ചാമ്പ്യൻസ് ലീഗ് വിലക്ക് നീക്കിയതോടെ ട്രാൻസ്ഫർ മാർക്കറ്റിൽ പണം വാരിയെറിയാൻ എല്ലാ തയ്യാറെടുപ്പും നടത്തി കൊണ്ടിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. സാനേയുടെ പകരക്കാരനായി വലൻസിയ താരം ഫെറൻ ടോറസിനെ സ്വന്തമാക്കാൻ സിറ്റി കരാറിലെത്തിയെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ അർജൻറീനിയൻ താരം അഗ്യൂറോക്കു പകരക്കാരനെ ടീമിലെത്തിക്കാനാണ് സിറ്റിയുടെ അടുത്ത ലക്ഷ്യം.
പ്രമുഖ കായിക മാധ്യമമായ സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇന്റർ മിലാൻ സ്ട്രൈക്കറായ ലൗടാരോ മാർട്ടിനസിനെയാണ് സിറ്റി അടുത്ത സീസണിലേക്കായി ലക്ഷ്യമിടുന്നത്. താരത്തിനായി ബാഴ്സ രംഗത്തുണ്ടെന്നത് സത്യമാണെങ്കിലും അതിനെ മറികടന്ന് ലൗടാരോയെ സ്വന്തമാക്കാൻ ഏതു വഴിക്കും സിറ്റി ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബാഴ്സലോണ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇന്ററുമായി കരാറിൽ ധാരണയിലെത്താൻ അവർക്കു കഴിഞ്ഞിട്ടില്ല. ലൗടാരോക്കായി നൽകേണ്ട തുകക്ക് ഏതെങ്കിലും താരത്തെ വിൽക്കേണ്ടതുണ്ട്. അക്കാര്യത്തിൽ തീരുമാനമാകാത്തതു കൊണ്ടു തന്നെ അവസരം മുതലെടുക്കാനാണ് സിറ്റിയുടെ ശ്രമം.
ഈ സീസണിൽ ഇന്ററിനു വേണ്ടി മുപ്പത്തിയൊൻപതു മത്സരങ്ങളിൽ നിന്നും പതിനെട്ടു ഗോളുകൾ നേടിയ ഇരുപത്തിരണ്ടുകാരനായ ലൗടാരോ യൂറോപ്പിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ്. പെപ് ഗാർഡിയോളയെപ്പോലെ ഒരു പരിശീലകനു കീഴിൽ കളിക്കാനുള്ള അവസരം താരം നിരസിക്കാൻ സാധ്യതയില്ലെന്നത് ബാഴ്സക്കു ഭീഷണിയാണ്.