മാജിക്കൽ മെസ്സി !! ആരാധകരെ രോമാഞ്ചം കൊള്ളിപ്പിക്കുന്ന അത്ഭുതപ്പെടുത്തുന്ന അസിസ്റ്റുമായി ലയണൽ മെസ്സി |Qatar 2022

ക്വാർട്ടറിൽ ബ്രസീലിനെ കീഴടക്കിയ വമ്പുമായി സെമി ഫൈനലിൽ അർജന്റീനയെ നേരിടാനെത്തിയ ക്രോയേഷ്യക്ക് ലയണൽ മെസ്സിക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന്റെ തകർപ്പൻ ജയമാണ് അര്ജന്റീന സ്വന്തമാക്കിയത്. ഗോളും അസിസ്റ്റുമായി മിന്നി തിളങ്ങിയ സൂപ്പർ താരത്തിന്റെ മികവിലായിരുന്നു അർജന്റീനയുടെ വിജയം.

മെസിയെന്ന 35 കാരന്റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു സെമി ഫൈനൽ പോരാട്ടം. അർജന്റീനയെ ലോകകപ്പിന്റെ ആറാം ഫൈനലിലേക്കാണ് മെസ്സിയും സംഘവും നയിച്ചത്. 2014 ന് ശേഷം അര്‍ജന്റീന വീണ്ടും ലോകകപ്പിന്റെ ഫൈനലിലെത്തിയിരിക്കുകയാണ്.34-ാം മിനിറ്റില്‍ പന്തുമായി മുന്നേറിയ ജൂലിയന്‍ അല്‍വാരസിനെ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് ഫൗള്‍ ചെയ്തു. അര്‍ജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിക്കുകയും ചെയ്തു. കിക്കെടുത്തത് സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ്. . മെസ്സിയുടെ ഷോട്ട് ലിവാകോവിച്ചിനെ നിസ്സഹായനാക്കി വലകുലുക്കി. ഈ ഗോളോടെ മെസ്സി അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി.

39 ആം മിനുട്ടിൽ ജൂലിയൻ അൽവാരസ്അർജന്റീനയ്ക്ക് രണ്ടാം ഗോൾ നേടി. ഒരു കൌണ്ടർ അറ്റാക്കിൽ നിന്നും ലഭിച്ച പന്തുമായി ഒറ്റക്ക് മുന്നേറിയ താരം ക്രോയേഷ്യൻ ഡിഫെൻഡർമാരെയും ഗോൾകീപ്പറെയും മറികടന്ന് മനോഹരമായി വലയിലാക്കി സ്കോർ 2 -0 ആക്കി ഉയർത്തി.കളിയിലെ ഏറ്റവും വലിയ നിമിഷം ഏതെന്ന് ചോദിച്ചാൽ അത് ലയണൽ മെസ്സിയുടെ മൂന്നാം ഗോളിനായുള്ള അസിസ്റ്റ് ആണെന്ന് പറയേണ്ടി വരും.

69-ാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ എതിരാളികളെ മറികടന്ന് പന്തുമായി കുതിച്ച മെസ്സി ക്രോയേഷ്യൻ താരങ്ങളെ മനോഹരമായി ഡ്രിബ്ബിൽ ചെയ്ത് ബോക്സിലേക്ക് കയറുകയും ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായ ഗ്വാർഡിയോളിനെ നിസ്സഹായകനാക്കി താരത്തിന്റെ കാലുകൾക്ക് ഇടയിലൂടെ നൽകിയ പാസ് സ്വീകരിച്ച അൽവാരസ് പിഴവ് കൂടാതെ ക്രോയേഷ്യൻ വലയിലേക്കെത്തിച്ചു.സ്റ്റേഡിയം ഒന്നടങ്കം 35 കാരന്റെ പ്രതിഭയ്ക്ക് മുന്നിൽ തലകുനിച്ച നിമിഷം കൂടിയയായിരുന്നു ഇത്.

ടൂർണമെന്റിലെ ഇതുവരെയുള്ള ഏറ്റവും മികച്ച അസിസ്റ്റ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.ലോകകപ്പിലെ മെസ്സിയുടെ മൂന്നാമത്തെ അസിസ്റ്റായിരുന്നു ഇത്, പോർച്ചുഗലിന്റെ ബ്രൂണോ ഫെർണാണ്ടസ്, ഫ്രാൻസിന്റെ അന്റോയിൻ ഗ്രീസ്മാൻ, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ എന്നിവരോടൊപ്പം ഇതുവരെയുള്ള ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയവരിൽ മെസിയുമുണ്ട്.

Rate this post