പ്രീമിയർ ലീഗിൽ ബോക്സിംഗ് ഡേയിൽ ഗോൾ മഴയുമായി മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ മൂന്നിനെതിരെ ആറു ഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റർ സിറ്റിക്കായി റഹീം സ്റ്റെർലിംഗ് രണ്ട് തവണ സ്കോർ ചെയ്തപ്പോൾ കെവിൻ ഡിബ്രൂയിൻ, റിയാദ് മഹ്റെസ്, ഗുണ്ടോഗൻ, ലപോർട്ടെ എന്നിവർ ഓരോ ഗോൾ നേടി. മാഡിസൺ, ലുക്ക്മാൻ, ഇഹിയനാച്ചോ എന്നിവർ ലെസ്റ്ററിനായി ലക്ഷ്യം കണ്ടു. ഒന്നാം പകുതിയിൽ നാല് ഗോളിന് മുന്നിൽ നിന്ന ഗ്വാർഡിയോളയുടെ ടീം ഹാഫ് ടൈമിന് ശേഷം മൂന്നെണ്ണം തിരികെ വാങ്ങി ഒന്ന് പതറിയെങ്കിലും രണ്ട് ഗോളുകൾ കൂടി അടിച്ച് വിജയം ഉറപ്പാക്കുകയായിരുന്നു. തകർപ്പൻ ജയത്തോടെ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് നിലവിൽ രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിനെക്കാൾ 6 പോയിന്റിന്റെ ലീഡായി.
ടീമിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ലുകാകു നിറഞ്ഞാടിയപ്പോൾ ആസ്റ്റൺ വില്ലക്കെതിരെ ചെൽസിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി ജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ റൊമേലു ലുകാകുവാണ് ചെൽസിക്ക് ജയം നേടിക്കൊടുത്തത്. ചെൽസിയുടെ രണ്ടാമത്തെ ഗോൾ നേടുകയും മൂന്നാമത്തെ ഗോളിന് പെനാൽറ്റി നേടികൊടുക്കുകയും ചെയ്ത ലുകാകുവാണ് ചെൽസിയുടെ ജയത്തിൽ നിർണായകമായത്. ചെൽസിക്ക് ലഭിച്ച രണ്ട് പെനാൽറ്റികളും ഗോളാക്കി മാറ്റിയ ജോർജീന്യോ ആസ്റ്റൺ വില്ലയെ തോൽപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. ഒരു കലണ്ടർ വർഷം പ്രീമിയർ ലീഗിൽ പെനാൽറ്റിയിലൂടെ ഏറ്റവും അധികം ഗോൾ നേടുന്ന താരമെന്ന റെക്കോർഡിനും ഇറ്റാലിയൻ മിഡ്ഫീൽഡർ അർഹനായി. റീസ് ജെയിംസിന്റെ സെൽഫ് ഗോളിൽ
ആസ്റ്റൺ വില്ലയാണ് ആദ്യം മുന്നിലെത്തിയത്. കോവിഡ് ബാധിതനായ സ്റ്റീവൻ ജെറാർഡിന്റെ അഭാവത്തിൽ അസിസ്റ്റന്റ് കോച്ച് മക് അലിസ്റ്ററിന്റെ കീഴിലായിരുന്നു വില്ല ചെൽസിയെ നേരിട്ടത്. ജയത്തോടെ പ്രീമിയർ ലീഗിൽ ലിവർപൂളിനിനൊപ്പം ചെൽസിക്കും 41 പോയിന്റായി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആഴ്സണലിന്റെ ഗംഭീര പ്രകടനം തുടരുന്നു. ഇന്നലെ നോർവിചിന്റെ വലയിൽ അഞ്ചു ഗോളുകളാണ് അവർ കൂട്ടിയത് .ആഴ്സണലിന്റെ തുടർച്ചയായ നാലാം വിജയമാണിത്.ആറാം മിനുട്ടിൽ തന്നെ ആഴ്സണൽ ലീഡ് എടുത്തു. ഒഡെഗാർഡിന്റെ പാസ് സ്വീകരിച്ച് സാകയുടെ ഒരു ഇടം കാലൻ ഗ്രൗണ്ടർ ആണ് ആഴ്സണലിന് ലീഡ് നൽകിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ടിയേർനിയിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി.രണ്ടാം പകുതിയിൽ ആഴ്സണൽ ഗോളടി തുടർന്നു. 67ആം മിനുട്ടിൽ സാക തന്റെ രണ്ടാം ഗോൾ നേടി. പിന്നാലെ ലകാസെറ്റും എമിലെ സ്മിത് റോയും കൂടെ നേടി. ആഴ്സണൽ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയം സ്വന്തമാക്കുകയും ചെയ്തു. ഈ വിജയത്തോടെ ആഴ്സണൽ 35 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് തുടരുകയാണ്.
പ്രീമിയർ ലീഗിൽ മികച്ച പ്രകടനവുമായി ടോട്ടൻഹാം ഹോട്സ്പർ. ബോക്സിംഗ് ഡേ പോരാട്ടത്തിൽ ക്രിസ്റ്റൽ പാലസിനെ സ്പർസ് 3-0ത്തിന് അടിയറവ് പറയിച്ചു. സൂപ്പർ താരം ഹാരി കെയ്ൻ വീണ്ടും സ്കോർ ചെയ്തു. ലുക്കാസ് മൗറ, സൻ എന്നിവരും ക്രിസ്റ്റൽ പാലസിനെതിരെ ഗോൾ നേടി. 16 മത്സരങ്ങൾ മാത്രം കളിച്ച ടോട്ടൻഹാം 29 പോയിന്റ് സമ്പാദ്യവുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ്.പ്രീമിയർ ലീഗിൽ മോശം ഫോമിലൂടെ കടന്നുപോവുന്ന വെസ്റ്റ്ഹാമിന്റെ വീണ്ടും തോൽവി. ഇത്തവണ ആവേശകരമായ മത്സരത്തിൽ സൗതാമ്പ്ടൺ ആണ് വെസ്റ്റ്ഹാമിനെ തോല്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സൗതാമ്പ്ടന്റെ ജയം. അവസാന 7 ലീഗ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് വെസ്റ്റ്ഹാമിനെ ജയിക്കാനായത്. അഞ്ച് ഗോളുകൾ പിറന്ന മത്സരത്തിൽ ബെഡ്നറെക്കിന്റെ ഗോളാണ് സൗതാമ്പ്ടണ് ജയം നേടിക്കൊടുത്തത്. മത്സരത്തിൽ രണ്ട് പിറകിൽ പോയതിന് ശേഷം വെസ്റ്റ്ഹാം സമനില പിടിച്ചെങ്കിലും ബെഡ്നറെക്കിന്റെ ഗോൾ മത്സരത്തിന്റെ വിധി എഴുതുകയായിരുന്നു.