ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിനോട് തകർന്നു തരിപ്പണമായത്. ഒരു ഗോളിന് മുന്നിട്ടു നിന്ന യുണൈറ്റഡിനെ പിന്നീട് മൊറീഞ്ഞോയുടെ സംഘം തരിപ്പണമാക്കുകയായിരുന്നു. മത്സരത്തിൽ രണ്ട് ഗോളും ഒരു അസിസ്റ്റുമായി തിളങ്ങാൻ സൂപ്പർ താരം ഹാരി കെയ്നിന് സാധിച്ചിരുന്നു. ഈ ലീഗിലെ രണ്ടാം തോൽവിയാണ് യുണൈറ്റഡിന് ഇന്നലെ നേരിടേണ്ടി വന്നത്.
ഈ പ്രതിസന്ധികൾക്കിടയിൽ യുണൈറ്റഡിന് ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ സൂപ്പർ താരം വെയ്‌ൻ റൂണി. സഞ്ചോയെ സൈൻ ചെയ്യുന്നതിന് പകരം ഹാരി കെയ്നിനെ സൈൻ ചെയ്യാനാണ് യുണൈറ്റഡ് ശ്രമിക്കേണ്ടത് എന്നാണ് റൂണിയുടെ അഭിപ്രായം. ദി സൺഡേ ടൈംസിനോട് സംസാരിക്കുന്ന വേളയിലാണ് കെയ്നിനെയാണ് യുണൈറ്റഡ് സൈൻ ചെയ്യേണ്ടതെന്ന് റൂണി തുറന്നു പറഞ്ഞത്.
” ജേഡൻ സഞ്ചോ ഒരു മികച്ച താരമാണ്. പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യാൻ വേണ്ടി പ്രഥമപരിഗണന നൽകണമെന്ന് ഞാൻ കണ്ടെത്തിയത് മറ്റൊരു താരത്തെയാണ്. എന്തിനാണ് നിങ്ങളുടെ ടീമിൽ അത്പോലെയുള്ള പ്രതിഭകൾ ഉണ്ടാവുമ്പോൾ നൂറ് മില്യൺ നൽകി മറ്റൊരു താരത്തെ സൈൻ ചെയ്യാൻ ശ്രമിക്കുന്നത്? യുണൈറ്റഡിന് റാഷ്ഫോർഡുണ്ട്, ആന്റണി മാർഷ്യലുമുണ്ട്. കൂടാതെ ഇനി സാഞ്ചോ കൂടി വന്നാൽ ഗ്രീൻവുഡിന് സ്ഥാനം നഷ്ടമാവുകയും ചെയ്യും. എന്തിനാണ് ഒരേ പൊസിഷനിലേക്ക് ഒരേ വയസ്സുള്ള താരങ്ങളെ സൈൻ ചെയ്യാൻ ശ്രമിക്കുന്നത് ? ഞാൻ പറയുന്നത് നൂറ് മില്യൺ നൽകി കൊണ്ട് ഹാരി കെയ്നിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കണമെന്നാണ് ” റൂണി അഭിമുഖത്തിൽ പറഞ്ഞു.
കെയ്നിന് വേണ്ടി യുണൈറ്റഡ് ശ്രമിച്ചാലും താരത്തെ സ്പർസ് വിട്ടുനൽകുമോ എന്നുള്ളത് വലിയ ചോദ്യചിഹ്നമാണ്. 2024 വരെയാണ് നിലവിൽ ടോട്ടൻഹാമിൽ കെയ്നിന് കരാറുള്ളത്. മാത്രമല്ല താരത്തെ 150 മില്യൺ പൗണ്ടിൽ കുറഞ്ഞ ഒരു തുകക്കും നൽകാൻ സ്പർസ് തയ്യാറായേക്കില്ല.