തോറ്റാലും ഒന്നും സംഭവിക്കില്ല, തൊട്ടടുത്ത ദിവസവും സൂര്യനുദിക്കും: സ്‌കലോനി

നിലവിലെ കോപ്പ അമേരിക്ക കിരീട ജേതാക്കളായ അർജന്റീനക്ക് മുമ്പിലുള്ള ഇപ്പോഴത്തെ ലക്ഷ്യം വേൾഡ് കപ്പ് കിരീടമാണ്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഒരു മത്സരം പോലും അർജന്റീന പരാജയപ്പെട്ടിട്ടില്ല.അത്രയേറെ മിന്നുന്ന ഫോമിലാണ് അർജന്റീന ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഏറ്റവും പ്രധാനപ്പെട്ട കിരീടം ഫേവറേറ്റുകൾ അർജന്റീനയാണ്. പലരും ഇത്തവണ അർജന്റീന കിരീടം നേടുമെന്ന് പ്രവചിച്ചിട്ടുണ്ട്.ആരാധകർ വലിയ പ്രതീക്ഷകളോടുകൂടിയാണ് കാത്തിരിക്കുന്നത്. എന്നാൽ അമിത പ്രതീക്ഷകൾ ഒരു ഭാരമാവുമോ എന്ന ആശങ്കയും ചിലരെ അലട്ടുന്നുണ്ട്.

അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോനി തന്റെ താരങ്ങളിൽ ഒരു സമ്മർദ്ദവും ചെലുത്തുന്നില്ല എന്നുള്ളത് ശ്രദ്ധേയമായ ഒരു കാര്യമാണ്. കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും സ്‌കലോനി താരങ്ങളിൽ നിന്നും സമ്മർദം ഒഴിവാക്കുന്ന രൂപത്തിലാണ് സംസാരിച്ചിട്ടുള്ളത്. ലക്ഷ്യത്തിലേക്ക് എത്താതെ പരാജയപ്പെട്ടാലും ഒന്നും സംഭവിക്കില്ലെന്നും തൊട്ടടുത്ത ദിവസവും സൂര്യനുദിച്ചുകൊണ്ട് ജീവിതം മുന്നോട്ടു പോകുമെന്നുമാണ് അർജന്റീന പരിശീലകൻ പറഞ്ഞിട്ടുള്ളത്.

‘ അർജന്റീനയുടെ ജേഴ്സി അണിയുമ്പോൾ എല്ലാവരും ആസ്വദിച്ചു കളിക്കുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടു കാര്യം. ആളുകൾ കിരീടത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നോർത്ത് കളിച്ചാൽ അതൊരിക്കലും ഉപകാരപ്രദമാവില്ല. മറിച്ച് അത് സമ്മർദ്ദം വർധിക്കാൻ കാരണമാവുകയേയുള്ളൂ.പരാജയപ്പെട്ടു എന്ന് കരുതി ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പതിവുപോലെ തൊട്ടടുത്ത ദിവസവും സൂര്യൻ ഉദിക്കുകയും ജീവിതം മുന്നോട്ടു പോവുകയും ചെയ്യും.എന്ത് സംഭവിക്കും എന്നുള്ള ആധിയോടു കൂടി നിങ്ങൾക്കൊരിക്കലും കളത്തിലേക്ക് പോകാൻ കഴിയില്ല ‘ സ്‌കലോനി പറഞ്ഞു.

കഴിഞ്ഞ കുറേ വർഷങ്ങളായി പലപ്പോഴും സമ്മർദം പേറിയായിരുന്നു അർജന്റീന കളിച്ചിരുന്നത്. അതിന്റെ കാരണം ദീർഘകാലമായി കിരീടം ഇല്ലാത്തതായിരുന്നു. കഴിഞ്ഞ കോപ്പ അമേരിക്ക ജേതാക്കൾ ആയതോടുകൂടി ആ സമ്മർദ്ദത്തിന് അന്ത്യം കുറിക്കാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്.

Rate this post