർ ഇതുവരെ നടത്തിയിട്ടുള്ളതിലും കൂടുതൽ സേവുകൾ ബ്രസീലിനെതിരെ അദ്ദേഹം നടത്തി. എട്ടു സേവുകളാണ് താരം നടത്തിയത്.

ക്രൊയേഷ്യക്ക് വേണ്ടിയുള്ള കരുത്തുറ്റതും നിർണ്ണായകവുമായ പ്രകടനങ്ങൾക്ക് ലിവാകോവിച്ച് ഈ ലോകകപ്പിലെ താരങ്ങളിലൊരാളായി മാറുമെന്നുറപ്പാണ്. ക്രൊയേഷ്യൻ ടീമായ ഡിനാമോ സാഗ്രെബിന്റെ ഗോൾകീപ്പറാണ് 27 കാരനായ ലിവാകോവിച്ച്. 2012-ൽ സീനിയർ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് അമേച്വർ ക്ലബായ എൻ കെ സാഗ്രെബിലൂടെയാണ് താരം വളർന്നത്.2015-ൽ 23 തവണ ക്രൊയേഷ്യൻ ലീഗ് കിരീട ജേതാക്കളായ ഡൈനാമോയിലേക്കുള്ള ഒരു നീക്കം അദ്ദേഹം ഉറപ്പിച്ചു.ഗോൾകീപ്പർ സ്വന്തം രാജ്യത്തിന് പുറത്ത് കളിച്ചിട്ടില്ല.

2017-ൽ അരങ്ങേറ്റം കുറിച്ച താരം ദേശീയ ടീമിനായി 38 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ലോകകപ്പിന് ഇറങ്ങുമ്പോൾ ലിവാകോവിച്ച് തന്റെ കരിയറിൽ നേരിട്ട 54 പെനാൽറ്റികളിൽ 14 എണ്ണം രക്ഷപ്പെടുത്തിയിരുന്നു.2018-ലെ ക്രൊയേഷ്യ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു 27-കാരൻ, അത് റണ്ണറപ്പായി ഫിനിഷ് ചെയ്തെങ്കിലും ഒരു മിനിറ്റ് പോലും കളിച്ചില്ല.

നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയിലായ പോരാട്ടത്തിനൊടുവില്‍ അധിക സമയത്തെ നെയ്മറുടെ വണ്ടര്‍ ഗോളില്‍ മുന്നിലെത്തിയപ്പോള്‍ ബ്രസീല്‍ സെമിയിലേക്ക് കാലെടുത്തുവെച്ചതാണ്. എന്നാല്‍ നാല് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ബ്രൂണോ പെട്രോവിച്ച് ക്രൊയേഷ്യക്ക് ജീവശ്വാസം നല്‍കി സമനില ഗോള്‍ നേടി. പിന്നെ പെനല്‍റ്റി ഷൂട്ടൗട്ടിന്‍റെ ഭാഗ്യ പരീക്ഷണം. ആദ്യ കിക്ക് എടുത്ത നികോള ക്രൊയേഷ്യക്ക് ആയി പന്ത് വലയിൽ എത്തിച്ചു. ബ്രസീലിനായി ആദ്യ കിക്ക് എടുത്തത് റോഡ്രിഗോ ആയിരുന്നു. ലിവകോവിച് രക്ഷകനായി എത്തി. ക്രൊയേഷ്യ 1-0 ബ്രസീൽ. ക്രൊയേഷ്യയുടെ രണ്ടാം പെനാൾട്ടിയും വലയിൽ.

ബ്രസീലിന്റെ രണ്ടാം കിക്ക് എടുത്ത കസെമിറോ കോർണറിൽ പന്ത് എത്തിച്ചു.മൂന്നാം കിക്ക് എടുക്കാൻ എത്തിയത് മോഡ്രിച്. അനായാസം പന്ത് വലയിൽ. ബ്രസീലിനായി മൂന്നാം കിക്ക് എടുത്തത് പെഡ്രോ‌. അദ്ദേഹവും പന്ത് വലയിൽ എത്തിച്ചു. അവസാനം മാർക്കിനോസ് കിക്ക് എടുക്കാൻ എത്തുമ്പോൾ ആ കിക്ക് വലിയിൽ എത്തിയേ മതിയാകൂ എന്ന അവസ്ഥ ആയിരുന്നു. പക്ഷെ അത് പോസ്റ്റിൽ തട്ടി മടങ്ങി.ക്രൊയേഷ്യ സെമിയിലെത്തി.

Rate this post