ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരായ തോൽവിയോടെ പ്രമുഖതാരങ്ങൾ ക്ലബിൽ നിന്ന് പുറത്താവുമെന്ന് ബാഴ്സ പ്രസിഡന്റും വിവിധ മാധ്യമങ്ങളും സൂചനകൾ നൽകിയിരുന്നു. ഇന്നലെ പ്രസിഡന്റ് ബർത്തോമു നൽകിയ ഇന്റർവ്യൂവിൽ ബാഴ്‌സ നിലനിർത്തുന്ന ആറു താരങ്ങളുടെ പട്ടിക വെളിപ്പെടുത്തിയിരുന്നു. ഇതിൽ സൂപ്പർ താരം ലൂയിസ് സുവാരസിന്റെ പേരുണ്ടായിരുന്നില്ല. ഇതോടെ താരത്തെ ക്ലബ് വിൽക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. കൂടാതെ സുവാരസിന്റെ മുൻ ക്ലബായ അയാക്സ് താരത്തെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും വാർത്തകൾ പുറത്ത് വന്നിരുന്നു. കൂടാതെ പുതിയ പരിശീലകൻ റൊണാൾഡ് കൂമാനും താരത്തെ നിലനിർത്തണമെന്ന താല്പര്യമില്ല എന്നായിരുന്നു സ്പാനിഷ് മാധ്യമങ്ങൾ പുറത്ത് വിട്ടത്.
നിലവിൽ ഒരു വർഷം കൂടി സുവാരസിന് ബാഴ്സയിൽ കരാർ അവശേഷിക്കുന്നുണ്ട്. അത്കൊണ്ട് തന്നെ അടുത്ത സീസണും കൂടി ബാഴ്‌സയിൽ തുടരാനാണ് ലൂയിസ് സുവാരസിന്റെ തീരുമാനം. ഉറുഗ്വൻ മാധ്യമമായ ഒവേഷൻ ആണ് ഈ വാർത്ത പുറത്ത് വിട്ടത്. സുവാരസ് ക്ലബ് വിടില്ലെന്നും ഈ സീസൺ കൂടി ക്ലബിൽ തുടരും എന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ പരിശീലകൻ കൂമാന് കീഴിൽ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും ഫോം വീണ്ടെടുത്ത് സ്ഥാനത്തിന് വേണ്ടി പൊരുതാനാണ് സുവാരസിന്റെ തീരുമാനം.
ഈ സീസണിൽ 21 ഗോളുകളും 12 അസിസ്റ്റുമാണ് താരം നേടിയത്. പൊതുവെ മോശമല്ലാത്ത പ്രകടനമാണെങ്കിലും ഇതിലും മികച്ച ഒരു നമ്പർ നയനെ ക്ലബിന് വേണം എന്നാണ് ബാഴ്‌സയുടെ ആവിശ്യം. ആ സ്ഥാനത്തേക്കാണ് ഇന്റർമിലാന്റെ അർജന്റൈൻ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസിനെ പരിഗണിക്കുന്നത്. പക്ഷെ ആരൊക്കെ വന്നാലും വരുന്ന സീസൺ കൂടി മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് സുവാരസ്. മാത്രമല്ല ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തു ഇലവനിൽ സ്ഥിരസാന്നിധ്യമായാൽ ഒരു ഗുണം കൂടി സുവാരസിനുണ്ട്. വരുന്ന സീസണിൽ 60% മത്സരങ്ങളിൽ സുവാരസ് കളത്തിൽ ഇറങ്ങിയാൽ ഓട്ടോമാറ്റിക് ആയി താരത്തിന്റെ കരാർ പുതുക്കപ്പെടും. അതിനാൽ തന്നെ നല്ല പ്രകടനം പുറത്തെടുക്കാനുള്ള ഒരുക്കങ്ങളിലാണ് സുവാരസ്.