” ജോട്ടയുടെ ഇരട്ട ഗോളിൽ ലിവർപൂൾ ; പത്തു പേരായി ചുരുങ്ങിയിട്ടും മികച്ച ജയത്തോടെ ആഴ്‌സണൽ ; കോപ്പ ഇറ്റാലിയ സെമിയിലേക്ക് കടന്ന് യുവന്റസ്”

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്കെതിരെ നേടിയ തകർപ്പൻ ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള വിടവ് 9 പോയിന്റായി കുറച്ച് ലിവർപൂൾ. എതിരില്ലാത്ത 2 ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം. പോർച്ചുഗീസ് താരം ജോട്ടയുടെ ഇരട്ട ഗോളിനായിരുന്നു ലിവർപൂളിന്റെ ജയം.ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ഫൈനലിലെ പരാജയത്തിന് ശേഷം തിരിച്ചെത്തിയ മുഹമ്മദ് സലാ ഇന്ന് റെഡ്‌സിനായി പകരക്കാരനായി ഇറങ്ങുകയും ചെയ്തു.ലിവർപൂളിനായി രണ്ടാം മത്സരം മാത്രം കളിക്കുന്ന ലൂയിസ് ഡിയാസും മികച്ച പ്രകടനം കാഴ്ചവെച്ചു.

ആദ്യ പകുതിയിൽ 34 മത്തെ മിനിറ്റിൽ അലക്‌സാണ്ടർ അർണോൾഡിന്റെ കോർണറിൽ നിന്നു വാൻ ഡെയ്ക്കിന്റെ ഹെഡർ ഷെമയ്ക്കൽ തട്ടി അകറ്റിയെങ്കിലും ജോട്ട അത് ഒരു ഷോട്ടിലൂടെ വലയിൽ എത്തിക്കുക ആയിരുന്നു. തുടർന്നും ലിവർപൂൾ അവസരങ്ങൾ തുറന്നു. എന്നാൽ 87 മത്തെ മിനിറ്റിൽ ആണ് ലിവർപൂളിന്റെ രണ്ടാം ഗോൾ പിറന്നത്. മാറ്റിപ്പിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ജോട്ട ലിവർപൂൾ ജയം ഉറപ്പിച്ചു.ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിന് 51 പോയിന്റായി. മാഞ്ചസ്റ്റർ സിറ്റിയുമായി 9 പോയിന്റ് വ്യത്യാസമാണ് നിലവിൽ ലിവർപൂളിന്. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ചെൽസിക്ക് 47 പോയിന്റുണ്ട്. ലിവർപൂൾ സിറ്റിയേക്കാൾ ഒരു മത്സരം കുറവാണു കളിച്ചിട്ടുള്ളത്.

മറ്റൊരു മത്സരത്തിൽ വോൾവ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആഴ്‌സണൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു.ആദ്യ പകുതിയിൽ ഗബ്രിയേൽ മഗൽഹെസ് നേടിയ ഗോളിനായിരുന്നു ആഴ്സണലിന്റെ ജയം.അടുപ്പിച്ച് രണ്ട് മഞ്ഞകാർഡുകൾ വാങ്ങിയ ഗബ്രിയേൽ മാർട്ടിനെല്ലി 69 ആം മിനിറ്റിൽ കളം വിട്ടതോടെ ബാക്കി സമയം 10 പേരുമായി കളിച്ചാണ് നിർണായക വിജയം ആഴ്സനൽ പിടിച്ചെടുത്തത്. 25 മത്തെ മിനിറ്റിൽ മാർട്ടിനെല്ലി എടുത്ത കോർണറിൽ നിന്നു ലാകസെറ്റ കീപ്പറുടെ കയ്യിൽ നിന്ന് പന്ത് റാഞ്ചി ഗബ്രിയേലിന് നൽകുക ആയിരുന്നു. ഗോളിന് മുന്നിൽ അനായാസം ലക്ഷ്യം കണ്ട ഗബ്രിയേൽ ആഴ്‌സണലിനെ മുന്നിലെത്തിച്ചു.ജയത്തോടെ ആഴ്‌സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നു അഞ്ചാം സ്ഥാനത്ത് എത്തി. നാലാമതുള്ള 2 കളികൾ അധികം കളിച്ച വെസ്റ്റ് ഹാമിനെക്കാൾ ഒരു പോയിന്റ് മാത്രം പിറകിൽ ആണ് നിലവിൽ ആഴ്‌സണൽ. നിലവിൽ എട്ടാം സ്ഥാനത്ത് ആണ് വോൾവ്സ്.

സസുവോളോയ്‌ക്കെതിരെ 2-1 ന്റെ ജയവുമായി കോപ്പ ഇറ്റാലിയ സെമിയിലേക്ക് കടന്ന് യുവന്റസ്.മൂന്നാം മിനിറ്റിൽ തന്നെ പൗലോ ഡിബാല ഒരു വോളിയിലൂടെ യുവന്റസിനെ മുന്നിലെത്തിച്ചു.23-ാം മിനിറ്റിൽ കീപ്പർ മാറ്റിയ പെരിനിനെ മറികടന്ന് ഹാമദ് ട്രോറെ മികച്ചൊരു ഗോളിലൂടെ സാസുവോലോയെ ഒപ്പമെത്തിച്ചു.രണ്ടാം പകുതിയിൽ ഇരുടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും 88-ാം മിനിറ്റിൽ ഡുസാൻ വ്‌ലഹോവിച്ച് നേടിയ ഗോളിൽ യുവന്റസ് വിജയം നേടിയെടുത്തു.ഡിബാലയിൽ നിന്നു ലഭിച്ച പന്തിൽ നിന്നു അവസരം ഉണ്ടാക്കിയെടുത്ത വ്ലാഹോവിച് ഉതിർത്ത ഷോട്ട് റുവാൻ ട്രാസോൽദിയുടെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു. സെമിയിൽ ഫിയറന്റീനയാണ് സെമിയിൽ യുവന്റസ് നേരിടുക.

മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ ഫിയോറെന്റീന രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് അറ്റ്ലാന്റായെ പരാജയപ്പെടുത്തി.ക്രിസ്റ്റോഫ് പിയാടെക് (9 ‘പെൻ, 71’) നിക്കോള മിലെൻകോവിച്ച് (90 ‘+ 3) എന്നിവരാണ് ഫിയോറെന്റീനയുടെ ഗോളുകൾ നേടിയത്.ഡേവിഡ് സപ്പകോസ്റ്റ (30 ‘) ജെറമി ബോഗ (56′) എന്നിവർ അറ്റലാന്റയുടെ ഗോളുകൾ നേടി. ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട (79’) ആം മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ടതോടെ പത്തു പെരുമായാണ് ഫിയോറെന്റീന മത്സരം അവസാനിപ്പിച്ചത്. സെമിയിൽ യുവന്റസാണ് ഫിയോറെന്റീനയുടെ എതിരാളികൾ.