എല്ലാ സൂപ്പർഹീറോകളും മുഖംമൂടി വെക്കാറില്ലെന്നു പറഞ്ഞത് ആരാണെന്നറിയില്ല. ഫുട്ബോളിലെ സൂപ്പർഹീറോകളെല്ലാം മുഖംമൂടിയണിയാത്തവരാണ്. അവരിൽ ലോകമറിയുന്നവരും അറിയാത്തവരുമുണ്ട്. ഫുട്ബോൾ ലോകത്ത് വിശ്വസ്തതയുടെ പര്യായമായി നിന്ന എത്രയോ താരങ്ങളെ നിങ്ങൾക്കറിയാം. ടോട്ടി, ബുഫൺ, പുയോൾ എന്നിങ്ങനെ നിരവധി താരങ്ങളുടെ പേരുകൾ നമുക്കു പറയാം. എന്നാൽ അവരെയെല്ലാം നിഷ്പ്രഭരാക്കുന്ന ഒരു താരത്തിന്റെ കഥയാണിവിടെ പറയുന്നത്. വിജയത്തിലും തോൽവിയിലും തകർച്ചയിലുമെല്ലാം തന്റെ ടീമിനൊപ്പം മാത്രം തുടർന്ന് അവരെ അതിൽ നിന്നും കൈ പിടിച്ചുയർത്തിയ അപ്രശസ്തനായ ഒരു താരത്തെക്കുറിച്ച്.
ഇറ്റാലിയൻ ക്ലബ് പാർമയുടെ ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് വിളിച്ചു ചേർത്ത അടിയന്തിര പത്രസമ്മേളനത്തിൽ വച്ച് ടീമിന്റെ മാനേജറായ റോബർട്ടോ ഡൊണാഡോണി പറഞ്ഞു. “ഞങ്ങൾ എല്ലാവരിൽ നിന്നും സഹായങ്ങൾ അഭ്യർത്ഥിച്ചു. എന്നാൽ ഒരാൾ പോലും സഹായിച്ചില്ല. അതു കൊണ്ട് ഈ മത്സരം ഉപേക്ഷിക്കാൻ ഞങ്ങൾ നിർബന്ധിതരാവുകയാണ്.” മുറിയിലുണ്ടായിരുന്നവരെല്ലാം സ്തബ്ധരായി. ഇറ്റാലിയൻ ലീഗിൽ യുഡിനസുമായുള്ള മത്സരത്തിനു മണിക്കൂറുകൾ മുൻപാണ് പാർമ മാനേജർ തങ്ങൾ മത്സരം ഉപേക്ഷിക്കാൻ പോവുകയാണെന്ന സത്യം വെളിപ്പെടുത്തിയിരിക്കുന്നത്. ടൊമാസോ ഗിരാർദിയെന്ന ബിസിനസുകാരന്റെ ഉടമസ്ഥതയിലുള്ള ക്ലബ് ലീഗ് മത്സരത്തിൽ സ്റ്റേഡിയത്തിൽ നിർത്തേണ്ട കാവൽക്കാർക്കു പോലും പണം കൊടുക്കാനില്ലാതെ പാപ്പരായി പോയിരിക്കയാണ്. കളിക്കാരുടെ കാര്യം പിന്നെ പറയണ്ടല്ലോ. 2004ൽ ക്ലബിനുണ്ടായ അതേ വിധി പത്തു വർഷങ്ങൾക്കിപ്പുറവും അതു പോലെ വന്നു ചേർന്നിരിക്കുന്നു. എന്നാൽ പാർമ പരിശീലകനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത ടീമിന്റെ ക്യാപ്റ്റനായ അലെസാൻഡ്രോ ലുക്കാറെല്ലിയുടെ മുഖത്ത് അന്നുണ്ടായിരുന്ന ആത്മവിശ്വാസം മറ്റാരും ശ്രദ്ധിച്ചു കാണില്ല.
