റയൽ മാഡ്രിഡിനെ വിറപ്പിച്ച് ക്ലബ് ലോകകപ്പ് ഫൈനലിലെ താരമായി അർജന്റീന താരം

സൗദി ക്ലബായ അൽ ഹിലാലിനെ തോൽപ്പിച്ച് അഞ്ചാം തവണയും ക്ലബ് ലോകകപ്പ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് റയൽ മാഡ്രിഡ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. ഇതോടെ ഏറ്റവുമധികം ക്ലബ് ലോകകപ്പ് കിരീടങ്ങളെന്ന നേട്ടത്തിൽ ഒന്നു കൂടി ചേർക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞു. മൂന്നു കിരീടങ്ങളുള്ള ബാഴ്‌സലോണയാണ് രണ്ടാം സ്ഥാനത്ത്.

റയൽ മാഡ്രിഡിനു വേണ്ടി വിനീഷ്യസ് ജൂനിയറും ഫെഡറികോ വാൽവെർദെയും ഇരട്ടഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ സ്‌ട്രൈക്കറായ കരിം ബെൻസിമയുടെ വകയായിരുന്നു. അൽ ഹിലാലിനായി അർജന്റീന താരം ലൂസിയാനോ വിയറ്റോയും രണ്ടു ഗോളുകൾ കുറിക്കുകയുണ്ടായി. മറ്റൊരു ഗോൾ മാലി സ്‌ട്രൈക്കറായ മൂസ മരേഗയാണ് സ്വന്തമാക്കിയത്.

മത്സരത്തിൽ റയൽ മാഡ്രിഡ് താരങ്ങളെ മറികടന്ന് അർജന്റീന താരം വിയേറ്റോ ഫൈനലിലെ താരമായെന്നതാണ് മറ്റൊരു പ്രത്യേകത. രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ വിനീഷ്യസ് ജൂനിയറിനെ മറികടന്നാണ് വിയെറ്റോ ഫൈനൽ മത്സരത്തിലെ താരമായത്. ഇതിനു പുറമെ ടൂർണമെന്റിലെ ബെസ്റ്റ് പ്ലേയർ പുരസ്‌കാരത്തിൽ മൂന്നാം സ്ഥാനവും വിയേറ്റോ സ്വന്തമാക്കി. വിനീഷ്യസ് ജൂനിയറാണ് ടൂർണമെന്റിലെ മികച്ച താരം.

റയൽ മാഡ്രിഡ് അനായാസം മത്സരം സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മത്സരത്തിൽ വെല്ലുവിളി സൃഷ്‌ടിക്കാൻ സൗദി അറേബ്യൻ ക്ലബിന് കഴിഞ്ഞുവെന്നതിൽ സംശയമില്ല. മുൻ അത്ലറ്റികോ മാഡ്രിഡ് താരം കൂടിയായ ലൂസിയാനോ വിയേറ്റോ അതിൽ പ്രധാന പങ്കു വഹിക്കുകയുണ്ടായി. 2020ലാണ് താരം സ്പോർട്ടിങ്ങിൽ നിന്നും സൗദി ക്ലബ്ബിലേക്ക് ചേക്കേറുന്നത്.

അതേസമയം റയൽ മാഡ്രിഡിനെ സംബന്ധിച്ച് ആത്മവിശ്വാസം നൽകുന്നതാണ് ക്ലബ് ലോകകപ്പ് കിരീടം. ഈ സീസണിൽ ലീഗിൽ മോശം പ്രകടനമാണ് റയൽ മാഡ്രിഡ് നടത്തുന്നത്. നിലവിലെ ഫോമില്ലായ്‌മയെ മറികടന്ന് സ്‌പാനിഷ്‌ ലീഗ് കിരീടത്തിനായി കൂടുതൽ ശക്തിയോടെ പൊരുതാൻ ഈ കിരീടനേട്ടം റയൽ മാഡ്രിഡിന് കരുത്തു നൽകുക തന്നെ ചെയ്യും.

Rate this post