അടുത്ത ട്രാൻസ്ഫറിൽ യുണൈറ്റഡിന്റെ ഒന്നാമത്തെ ലക്ഷ്യം റയൽ മാഡ്രിഡ്‌ ഡിഫൻഡർ.

ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിച്ച പ്രതിരോധനിര താരമായിരുന്നു ആർബി ലീപ്സിഗിന്റെ ഉപമെക്കാനോ. എന്നാൽ താരത്തെ തട്ടകത്തിലെത്തിക്കാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. പക്ഷെ ശ്രമം ഉപേക്ഷിക്കാൻ യുണൈറ്റഡ് തയ്യാറല്ല. അടുത്ത ട്രാൻസ്ഫർ ജാലകത്തിലും ലീപ്‌സിഗിനെ യുണൈറ്റഡ് സമീപിച്ചേക്കും.

എന്നാൽ റയൽ മാഡ്രിഡിന്റെ പ്രതിരോധനിര താരമായ റാഫേൽ വരാനെയെയാണ് വരുന്ന ട്രാൻസ്ഫറിൽ യുണൈറ്റഡ് ഒന്നാമത്തെ ലക്ഷ്യമായി പരിഗണിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. പ്രമുഖ മാധ്യമമായ ഡെയിലി സ്റ്റാർ ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. മുമ്പ് 2016-ൽ തന്നെ താരത്തെ എത്തിക്കാൻ യുണൈറ്റഡ് ശ്രമിച്ചിരുന്നു. എന്നാൽ അന്ന് വരാനെ റയലിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

ഉപമെക്കാനോ, വരാനെ എന്നിവരെ ഒരുമിച്ച് എത്തിക്കാനാണ് യുണൈറ്റഡ് ശ്രമിക്കുക. എന്നാൽ അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയാൽ മാത്രമേ ഇരുവരും യൂണൈറ്റഡിലെക്ക്‌ വരുന്ന കാര്യം പരിഗണിക്കുകയൊള്ളൂ എന്നാണ് ഏജന്റുമാർ അറിയിച്ചിട്ടുള്ളത്. നിലവിൽ ഉപമെക്കാനോക്ക്‌ 2021 വരെയാണ് ലീപ്സിഗിൽ കരാറുള്ളത്. 36 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്.

വരാനെക്കാവട്ടെ 2022 വരെയാണ് റയലിൽ കരാറുള്ളത്. പക്ഷെ സമീപകാലത്തെ താരത്തിന്റെ അല്പം മോശം പ്രകടനം താരത്തെ വിൽക്കാൻ റയൽ മാഡ്രിഡിനെ പ്രേരിപ്പിച്ചേക്കും എന്നാണ് വാർത്തകൾ. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ താരത്തിന്റെ പിഴവിൽ നിന്നായിരുന്നു റയൽ രണ്ടു ഗോളുകളും വഴങ്ങിയിരുന്നത്. ഈ സീസണിൽ അലക്സ് ടെല്ലസിനെ ടീമിൽ എത്തിക്കാൻ യുണൈറ്റഡിന് കഴിഞ്ഞിരുന്നു.

Rate this post