2008ലാണ് ലുക്കാറെല്ലി തന്റെ സഹോദരൻ ക്രിസ്ത്യാനോ കളിച്ചിരുന്ന പാർമയിൽ ചേരുന്നത്. അന്നു ഇറ്റാലിയൻ ലീഗിന്റെ രണ്ടാം ഡിവിഷനിലായിരുന്ന ക്ലബിനെ ടീമിലെത്തിയ ആദ്യ സീസണിൽ തന്നെ സീരി എയിലെത്തിക്കാൻ താരത്തിന്റെ പ്രകടനത്തിനു കഴിഞ്ഞു. അതിനു ശേഷം ഇറ്റാലിയൻ ലീഗ് ടേബിളിൽ ഒരു മധ്യനിര ടീമായി പാർമ മാറി. എങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ എന്നും ടീമിനെ അലട്ടിയിരുന്നു. 2014ൽ ലീഗിൽ ആറാം സ്ഥാനത്തെത്തി യൂറോപ്പ ലീഗിൽ കളിക്കാനവസരം കിട്ടിയ പാർമക്ക് രണ്ടു ലക്ഷം യൂറോയുടെ ഒരു ടാക്സ് ബിൽ അടക്കാൻ കഴിയാത്തതു കാരണം ടൂർണമെന്റിൽ പങ്കെടുക്കാനായില്ല. അടുത്ത വർഷം ഫെബ്രുവരിയിലാണ് സാമ്പത്തിക പ്രതിസന്ധികൾ മൂലം ക്ലബിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും മുടങ്ങുന്നത്. വമ്പൻ കടത്തിലേക്കു പോയ ക്ലബ് ഇറ്റാലിയൻ ലീഗിൽ നിന്നും തരം താഴ്ത്തപ്പെട്ടു. പാർമയെന്ന ക്ലബു തന്നെ ഇല്ലാതായി.
എന്നാൽ നായകനായ ലുക്കാറെല്ലി ഇതു കൊണ്ടൊന്നും തളരാൻ തയ്യാറായിരുന്നില്ല. അടുത്ത സീസണിൽ തന്നെ ചില ചെറുകിട ബിസിനസുകാരെ കൂട്ടുപിടിച്ച് പാർമ കാൽസിയോ 1913 എന്നൊരു പുതിയ ക്ലബുണ്ടാക്കി. തരം താഴ്ത്തപ്പെട്ടതു കാരണം ഇറ്റലിയുടെ നാലാം ഡിവിഷനിലാണ് അവർ ആദ്യ സീസൺ കളിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണം ക്ലബിനു വേണ്ടി പ്രതിഫലം പോലുമില്ലാതെ ലുക്കാറെല്ലി കളിച്ചു. ആദ്യ സീസണിൽ ഒരു മത്സരവും തോൽക്കാതെ നാലാം ഡിവിഷനിൽ പാർമ ജേതാക്കളായി. അടുത്ത സീസണിൽ മൂന്നാം ഡിവിഷനിൽ രണ്ടാം സ്ഥാനത്തെത്തിയ പാർമക്ക് പ്ലേ ഓഫ് കളിക്കേണ്ടി വന്നു. മത്സരത്തിനു മുൻപ് ലുക്കാറെല്ലി തന്റെ കളിക്കാരോടു പറഞ്ഞു. ”ഇത്രയും കാലം നമ്മൾ സഹിച്ചതെല്ലാം ഇതിനു വേണ്ടിയായിരുന്നു. നമുക്ക് നേടാനുള്ളത് തൊട്ടപ്പുറത്താണ്. കാലുകൾ കൊണ്ട് നിങ്ങൾക്കത് നേടാനായില്ലെങ്കിൽ ഹൃദയം കൊണ്ടത് നേടുക. ഇവിടെ നമ്മൾ തോറ്റു പോയാൽ നിങ്ങൾക്കൊപ്പം ഇനിയൊരു അവസരം എനിക്കില്ല. ഇതെനിക്കു വേണ്ടി മാത്രമല്ല, എല്ലാവർക്കും വേണ്ടിയാണ്, ഒരുമിച്ച് പോരാടുക”
ക്യാപ്റ്റന്റെ വാക്കുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട പാർമ അലസാൻഡ്രിയക്കെതിരായ മത്സരം 2-0ത്തിന് ജയിച്ച് സീരി ബിയിലേക്ക് സ്ഥാനക്കയറ്റം നേടി. അപ്പോൾ നാൽപതു വയസായിരുന്ന ലുക്കാറെല്ലി ഒരു സീസൺ കൂടി ക്ലബിനൊപ്പം തുടരാൻ തീരുമാനിക്കുകയായിരുന്നു. സീരി ബിയിൽ സമ്മിശ്രമായ തുടക്കമായിരുന്നു പാർമയുടേത്. എന്നാൽ ലുക്കാറെല്ലിയുടെ ആത്മവിശ്വാസത്തിനു കീഴിൽ ടീം തളരാതെ നിന്നു. പ്രതിരോധ താരമായിരുന്ന ലുക്കാറെല്ലി അവസാന ആറു മത്സരങ്ങളിൽ നിന്ന് മൂന്നു ഗോൾ നേടി ടീമിനെ നയിച്ചപ്പോൾ പാർമ വീണ്ടും മുകളിലേക്കു കുതിച്ചു. അവസാന മത്സരമായിരുന്നു യഥാർത്ഥ ത്രില്ലർ. സ്പെസിയയിൽ വച്ചു നടന്ന മത്സരത്തിൽ പാർമ 2-0ത്തിന് മുന്നിലെത്തിയെങ്കിലും മറ്റൊരു മത്സരത്തിൽ മുഖ്യ എതിരാളികളായ ഫ്രൊസിനോണെ ഫോഗിയക്കെതിരെ പോയിൻറ് നഷ്ടപ്പെടുത്തിയാലേ പാർമക്ക് പ്ലേ ഓഫ് കളിക്കാതെ സീരി എയിൽ തിരിച്ചെത്താനാകു. എൺപത്തിയൊമ്പതാം മിനുട്ടിൽ കാത്തിരുന്ന അത്ഭുതം സംഭവിച്ചു. 2-1ന് മുന്നിലായിരുന്ന ഫ്രൊസിനോണെക്കെതിരെ ഫോഗിയ സമനില ഗോൾ നേടി. മറ്റേ മത്സരം അപ്പോഴേക്കും വിജയിച്ചു കഴിഞ്ഞിരുന്ന പാർമ സീരി എയിലേക്ക്!!
