“38 ന്റെ ചെറുപ്പവുമായി ആൽവസ് ; ഇത് ബ്രസീലിയൻ രക്തമാണ് അങ്ങനെ വിട്ടുകൊടുക്കാൻ സാധിക്കുമോ “

ഫുട്ബോൾ ലോകത്ത് ബ്രസീലിയൻ വെറ്ററൻ ഡാനി ആൽവസ് ഒരു പ്രത്യേക കഥാപാത്രമായാണ് അറിയപ്പെടുന്നത്. ഏറ്റവും മികച്ചതും എന്നാൽ ഏറ്റവും മോശമായതും ചെയ്യാൻ കഴിവുള്ള ഒരാൾ. ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ സംഭവിച്ച കാര്യങ്ങൾ അത് അടിവരയിടുന്നു.ഈ പരിവർത്തന കാലഘട്ടത്തിൽ ബാഴ്‌സലോണയെ തിരിച്ചുവരാൻ സഹായിക്കുന്നതിനുള്ള ശ്രമത്തിലാണ് 38 ആം വയസ്സിലും ബ്രസീലിയൻ റൈറ്റ് ബാക്ക് ബാഴ്‌സലോണയിൽ ചേർന്നത്.

നിസ്സംശയമായും ആൽവസ് ടീമിന് നൽകുന്ന ഊർജ്ജം വലുത് തന്നെയാണ്.ഇന്നലത്തെ മത്സരത്തിൽ 69 ആം മിനുട്ട് വരെ ഈ സീസണിൽ നിന്ന് എന്തെങ്കിലും നേടാനുള്ള ബാഴ്‌സലോണയുടെ ശ്രമങ്ങളിൽ തനിക്ക് എന്ത് സംഭാവന ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തു. ഇന്നലെ ഒരു മിഡ്ഫീൽഡറായാണ് ആൽവസ് കളിച്ചിരുന്നത് പ്രത്യേകിച്ച് ആക്രമണത്തിൽ സജീവമായിരുന്നു. ടീമിനെ ഒത്തൊരുമിപ്പിച് മുന്നോട്ട് കൊണ്ട് പോകുവാൻ താരം പരിശ്രമിച്ചു കൊണ്ടേയിരുന്നു.

ജോർഡി ആൽബയുടെ ഗോളിന് വഴിയൊരുക്കിയ താരം ഒരു ഗോൾ നേടുകയും ചെയ്തു.ബാഴ്‌സലോണക്ക് വേണ്ടിയുള്ള ആൽവസിന്റെ 100ആം അസിസ്റ്റ് കൂടിയായിരുന്നു അത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബോക്‌സിന് പുറത്ത് പന്ത് സ്വീകരിച്ച ബ്രസീലിയൻ ജാൻ ഒബ്‌ലക്കിനെ കീഴടക്കി അത്ലറ്റികോ മാഡ്രിഡ് വലയിലാക്കി.എന്നാൽ 69 ആം മിനുട്ടിൽ യാനിക്ക് കരാസ്കോയെ ഫൗൾ ചെയ്തതിനു നേരിട്ടുള്ള ചുവപ്പ് കാർഡ് ലഭിച്ച ബ്രസീലിയൻ ഫുൾ ബാക്ക് നായകനിൽ നിന്ന് വില്ലനായി മാറി.

ലാലിഗ സാന്റാൻഡറിൽ ആൽവ്‌സ് കാണിക്കുന്ന പത്താം ചുവപ്പ് കാർഡായിരുന്നു ഇത്. ആരാധകരുടെ നിറഞ്ഞ കയ്യടി സ്വീകരിച്ചു കൊണ്ടാണ് താരം ഡ്രസിങ് റൂമിലേക്ക് പോയത്.ലാ ലിഗയുടെ ചരിത്രത്തിൽ ബാഴ്സലോണയ്ക്കായി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഡാനി ആൽവസ്‌ മാറിയിരുന്നു.പ്രായത്തെ വെല്ലുന്ന പ്രകടനവുമായി നിറഞ്ഞുകളിച്ച ഡാനി തന്റെ പഴയ മികവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചു.അളന്നുമുറിച്ചുള്ള ലോങ് റേഞ്ച് ക്രോസ്സുകളും ,കൃത്യതയാർന്ന പാസ്സുകളിലൂടെ കളം നിറഞ്ഞപ്പോൾമത്സരത്തിൽ വിന്റേജ് ആൽവസിനെ കാണാൻ സാധിച്ചു.ബാഴ്‌സ നിറങ്ങളിൽ ബ്രസീലിയൻ വർഷങ്ങൾ പിന്നോട്ട് പോയതായി തോന്നി.

Rate this post
Dani AlvesFc Barcelona