ഫുട്ബോൾ ലോകത്തെ അസാമാന്യ പ്രതിഭകളിൽ ഒരാളാണ് ലൂക്ക മോഡ്രിച്ച്. റയൽ മാഡ്രിഡിൽ എത്തിയതിനു ശേഷം തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ തുടങ്ങിയ താരം സാധ്യമായ നേട്ടങ്ങളെല്ലാം ക്ലബിനൊപ്പം സ്വന്തമാക്കി. 2018 ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിലേക്ക് നയിച്ച പ്രകടനത്തിന് ശേഷം ബാലൺ ഡി ഓറും താരത്തെ തേടിയെത്തി.
ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ ഒരു പതിറ്റാണ്ടിലധികം ബാലൺ ഡി ഓറിൽ പുലർത്തി വന്നിരുന്ന ആധിപത്യം ഇല്ലാതാക്കിയാണ് മോഡ്രിച്ച് പുരസ്കാരം നേടിയത്. ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ബ്രസീൽ അടക്കമുള്ളവരുടെ വഴി മുടക്കി ക്രൊയേഷ്യ മൂന്നാം സ്ഥാനം സ്വന്തമാക്കിയപ്പോഴും ടീമിന്റെ അമരത്തുണ്ടായിരുന്ന മോഡ്രിച്ച് മറ്റൊരു ഫൈനലിലേക്ക് കൂടി ടീമിനെ നയിക്കാൻ ഒരുങ്ങുകയാണ്.
യുവേഫ നേഷൻസ് ലീഗ് സെമി ഫൈനൽ പോരാട്ടത്തിനുള്ള ക്രൊയേഷ്യൻ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അതിൽ ലൂക്ക മോഡ്രിച്ചും ഉൾപ്പെട്ടിട്ടുണ്ട്. ക്ലബ് തലത്തിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ താരത്തിന് പക്ഷെ ക്രൊയേഷ്യക്കൊപ്പം ഒരു കിരീടം പോലും ഉയർത്താൻ കഴിഞ്ഞിട്ടില്ല. മുപ്പത്തിയേഴാം വയസിൽ അതിനുള്ള ഒരു വലിയ അവസരം കൂടിയാണ് മോഡ്രിച്ചിനെ തേടിയെത്തിയിരിക്കുന്നത്.
യുവേഫ നേഷൻസ് ലീഗിന് ആതിഥേയരായ നെതർലാൻഡ്സിനെയാണ് ക്രൊയേഷ്യ സെമി ഫൈനലിൽ നേരിടുന്നത്. ജൂൺ പതിനാലിന് നടക്കുന്ന മത്സരത്തിൽ വിജയം നേടിയാൽ ക്രൊയേഷ്യക്ക് ഫൈനലിലേക്ക് മുന്നേറാൻ കഴിയും. ഫൈനലിൽ ഇറ്റലിയോ അല്ലെങ്കിൽ സ്പെയിനോ ആയിരിക്കും ക്രൊയേഷ്യയുടെ എതിരാളികളായി ഉണ്ടാവുക.
🇭🇷 Luka Modrić called up for the Nations League finals in June. pic.twitter.com/TeE7UAtTZV
— Madrid Xtra (@MadridXtra) May 22, 2023
ലാ ലിഗയിൽ നിന്നും ക്രൊയേഷ്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു താരം കൂടിയാണ് മോഡ്രിച്ച്. ടീമിനെ നയിക്കുന്നതും താരം തന്നെ. രാജ്യത്തിനൊപ്പം ഒരു കിരീടമെന്ന സ്വപ്നം മുപ്പത്തിയേഴാം വയസിൽ സാധിക്കാൻ കഴിയട്ടെയെന്നാണ് ഫുട്ബോൾ ആരാധകർ ഒന്നടങ്കം ആഗ്രഹിക്കുന്നത്.