സൂപ്പർതാരങ്ങളായ മെംഫിസ് ഡിപേയും ഹുസേം ഔവാറുമടക്കമുള്ളവർ ഈ സീസണിൽ ക്ലബിൽ തന്നെ തുടരുമെന്ന തീരുമാനത്തിൽ നിന്നും ഫ്രഞ്ച് ക്ലബായ ലിയോൺ പുറകോട്ടു പോയെന്നു റിപ്പോർട്ടുകൾ. ഇന്നു ട്രാൻസ്ഫർ ജാലകം അവസാനിക്കാനിരിക്കെ ടീമിന്റെ നായകനായ മെംഫിസ് ഡിപേ ബാഴ്സയിലേക്കു ചേക്കേറുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നേരത്തെ പരിശീലകനായ റൂഡി ഗാർസിയയുടെ നിർദ്ദേശപ്രകാരമാണ് ക്ലബ് പ്രസിഡന്റ് ജീൻ മൈക്കൽ ഔലാസാണ് പ്രമുഖ താരങ്ങളെല്ലാം ടീമിൽ തുടരുമെന്നു വ്യക്തമാക്കിയത്. എന്നാൽ എൽ ചിരിങ്കുറ്റോയുടെ റിപ്പോർട്ടുകൾ പ്രകാരം ട്രാൻസ്ഫർ ഡെഡ് ലൈൻ ദിവസം ഡിപേയ് ബാഴ്സയിലേക്കു ചേക്കേറുമെന്ന് ലിയോൺ സ്പോർട്ടിങ് ഡയറക്ടർ ജുനിന്യോ സ്ഥിരീകരിച്ചു കഴിഞ്ഞു.
തിങ്കളാഴ്ച ബാഴ്സയിലേക്കു ചേക്കേറാൻ താരവും കറ്റലൻ ക്ലബും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യം നൂറു ശതമാനം ഉറപ്പിക്കാൻ കഴിയില്ലെന്നുമാണ് ജുനിന്യോ പറഞ്ഞതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൂമാൻ ടീമിലെത്തിയതു മുതൽ തന്നെ ഡിപേയെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്. ഒസ്മാനെ ഡെംബലെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു ചേക്കേറിയാൽ ആ ഫണ്ടുപയോഗിച്ച് താരത്തെ സ്വന്തമാക്കാനാണ് ബാഴ്സയുടെ ശ്രമമെന്നാണു കരുതേണ്ടത്. താരം ബാഴ്സയിലെത്തിയിൽ പകരക്കാരനെ സ്വന്തമാക്കാൻ ലിയോണിനു കഴിഞ്ഞേക്കില്ല.