ക്ലബ് വിടാനുള്ള റൊണാൾഡോയുടെ തീരുമാനം മാഞ്ചസ്റ്റർ യുണൈറ്റഡ് സഹതാരങ്ങൾ ആഘോഷിക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനത്തിൽ ക്ലബിലെ സഹതാരങ്ങൾ വളരെയധികം സന്തുഷ്‌ടരാണെന്നു റിപ്പോർട്ടുകൾ. സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാൻ റൊണാൾഡോ ശ്രമിച്ചു കൊണ്ടിരിക്കെയാണ് താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡ്രസിങ് റൂമിലുള്ള മേധാവിത്വം പൂർണമായും നഷ്‌ടമായെന്ന വാർത്തകൾ പുറത്തു വരുന്നത്. താരം ക്ലബ് വിടുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹതാരങ്ങൾ അതാഘോഷിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇഎസ്‌പിഎൻ പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോയുടെ സാന്നിധ്യം ക്ലബിനുള്ളിൽ വിഭാഗീയതയുണ്ടാക്കുന്നുണ്ടെന്നാണ് സഹതാരങ്ങൾ കരുതുന്നത്. സഹതാരങ്ങളുടെ പ്രകടനം മോശമാകുമ്പോൾ അവരോട് ക്ഷമിക്കാൻ താരം തയ്യാറാവുന്നുമില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ഹാരി മാഗ്വയർ, മാർക്കസ് രാഷ്‌ഫോഡ് എന്നിവർ ക്ലബ് ഇതിഹാസങ്ങളും റൊണാൾഡോയുടെ മുൻ സഹതാരങ്ങളുമായ റിയോ ഫെർഡിനാൻഡ്, വെയ്ൻ റൂണി എന്നിവരെപ്പോലെ കളിക്കണമെന്നാണ് താരത്തിന്റെ ആവശ്യമെന്നും റിപ്പോർട്ട് പറയുന്നു. മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ അതിനെതിരെ താരം വിർശനവും നടത്തുന്നുണ്ട്.

ഇതെല്ലാം കൊണ്ടു തന്നെ താരം ക്ലബ് വിടാനൊരുങ്ങുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് വലിയ സന്തോഷമാണുള്ളത്. ഇതിനു പുറമെ ക്ലബ് വിടാനുള്ള സമ്മർദ്ദതന്ത്രത്തിന്റെ ഭാഗമായി പ്രീ സീസൺ പരിശീലനത്തിനായി ചേരാതിരുന്നതും നിരവധി സൗഹൃദമത്സരങ്ങൾ നഷ്‌ടപ്പെടുത്തിയതുമെല്ലാം സഹതാരങ്ങൾക്ക് ഒട്ടും സ്വീകാര്യമായ കാര്യമല്ല. സീസൺ ആരംഭിച്ചതിനു ശേഷം മികച്ച പ്രകടനം നടത്താനും റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല. ആദ്യ ഇലവനിൽ ഇറങ്ങിയ ഒരു മത്സരമടക്കം നാല് പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരത്തിന് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞിട്ടില്ല. താരം ആദ്യ ഇലവനിൽ ഇറങ്ങിയ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നാല് ഗോളുകൾ വഴങ്ങി തോൽക്കുകയും ചെയ്‌തു.

അതേസമയം സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഒരു ക്ലബിലെത്തിക്കാൻ നെട്ടോട്ടമോടുകയാണ് താരത്തിന്റെ ഏജന്റായ യോർഹെ മെൻഡസ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നാപ്പോളി, ചെൽസി എന്നീ ക്ലബുകളുമായാണ് അദ്ദേഹം ചർച്ച നടത്തിയതെങ്കിലും ട്രാൻസ്‌ഫർ നടക്കുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം ആയിട്ടില്ല. സ്പോർട്ടിങ് ലിസ്ബണും താരത്തിൽ താൽപര്യമുണ്ടെങ്കിലും പോർച്ചുഗീസ് ലീഗിലേക്ക് ഇപ്പോൾ തിരിച്ചു പോകാൻ റൊണാൾഡോ ആഗ്രഹിക്കുന്നില്ല.

Rate this post
Cristiano RonaldoEnglish Premier LeagueManchester United