വരാനെയും പോയോ? ഞെട്ടിച്ച് സൗദി ക്ലബ്‌ |Raphael Varane |Saudi Pro League

ഈ ട്രാൻസ്ഫർ വിപണിയിൽ വമ്പൻ താരങ്ങളെ സ്വന്തമാക്കിയ സൗദി ക്ലബ്ബുകൾ യൂറോപ്പിൽ നിന്ന് മറ്റൊരു താരത്തെ കൂടി ലക്ഷ്യമിടുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് പ്രതിരോധ താരം റാഫേൽ വരാനെയാണ് സൗദി ക്ലബ്ബ് അൽ ഇത്തിഹാദ് ലക്ഷ്യമിടുന്നത്. ഈ ട്രാൻസ്ഫർ വിപണിയിൽ എൻഗാളോ കാന്റെ, കരീം ബെൻസിമ തുടങ്ങിയ ഫ്രഞ്ച് താരങ്ങളെ സ്വന്തമാക്കിയ ഇത്തിഹാദ് ലക്ഷ്യമിടുന്ന മൂന്നാമത്തെ ഫ്രഞ്ച് താരമാണ് വരാനെ.

താരത്തിനായി വമ്പൻ തുക മുടക്കാനും ഇത്തിഹാദ് തയാറാണ്.നിലവിൽ പ്രീമിയർ ലീഗ് ക്ലബ്‌ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ് വരാനെ. നേരത്തെ റയൽ മാഡ്രിനായും താരം കളിച്ചിട്ടുണ്ട്. നീണ്ട 10 വർഷം റയൽ പ്രതിരോധം കാത്ത വരാനെ 2021 ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുന്നത്. പിന്നീട് മാഞ്ചസ്റ്ററിന്റെ പ്രതിരോധനിരയിലെ പ്രധാന താരമായി താരം മാറുകയും ചെയ്തു. മാഞ്ചസ്റ്റർ പ്രതിരോധത്തിന്റെ പ്രധാന താരമായതിനാൽ താരത്തെ മാഞ്ചസ്റ്റർ വിട്ടു നൽകാനുള്ള സാധ്യതയും വളരെ കുറവാണ്.

എങ്കിലും സൗദിയുടെ പണക്കൊഴുപ്പിനു മുന്നിൽ മാഞ്ചസ്റ്റർ വീഴുമോ എന്നുള്ളതും കണ്ടറിയേണ്ടതുണ്ട്.ഫ്രഞ്ച് ക്ലബ്ബ് ലെൻസിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്ന താരം ഫ്രഞ്ച് ദേശീയ ടീമിനായി 95 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.

ഇത്തവണ യൂറോപ്പിൽ നിന്ന് നിരവധി താരങ്ങളെയാണ് സൗദി ക്ലബ്ബുകൾ റാഞ്ചിയത്. സൂപ്പർതാരം നെയ്മർ അടക്കം സൂപ്പർ താരങ്ങളെ റാഞ്ചിയതോടുകൂടി സൗദി ലീഗിന് ലോകശ്രദ്ധ നേടാൻ ആയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസിമ, നെയ്മർ തുടങ്ങിയ വമ്പൻ താരങ്ങളാണ് ഇപ്പോൾ സൗദി ലീഗിന്റെ പ്രധാന കരുത്ത്.

Rate this post