യുവന്റസിന്റെ സുവാരസിന് വേണ്ടിയുള്ള സ്വാപ് ഡീൽ ഓഫർ നിരസിച്ച് ബാഴ്സ.

സൂപ്പർ താരം ലൂയിസ് സുവാരസ് ഈ അടുത്ത സീസണിൽ ബാഴ്സക്കൊപ്പമുണ്ടാവില്ല എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്. താരത്തെ ട്രാൻസ്ഫർ മാർക്കറ്റിൽ ലഭ്യമാവും എന്നറിഞ്ഞത് മുതൽ ഒട്ടേറെ ക്ലബുകൾ താരത്തിന് വേണ്ടി ബാഴ്‌സയെ സമീപിച്ചിരുന്നു. താരത്തിന്റെ മുൻ ക്ലബായ അയാക്സ് ബാഴ്സക്ക് ഓഫർ സമർപ്പിച്ചിരുന്നു.കൂടാതെ ബെക്കാമിന്റെ ഇന്റർമിയാമി, ഫ്രഞ്ച് ജേതാക്കളായ പിഎസ്ജി എന്നിവരും ട്രാൻസ്ഫർ മാർക്കറ്റിൽ ഉണ്ടെന്നായിരുന്നു വാർത്ത.

എന്നാൽ പുതിയതായി ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവന്റസ് താരത്തിന് വേണ്ടി ഒരു ഓഫർ ബാഴ്‌സക്ക് നൽകിയിരുന്നു. ഒരു സ്വാപ് ഡീൽ ശ്രമമായിരുന്നു അവർ നടത്തിയിരുന്നത്. ഈ സീസണോടെ തങ്ങൾ ഒഴിവാക്കുമെന്ന് പിർലോ പ്രഖ്യാപിച്ച ഹിഗ്വയ്‌നെ ഉൾപ്പെടുത്തികൊണ്ടാണ് ഒരു സ്വാപ് ഡീലിനുള്ള ശ്രമം യുവന്റസ് നടത്തിയത്. എന്നാൽ ഇത് ബാഴ്സ നിരസിച്ചതായാണ് വാർത്തകൾ. ഇറ്റാലിയൻ ജേണലിസ്റ്റ് ആയ ടാൻക്രെഡി പാൽമിറിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

നിലവിൽ മുപ്പത്തിരണ്ടുകാരനായ ഹിഗ്വയ്‌ൻ പുതിയ ക്ലബ് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒരു വർഷം കൂടി താരത്തിന് കരാർ ഉണ്ടെങ്കിലും ക്ലബ് വിടാൻ ഇരുവരും ധാരണയിൽ എത്തുകയായിരുന്നു. 6.7 മില്യൺ പൗണ്ട് ആണ് താരത്തിന് യുവന്റസ് വാർഷികവേതനമായി നൽകുന്നത്.കൂടാതെ താരം മോശം ഫോമിലും പലപ്പോഴും ബെഞ്ചിലുമാണ്. ഇതിനാലാണ് യുവന്റസ് ഈ അർജന്റൈൻ താരത്തെ കയ്യൊഴിയാൻ തീരുമാനിച്ചത്.

എന്നാൽ മറുഭാഗത്ത് പുതിയ പരിശീലകൻ റൊണാൾഡ് കൂമാന്റെ താല്പര്യപ്രകാരമാണ് സുവാരസിനെ ബാഴ്സ ഒഴിവാക്കുന്നത്. താരത്തെ ആവിശ്യമില്ലെന്ന് കൂമാൻ നേരിട്ട് അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ഒരുപാട് പൊല്ലാപ്പുകൾ സുവാരസിനെ ചുറ്റിപറ്റി ഉണ്ടായിരുന്നു. എന്നാൽ ഇതിനോടൊക്കെ സുവാരസ് പ്രതികരിക്കുകയും ചെയ്തു. താനുമായി നാല് വർഷം ഒരു ബന്ധവും ഇല്ലാത്ത ആളുകളാണ് തന്നെ കുറിച്ചും തന്റെ തീരുമാനങ്ങളെ കുറിച്ചും അറിയിക്കുന്നതെന്നും എന്റെ കാര്യം എനിക്ക് തന്നെ നേരിട്ട് നിങ്ങളോട് പറയാൻ അറിയാമെന്നുമാണ് സുവാരസ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.

Rate this post