സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി അഴിച്ചു പണികൾക്ക് വിധേയമായ ക്ലബാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പുതിയ പരിശീലകനായി അയാക്സിൽ നിന്നും എറിക് ടെൻ ഹാഗ് എത്തിയതിനൊപ്പം നിരവധി പുതിയ താരങ്ങളും ടീമിലേക്കെത്തി. ലിസാൻഡ്രോ മാർട്ടിനസ്, കസമീറോ, ആന്റണി, മലാസിയ, എറിക്സൺ തുടങ്ങിയ താരങ്ങളെ ടീമിലേക്കെത്തിച്ച് കഴിഞ്ഞ സീസണിലെ തിരിച്ചടികളെ മറന്ന് ഈ സീസണിൽ പുതിയൊരു തുടക്കം കുറിക്കാനുള്ള ശ്രമമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയത്.
നിരവധി പുതിയ താരങ്ങൾ ടീമിലെത്തിയെങ്കിലും സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനം മെച്ചപ്പെട്ടു വരുന്നതേയുള്ളൂ. തന്റെ പദ്ധതികൾ നടപ്പിലാക്കാൻ ഇനിയും ചില താരങ്ങളെ എറിക് ടെൻ ഹാഗിനു വേണമെന്നതിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടു തന്നെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പുതിയ താരങ്ങൾ ക്ലബിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ വേണ്ട താരങ്ങളെ സ്വന്തമാക്കാനുള്ള ബഡ്ജറ്റ് വർധിക്കുന്നത് റൊണാൾഡോ ക്ലബ് വിടുമോയെന്നതിനെ ആശ്രയിച്ചിരിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഇംഗ്ലീഷ് മാധ്യമമായ ദി സണിന്റെ റിപ്പോർട്ടുകൾ പ്രകാരം ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വേണ്ട പുതിയ താരങ്ങളെ എത്തിക്കാൻ എഴുപതു മില്യൺ പൗണ്ടാണ് ക്ലബ് നേതൃത്വം എറിക് ടെൻ ഹാഗിന് അനുവദിക്കാൻ പോകുന്നത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഖത്തർ ലോകകപ്പിനു ശേഷമുള്ള ജനുവരി ജാലകത്തിൽ ക്ലബ് വിടുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫർ ബഡ്ജറ്റ് നൂറു മില്യൺ പൗണ്ടായി വർധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
Erik ten Hag 'could be handed a £100m war chest if Cristiano Ronaldo leaves Manchester United in January' https://t.co/VumtVJxyRM
— MailOnline Sport (@MailSport) September 16, 2022
റിപ്പോർട്ടുകൾ പ്രകാരം ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ എറിക് ടെൻ ഹാഗ് മൂന്നു താരങ്ങളെ ക്ലബ്ബിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഏതൊക്കെ താരങ്ങളെ, ഏതൊക്കെ പൊസിഷനിലേക്കാണ് അദ്ദേഹം പരിഗണിക്കുന്നതെന്ന കാര്യം വ്യക്തമല്ല. അതിനു പുറമെ ഫിഷാജസ് പുറത്തു വിടുന്നതു പ്രകാരം ഡോണി വാൻ ബിക്ക് ജനുവരിയിൽ ഇറ്റലിയിലേക്ക് ചേക്കേറാനും സാധ്യതയുണ്ട്. അയാക്സിൽ എറിക് ടെൻ ഹാഗിനു കീഴിൽ കളിച്ചിരുന്ന താരമാണെങ്കിലും ഈ സീസണിൽ വെറും പത്തൊൻപതു മിനുട്ട് മാത്രമേ താരം കളത്തിലിറങ്ങിയിട്ടുള്ളൂ.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്ന ഒരു താരം ലാസിയോയുടെ സെർജി മിലിങ്കോവിച്ച് സാവിച്ചാണ്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടുമോയെന്ന കാര്യം നിലവിൽ വ്യക്തമല്ല. സമ്മറിൽ തന്നെ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിച്ചിരുന്ന താരം മികച്ച ഓഫർ വന്നാൽ അതു പരിഗണിക്കാനുള്ള സാധ്യതയുണ്ട്.