ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ പൊല്ലാപ്പുകൾ സൃഷ്ടിച്ച ഒരു ട്രാൻസ്ഫർ ആയിരുന്നു പോർച്ചുഗൽ ഇതിഹാസം ലൂയിസ് ഫിഗോയുടെ കൂടുമാറ്റം. ലാലിഗയിലെ ചിരവൈരികളായ എഫ്സി ബാഴ്‌സലോണയിൽ നിന്നും നേരിട്ട് റയൽ മാഡ്രിഡിലേക്കാണ് ഫിഗോ കളം മാറിയത്. ഇത് ബാഴ്സലോണ ആരാധകർക്കിടയിൽ വലിയ തോതിൽ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് ലൂയിസ് ഫിഗോ ബാഴ്സക്കെതിരെ കളിക്കുന്ന സമയത്ത് താരത്തിനെതിരെ ചാന്റ് മുഴക്കിയതും പന്നിതല എറിഞ്ഞതുമൊക്കെ വലിയ തോതിൽ വിവാദങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു. ഇപ്പോഴിതാ ആ ട്രാൻസ്ഫർ സംഭവം വീണ്ടും ഓർമിച്ചെടുത്തിരിക്കുകയാണ് ഫിഗോ.
കഴിഞ്ഞ ദിവസം സാന്റാന്റർ സംഘടിപ്പിച്ച ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫിഗോ. താൻ ചെയ്ത പോലെയൊരു സാഹസം ഇപ്പോൾ സുപ്പർ താരം ലയണൽ മെസ്സിക്ക് ചെയ്യൽ അസാധ്യമാണ് എന്നാണ് ഫിഗോ ഇതേകുറിച്ച് പറഞ്ഞത്. മെസ്സി താങ്കളെ പോലെ റയൽ മാഡ്രിഡിൽ ചേരുമോ എന്ന ചോദ്യത്തിന് മറുപടിയയാണ് ഫിഗോ ഇക്കാര്യം വ്യക്തമാക്കിയത്. ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന. 1995 മുതൽ 2000 ബാഴ്സയിൽ കളിച്ച ഫിഗോ പിന്നീട് 2000 മുതൽ 2005 വരെ റയലിന്റെ ജേഴ്‌സി അണിയുകയായിരുന്നു.
” ഏതെങ്കിലും ഒരു ക്ലബിന് മെസ്സിയുടെ റിലീസ് ക്ലോസ് നൽകി കൊണ്ട് ഈ വർഷം അദ്ദേഹത്തെ സ്വന്തമാക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഈ ട്രാൻസ്ഫർ വിൻഡോയിൽ വലിയ ചലനങ്ങൾ ഒന്നും ഉണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല. മെസ്സിയുടെ കരാറിന് അനുസരിച്ചുള്ള പണം നൽകുക എന്നുള്ളത് ബുദ്ദിമുട്ടേറിയ ഒന്നാണ്. എന്നെ സംബന്ധിച്ചെടുത്തോളം ഞാൻ 20 വർഷം മുമ്പ് ചെയ്തത് പോലെ മെസ്സി റയലിലേക്ക് കൂടുമാറൽ അസാധ്യമാണ് ” ഫിഗോ പറഞ്ഞു.