എർലിങ് ബ്രൂട്ട് ഹാലൻഡിനു വേണ്ടി സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി ക്ലബുകൾ ശ്രമം നടത്തിയെങ്കിലും അതിൽ വിജയം നേടിയത് മാഞ്ചസ്റ്റർ സിറ്റിയാണ്. പ്രീമിയർ ലീഗിൽ അഞ്ചു മത്സരങ്ങൾ മാഞ്ചസ്റ്റർ സിറ്റി പൂർത്തിയാക്കിയപ്പോൾ രണ്ടു ഹാട്രിക്ക് അടക്കം ഒൻപതു ഗോളുകൾ നേടി തന്റെ മൂല്യമെന്താണെന്ന് കാണിച്ചു കൊടുക്കാൻ താരത്തിനു കഴിയുകയും ചെയ്‌തിട്ടുണ്ട്. ഇപ്പോൾ ഏർലിങ് ഹാലൻഡിനെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും മറ്റൊരു താരത്തെക്കൂടി തങ്ങളുടെ തട്ടകത്തിൽ എത്തിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി.
ബൊറൂസിയ ഡോർട്മുണ്ടിന്റെ സ്വിറ്റ്‌സർലൻഡ് പ്രതിരോധതാരമായ മാനുവൽ അകാഞ്ചിയെയാണ് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസം മാഞ്ചസ്റ്റർ സിറ്റി സ്വന്തം തട്ടകത്തിൽ എത്തിച്ചിരിക്കുന്നത്. ഇരുപത്തിയേഴു വയസുള്ള താരത്തിനു വേണ്ടി ഇരുപതു മില്യൺ യൂറോയോളമാണ് മാഞ്ചസ്റ്റർ സിറ്റി മുടക്കിയത്. അഞ്ചു വർഷത്തെ കരാറിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തിയ അകാഞ്ചിക്ക് മാഞ്ചസ്റ്റർ സിറ്റി ആദ്യ ഇലവനിൽ ഇടം ലഭിക്കാനുള്ള സാധ്യതയില്ല. ബാക്കപ്പായാവും താരത്തെ പെപ് ഗ്വാർഡിയോള ഉപയോഗപ്പെടുത്തുക.
“ഇവിടെയെത്താൻ കഴിഞ്ഞതിൽ എനിക്കു വളരെയധികം സന്തോഷമുണ്ട്. കഴിഞ്ഞ ഏതാനും സീസണുകളായി യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് മാഞ്ചസ്റ്റർ സിറ്റി. വളരെ മികച്ച ഫുട്ബോൾ കളിക്കുകയും എല്ലാ വർഷവും കിരീടങ്ങൾ നേടാൻ വേണ്ടി പൊരുതുകയും മികച്ച ഫുട്ബോൾ കളിക്കുകയും ചെയ്യുന്ന മാഞ്ചസ്റ്റർ സിറ്റിയിലെത്തിയത് എന്റെ കരിയറിലെ മികച്ചൊരു ചുവടുവെപ്പാണ്. ഗ്വാർഡിയോള എന്ന മികച്ച പരിശീലകനും പ്രതിഭയുള്ള താരങ്ങൾക്കുമൊപ്പം നല്ലൊരു അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്.” ട്രാൻസ്‌ഫർ പൂർത്തിയാക്കിയതിനു ശേഷം അകാഞ്ചി പറഞ്ഞു.
Our new number 2️⃣5️⃣ pic.twitter.com/JGorNm7E5E
— Manchester City (@ManCity) September 1, 2022
നാല് വർഷങ്ങൾക്കു മുൻപ് സ്വിസ് ക്ലബായ ബാസലിൽ നിന്നുമാണ് മാനുവൽ അകാഞ്ചി ബൊറൂസിയ ഡോർട്മുണ്ടിൽ എത്തിയത്. 158 മത്സരങ്ങളിൽ ഡോർട്മുണ്ട് ജേഴ്‌സിയണിഞ്ഞ താരം ജർമൻ കപ്പ് കിരീടവും ജർമൻ സൂപ്പർകപ്പ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയിൽ ഇരുപത്തിയഞ്ചാം നമ്പർ ജേഴ്‌സിയാണ് അകാഞ്ചി അണിയുന്നത്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റി നടത്തിയ അഞ്ചാമത്തെ സൈനിങാണ് ബൊറൂസിയ ഡോർട്മുണ്ട് താരത്തിന്റേത്.