ചരിത്രനേട്ടമാണ് പാർമ സ്വന്തമാക്കിയത്. ആധുനിക ഫുട്ബോളിൽ ഒരു ടീമും തുടർച്ചയായി മൂന്നു ഡിവിഷൻ പ്രമോഷനുകൾ നേടിയിട്ടില്ല. സീരി ഡിയിൽ നിന്നും പാർമ 2015ൽ തുടങ്ങിയ പ്രയാണം ഇപ്പോൾ സീരി എയിലെത്തിയാണ് നിൽക്കുന്നത്. അതിന്റെയെല്ലാം കപ്പിത്താനായി ലുക്കാറെല്ലിയും. പാർമ തരം താഴ്ത്തപ്പെട്ടപ്പോൾ ”ഈ ക്ലബിനൊപ്പം ഞാൻ മരിച്ചു, അവർക്കൊപ്പം തന്നെ ഞാൻ പുനർജന്മം നേടും” എന്നു പറഞ്ഞ ലുക്കാറെല്ലി പക്ഷേ ടീമിനെ സീരി എയിലെത്തിച്ചയുടനെ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. മൂന്നു വർഷങ്ങൾക്കു മുൻപ് തന്റെ സ്വപ്നമായിരുന്ന ഇറ്റാലിയൻ സീരി എയിൽ ഒരു സീസൺ കൂടി പാർമക്കൊപ്പം കളിക്കാൻ താരം സമ്മതിച്ചില്ല. ഒരു പക്ഷേ നാൽപത്തിയൊന്നുകാരനായ താൻ കാരണം തന്റെ ടീം ഇറ്റലിയിലെ ഒന്നാം ഡിവിഷനിൽ പുറകോട്ടു പോയാലോ എന്നു കരുതിയാവണം ആ തീരുമാനം. കാരണം അത്രയധികം അയാളാ ടീമിനെ സ്നേഹിക്കുന്നുണ്ട്. ലുക്കാറെല്ലിക്കു ഗംഭീര യാത്രയയപ്പു നൽകിയ പാർമ താരത്തിന്റെ ആറാം നമ്പർ ജേഴ്സി റിട്ടയർ ചെയ്താണ് തങ്ങളുടെ നായകന് ആദരവ് പ്രകടിപ്പിച്ചത്. ടോട്ടിയെയും ബഫണെയും പുയോളിനെയുമെല്ലാം ആഘോഷിക്കുന്നവർ ഒരു പക്ഷേ ലുക്കാറെല്ലിയെ കേട്ടു കാണില്ല. ആദ്യം പറഞ്ഞ വാചകത്തിൽ ഒരു ചെറിയ മാറ്റം വരുത്തിയാൽ അതിനു കാരണം കണ്ടെത്താം. മുഖംമൂടിയണിഞ്ഞില്ലെങ്കിൽ പോലും ചില സൂപ്പർ ഹീറോകളെ ആരും മനസിലാക്കിയെന്നു വരില്ല.
(പാർമ സീരി എയിലെത്തിയതിനു ശേഷം ലുക്കാറെല്ലി റിട്ടയർ ചെയ്തപ്പോൾ 2018 മെയ് മാസത്തിൽ എഴുതിയത്, കൊടുത്തിരിക്കുന്ന വിവരങ്ങളിൽ തെറ്റുകൾ ഉണ്ടോയെന്നറിയില്ല)
JIM MoRiS