കഴിഞ്ഞ ദിവസമായിരുന്നു ബയേൺ മ്യൂണിക്കിൽ നിന്നും സൂപ്പർ താരം തിയാഗോ അൽകാന്ററ പ്രീമിയർ ലീഗ് ശക്തികളായ ലിവർപൂളിൽ എത്തിയത്. ഇതോടെ ലിവർപൂളിന്റെ മിഡ്‌ഫീൽഡിൽ ആളേറുകയാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. ചേംബർലൈൻ, ഫാബിഞ്ഞോ, ജെയിംസ് മിൽനർ, നബി കെയ്റ്റ, ഹെന്റെഴ്സൺ, വൈനാൾഡം എന്നിവരൊക്കെ തന്നെയും തങ്ങളുടെ സ്ഥാനങ്ങൾക്കായി പൊരുതേണ്ടി വരുമെന്നുറപ്പാണ്.
ഈയൊരു അവസരം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്‌സ്. ലിവർപൂളിന്റെ മധ്യനിരതാരമായ അലക്സ് ഓക്സ്ലൈഡ് ചേംബർലൈനെയാണ് ഇവരിപ്പോൾ നോട്ടമിട്ടിരിക്കുന്നത്. തിയാഗോയുടെ വരവോടെ ടീമിൽ അവസരങ്ങൾ കുറയുമെന്ന് മനസ്സിലാക്കിയ താരം ലിവർപൂൾ വിടാനുള്ള ആലോചനകൾ ആരംഭിച്ചിരുന്നു. ഈയൊരു അവസരമാണ് വോൾവ്‌സ് ഉപയോഗപ്പെടുത്തുന്നത്. താരത്തിന് കളിക്കാൻ കൂടുതൽ അവസരങ്ങളാണ് വോൾവ്‌സ് വാഗ്ദാനം ചെയ്യുന്നത്.
കഴിഞ്ഞ സീസണിൽ ലിവർപൂളിന് വേണ്ടി മുപ്പത് മത്സരങ്ങളിൽ കളിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ സമീപകാലത്ത് ചില പരിക്കുകൾ താരത്തെ അലട്ടിയിരുന്നു. 2017-ൽ 25 മില്യൺ പൗണ്ടിനായിരുന്നു താരത്തെ റെഡ്സ് റാഞ്ചിയത്. എന്നാലിപ്പോൾ താരത്തെ വിൽക്കാൻ ലിവർപൂൾ തയ്യാറാണ് എന്നാണ് ഡെയിലി മെയിൽ പറയുന്നത്. എന്നാൽ താരത്തെ വാങ്ങിയപ്പോൾ ചിലവായ തുകയെക്കാൾ ലഭിക്കണം എന്നാണ് ലിവർപൂളിന്റെ നിലപാട്. പരിക്ക് മൂലം താരത്തിന് പ്രീ സീസൺ നഷ്ടമായിരുന്നു.
അതേ സമയം നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ വോൾവ്‌സും ലിവർപൂളും തമ്മിൽ നല്ല ബന്ധമാണ് ഉള്ളത്. കഴിഞ്ഞ ദിവസം ഡിയഗോ ജോട്ടയെ വോൾവ്‌സിൽ നിന്നും ലിവർപൂൾ ടീമിൽ എത്തിച്ചിരുന്നു. ഒമ്പത് മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി റെഡ്സ് ചിലവഴിച്ചത്. ഈ ബന്ധം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് വോൾവ്‌സ്.