യൂറോപ്പിലെ സൂപ്പർതാരങ്ങൾ സൗദി അറേബ്യയിലേക്ക് ചേക്കേറുമ്പോൾ സൗദി മോഹം പ്രകടിപ്പിച്ച് ലിവർപൂൾ താരം മുഹമ്മദ് സലായും. താരത്തിനായി സൗദി ക്ലബ് അൽ-ഇത്തിഹാദ് മുന്നോട്ടുവച്ച ഓഫറിനോട് താരം സമ്മതം മൂളുകയായിരുന്നു. എന്നാൽ താരത്തെ വിട്ടുകൊടുക്കില്ല എന്ന നിലപാടാണ് ലിവർപൂൾ അറിയിച്ചത്. സലാഹിന് ഇതിഹാദിലേക്ക് പോകാൻ താല്പര്യമുണ്ടെങ്കിലും താരത്തെ വിൽക്കുന്നില്ല എന്ന നിലപാടിലാണ് ലിവർപൂൾ.
ഈ ട്രാൻസ്ഫർ വിൻഡോയിൽ നായകൻ ഹെൻഡേഴ്സൻ, ഫാബിഞ്ഞോ തുടങ്ങിയവർ ലിവർപൂളിൽ നിന്നും സൗദി ക്ലബ്ബുകളിലേക്ക് കൂടുമാറിയിരുന്നു. ഈ നീക്കങ്ങളെ ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പ് ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയിൽ നിന്നും തന്റെ പ്രധാന താരമായ സലാഹിനും ഓഫർ വരുന്നത്. എന്നാൽ സലാഹിനെ ഒരു കാരണവശാലും വിട്ടുതരില്ല എന്ന നിലപാട് തന്നെയാണ് ക്ലോപ്പിനുള്ളത്.
ബാലൻ ഡിയോർ ജേതാവ് കരീം ബെൻസീമ, ഫ്രഞ്ച് മിഡ്ഫീൽഡർ എൻഗാളോ കാന്റെ തുടങ്ങിയ പ്രമുഖരെ ടീമിൽ എത്തിച്ച ഇത്തിഹാദ് അവരുടെ ടീം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സലാഹിനും വമ്പൻ ഓഫർ മുന്നോട്ടുവച്ചത്. ലിവർപൂൾ ഈ ഓഫർ നിരസിച്ചെങ്കിലും ഭാവിയിലും ഇത്തിഹാദ് സലാഹിനു വേണ്ടിയുള്ള ശ്രമങ്ങൾ തുടർന്നേക്കും.
🚨 Liverpool have been clear with Mo Salah and Al Ittihad: he's NOT FOR SALE.
— Transfer News Live (@DeadlineDayLive) August 24, 2023
(Source: @FabrizioRomano ) pic.twitter.com/Z5pwNIeZba
2017ൽ ഇറ്റാലിയൻ ക്ലബ്ബ് റോമയിൽ നിന്നാണ് സലാഹ് ലിവർപൂളിൽ എത്തുന്നത്. ലിവർപൂളിനായി 220 മത്സരങ്ങൾ കളിച്ച താരം 138 ഗോളുകളും നേടിയിട്ടുണ്ട്. ക്ലബ്ബിനൊപ്പം ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗ് കിരീടവും താരം നേടിയിട്ടുണ്ട്.