ഇത്തവണ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തുമോ? ചാമ്പ്യൻസ് ലീഗിലെ മിന്നുംതാരം മറുപടി പറയുന്നു.

ഒരു പ്രതിരോധനിര താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവിശ്യമാണ് എന്നുള്ളത് കഴിഞ്ഞ പ്രീമിയർ ലീഗിലെ മത്സരത്തിൽ നിന്ന് തന്നെ വ്യക്തമായതാണ്. മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് 3-1 നാണ് യുണൈറ്റഡ് തോൽവി രുചിച്ചത്. ഇതോടെ ഒരു ഫുൾബാക്കിനെയും ഒരു സെന്റർ ഡിഫന്ററെയും ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് യുണൈറ്റഡ്. ബ്രസീലിയൻ താരം അലക്സ്‌ ടെല്ലസ്, അർജന്റീന താരം നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവരെയാണ് മാഞ്ചസ്റ്റർ ലക്ഷ്യം വെക്കുന്നത്.

ഇപ്പോഴിതാ സെന്റർ ഡിഫൻഡർ സ്ഥാനത്തേക്ക് യുണൈറ്റഡ് ഏറ്റവും കൂടുതൽ ലക്ഷ്യമിട്ടിരിക്കുന്ന താരം ആർബി ലീപ്സിഗിന്റെ ഡായോട്ട് ഉപമെക്കാനോയാണ്. താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾക്ക് യുണൈറ്റഡ് ആരംഭം കുറിച്ചിരുന്നു. ഇരുപത്തിയൊന്നുകാരനായ ഈ ഫ്രഞ്ച് താരം സമീപകാലത്ത് മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഫലമായി റയൽ മാഡ്രിഡ്‌ ഉൾപ്പടെയുള്ള വമ്പൻമാർ താരത്തെ നോട്ടമിട്ടിരുന്നു.എന്നാൽ ഉടനടി തന്നെ ശ്രമങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്. എന്നാൽ ഈ ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് താൻ ശ്രദ്ധ നൽകുന്നില്ല എന്നാണ് ഉപമെക്കാനോ ഇതിനെ കുറിച്ച് പറഞ്ഞത്.

ബുധനാഴ്ച്ച ടെലിഫൂട്ടിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം യുണൈറ്റഡുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളെ കുറിച്ച് മനസ്സ് തുറന്നത്. ” ഇപ്പോൾ എനിക്ക് പറയാനുള്ളത്, ഞാൻ എന്റെ ശ്രദ്ധ മുഴുവൻ ലീപ്സിഗിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. ലീപ്സിഗിന് വേണ്ടി കളിക്കുന്നത് തുടരുകയും ചെയ്യും. അതിന് ശേഷം എന്ത് സംഭവിക്കുന്നു എന്ന് നോക്കാം. ഇപ്പോൾ ഞാൻ ലീപ്സിഗിനൊപ്പമാണ്. പക്ഷെ പല ക്ലബുകളിൽ നിന്നും ഓഫറുകൾ വന്നിരുന്നു എന്നുള്ളത് സത്യമാണ്. ഫുട്‍ബോളിൽ എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങൾക്ക് ഒരിക്കലും മുൻകൂട്ടി കാണാൻ സാധിക്കില്ല ” ഉപമെക്കാനോ പറഞ്ഞു.

നിലവിൽ താരത്തിന് 2023 വരെ ലീപ്സിഗുമായി കരാർ ഉണ്ട്. പുതിയ കരാർ പ്രകാരം 52 മില്യൺ പൗണ്ടാണ് താരത്തിന്റെ റിലീസ് ക്ലോസ്. ലീപ്സിഗ് നൽകാൻ തയ്യാറായിട്ടില്ല എങ്കിൽ ഈ തുക യുണൈറ്റഡ് നൽകേണ്ടി വരും. എന്നാൽ യൂണൈറ്റഡിന് കാര്യങ്ങൾ എളുപ്പമാവില്ല. റയലിന് പുറമെ മാഞ്ചസ്റ്റർ സിറ്റി, ബയേൺ, പിഎസ്ജി എന്നിവർക്കൊക്കെ താരത്തെ ടീമിൽ എത്തിക്കാൻ താല്പര്യമുണ്ട്.

Rate this post