വയസ്സ് മുപ്പത്തിയഞ്ച് ആയെങ്കിലും സൂപ്പർ താരം ലുക്കാ മോഡ്രിച്ചിന്റെ പ്രകടനത്തിന് ഒരു കുറവും തട്ടിയിട്ടില്ല. അതിനുള്ള തെളിവായിരുന്നു കഴിഞ്ഞ എൽ ക്ലാസ്സിക്കോ മത്സരം. ബാഴ്സക്കെതിരെ റയൽ മാഡ്രിഡിന്റെ മൂന്നാമത്തെ ഗോൾ പിറന്നത് മോഡ്രിച്ചിന്റെ ബൂട്ടുകളിൽ നിന്നായിരുന്നു. ഗോൾകീപ്പറെയും പ്രതിരോധനിരക്കാരെയും കബളിപ്പിച്ച് നേടിയ ആ ഗോൾ താരത്തിന്റെ പ്രതിഭാപാടവം വിളിച്ചോതുന്നതായിരുന്നു.
എന്നാൽ താരത്തിന്റെ റയൽ മാഡ്രിഡിലുള്ള അവസാന സീസണാണിത്. ഈ സീസണോട് കൂടി താരത്തിന്റെ റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിക്കും. കഴിഞ്ഞ സമ്മറിൽ കരാർ പുതുക്കാനുള്ള ചർച്ചകൾ നടന്നിരുന്നുവെങ്കിലും അതൊന്നും തീരുമാനമായിരുന്നില്ല. പ്രായം മുപ്പത്തിയഞ്ച് ആയതിനാൽ റയൽ കരാർ പുതുക്കുമോ എന്നത് സംശയത്തിലാണ്. എന്നാൽ ആരാധകർക്ക് മോഡ്രിച്ചിന്റെ കാര്യത്തിൽ ഒരു സംശയവുമില്ല. താരത്തെ റയൽ മാഡ്രിഡിൽ നിലനിർത്തണം എന്ന് തന്നെയാണ് ആരാധകരുടെ ആവിശ്യം.
കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ മാർക്ക നടത്തിയ പോളിലാണ് ആരാധകർ മോഡ്രിച്ചിനെ ഇനിയും റയലിന് ആവിശ്യമുണ്ടെന്ന് വ്യക്തമാക്കിയത്. 25000-ഓളം പേര് പങ്കെടുത്ത പോളിൽ 91 ശതമാനം ആളുകളും താരത്തിന്റെ കരാർ റയൽ മാഡ്രിഡ് പുതുക്കണം എന്നാണ് ആവിശ്യപ്പെട്ടത്. താരത്തിനും റയൽ മാഡ്രിഡിൽ തന്നെ തുടരാൻ താല്പര്യമുണ്ട്. ഏതായാലും കരാർ പുതുക്കുന്നതിനെ കുറിച്ച് റയൽ വരുംദിവസങ്ങളിൽ ആലോചിച്ചേക്കും.
കഴിഞ്ഞ സീസണിൽ ഇരുപത്തിരണ്ട് ലാലിഗ മത്സരങ്ങളിൽ ആയിരുന്നു താരം സ്റ്റാർട്ട് ചെയ്തിരുന്നത്. ഈ സീസണിൽ ആകെ കളിച്ച ഏഴ് മത്സരങ്ങളിലും താരം കളിക്കുകയും അഞ്ച് മത്സരങ്ങളിൽ താരം സ്റ്റാർട്ട് ചെയ്യുകയും ചെയ്തു. ലോണിൽ നിന്നും റയൽ മാഡ്രിഡ് തിരിച്ചു വിളിച്ച മാർട്ടിൻ ഒഡീഗാർഡ് ആണ് താരത്തിന്റെ പകരക്കാരൻ. താരമിപ്പോൾ പരിക്കേറ്റ് പുറത്താണ്.