2014-ലായിരുന്നു സൂപ്പർ താരം ലൂയിസ് സുവാരസ് ലിവർപൂൾ വിട്ട് എഫ്സി ബാഴ്സലോണയിലേക്ക് ചേക്കേറിയത്. താരത്തിന് വേണ്ടി അന്ന് ലിവർപൂളിനെ നിരവധി ക്ലബുകൾ സമീപിച്ചിരുന്നു. ഒടുവിൽ താരം ബാഴ്‌സയിലേക്ക് കൂടുമാറാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അന്ന് താരത്തിന് തങ്ങളും രംഗത്തുണ്ടായിരുന്നുവെന്നും, പക്ഷെ ലിവർപൂൾ തങ്ങളെ പരിഹസിച്ചു വിടുകയാണ് ചെയ്തതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ആഴ്‌സണൽ ഇതിഹാസ പരിശീലകൻ ആഴ്‌സൻ വെങ്ങർ.
കഴിഞ്ഞ ദിവസം മിററിന് നൽകിയ ലേഖനത്തിലാണ് അദ്ദേഹം സുവാരസിന്റെ കാര്യങ്ങളെ പറ്റി എഴുതിയത്. സുവാരസുമായും താരത്തിന്റെ ഏജന്റുമായും തങ്ങൾ കരാറിൽ എത്തിയിരുന്നുവെന്നും റിലീസ് ക്ലോസ് വരെ നൽകാൻ തയ്യാറായിരുന്നുവെന്നും എന്നാൽ ലിവർപൂൾ ഞങ്ങളെ പരിഹസിച്ചു വിടുകയാണ് ചെയ്തതെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
” ഞങ്ങൾ സുവാരസുമായും ഏജന്റുമായും കരാറിൽ എത്തിയിരുന്നു. എന്നാൽ ഏജന്റ് അന്ന് പറഞ്ഞത് നാല്പത് മില്യൺ പൗണ്ടിന്റെ റിലീസ് ക്ലോസ് നിലനിൽക്കുന്നുണ്ട് എന്നാണ്.അത് തന്നാൽ മാത്രമേ ലിവർപൂൾ താരത്തെ വിടുകയൊള്ളൂ എന്നും പറഞ്ഞു. പക്ഷെ അത് സത്യമല്ല എന്നെനിക്കറിയാമായിരുന്നു. അങ്ങനെ ഞങ്ങൾ നാല്പത്തിയൊന്ന് മില്യൺ പൗണ്ട് ഓഫർ ചെയ്തു. പക്ഷെ അവർ സുവാരസിനെ വിടാൻ തയ്യാറായില്ല. കാരണം അങ്ങനെയൊരു റിലീസ് ക്ലോസ് നിലനിൽക്കുന്നുണ്ടായിരുന്നില്ല. അവർ ഞങ്ങളെ പരിഹസിച്ചു വിടുകയായിരുന്നു. കാരണം അവർക്ക് ബാഴ്സയിൽ നിന്നും ഓഫർ വന്നിരുന്നു ” വെങ്ങർ പറഞ്ഞു.
2018-ലാണ് വെങ്ങർ ആഴ്‌സണലിനോട് വിടപറഞ്ഞത്. ആഴ്‌സണൽ സൈൻ ചെയ്യാൻ ശ്രമിക്കുന്ന സമയത്ത് സുവാരസ് മിന്നുന്ന ഫോമിലായിരുന്നു. പിന്നീട് 64 മില്യൺ പൗണ്ടിനാണ് സുവാരസ് ബാഴ്‌സയിൽ എത്തിയത്. ലിവർപൂളിന് വേണ്ടി 133 മത്സരങ്ങൾ കളിച്ച സുവാരസ് 82 ഗോളുകൾ നേടിയിട്ടുണ്ട്.