ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പോരാട്ടത്തിൽ വലിയൊരു ട്വിസ്റ്റ്. കിരീട പോരാട്ടം കൂടുതൽ ആവേശകരമാക്കി കൊണ്ട് വെസ്റ്റ് ഹാം മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചു. രണ്ട് ഗോളുകൾക്ക് ഒരു ഘട്ടത്തിൽ വെസ്റ്റ് ഹാം മുന്നിട്ടു നിന്ന മത്സരത്തിൽ തിരിച്ചടിച്ചു കൊണ്ട് സിറ്റി 2-2 സമനില പിടിക്കുക ആയിരുന്നു.
മത്സരത്തിന്റെ അവസാന നിമിഷം റിയാദ് മഹ്റസ് പെനാൽറ്റി നഷ്ടപെടുത്തിയപ്പോൾ വിജയം സിറ്റിയിൽ നിന്നും അകന്നു പോയി.ആദ്യ പകുതിയിൽ ജറോഡ് ബോവൻ നേടിയ ഇരട്ട ഗോളിൽ വെസ്റ്റ് ഹാം സിറ്റിയെ വിറപ്പിച്ചു.24ആം മിനുട്ടിൽ ഫോർനാൽസ് ഉയർത്തി നൽകിയ പാസ് എഡേഴ്സണെ ഡ്രിബിൾ ചെയ്ത് അകറ്റി ബോവൻ പന്ത് വലയിൽ എത്തിച്ച് ലീഡ് നൽകി. 45 ആം മിനുട്ടിൽ അന്റോണിയോ നൽകി പാസ് സ്വീകരിച്ച് ഇടം കാലു കൊണ്ടുള്ള ഷോട്ടിൽ ബൊവൻ രണ്ടാം ഗോളും നേടി. എന്നാൽ രണ്ടാം പകുതിയിൽ ജാക്ക് ഗ്രീലിഷിന്റെയും വ്ളാഡിമിർ കൗഫലിന്റെയും സെൽഫ് ഗോളിലൂടെ സിറ്റി മറുപടി നൽകി.
കളിയുടെ അവസാന ഘട്ടങ്ങളിൽ, ലിവർപൂളിന് കിരീടപ്പോരാട്ടത്തിൽ പ്രതീക്ഷ നൽകുന്നതിനായി ലൂക്കാസ് ഫാബിയാൻസ്കി മഹ്രെസിന്റെ പെനാൽട്ടി രക്ഷപ്പെടുത്തുകയും ചെയ്തു. ലിവർപൂളിന് ഒരു കളി കൈയിലിരിക്കെ പെപ് ഗ്വാർഡിയോളയുടെ ടീം ടേബിളിൽ നാല് പോയിന്റ് ലീഡ് നിലനിർത്തി.ഇനി ഒരു മത്സരം മാത്രം ശേഷിക്കെ മാഞ്ചസ്റ്റർ സിറ്റി 90 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. അവസാന മത്സരത്തിൽ സിറ്റി ആസ്റ്റൺ വില്ലയെ നേരിടും.ലിവർപൂളിന് 36 മത്സരങ്ങളിൽ നിന്ന് 86 പോയിന്റാണ് ഇപ്പോൾ ഉള്ളത്.
ചാമ്പ്യൻസ് ലീഗ് യോഗ്യതാ സാധ്യതകൾ സജീവമാക്കി ടോട്ടൻഹാം ഹോട്സ്പർ. ബേൺലിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ടോട്ടൻഹാം പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തെത്തി. ഫസ്റ്റ് ഹാഫിന്റെ ഇഞ്ചുറി ടൈമിൽ ഹാരി കെയ്ൻ പെനാൽറ്റിയിലൂടെ നേടിയ ഗോളാണ് സ്പർസിന് വിലയേറിയ മൂന്ന് പോയിന്റ് സമ്മാനിച്ചത്. ബോക്സിനുള്ളിൽ വെച്ച് ബേൺലി താരം ആഷ്ലി ബേൺസിന്റെ കയ്യിൽ പന്ത് തട്ടിയതിന് VAR ന്റെ സഹായത്തോടെ റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു.ഇനി കളിക്കാൻ ഒരു മത്സരം മാത്രം അവശേഷിക്കെ ടോട്ടൻഹാം ഹോട്സ്പറിന് ആഴ്സനലിനേക്കാൾ നിലവിൽ രണ്ട് പോയിന്റ് കൂടുതലുണ്ട്. 66 പോയിന്റുള്ള ആഴ്സനലിന് ഇനി രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. ഗണ്ണേഴ്സ് നാളെ ന്യൂകാസിലുമായി ഏറ്റുമുട്ടും. അവസാന മത്സരത്തിൽ ആഴ്സനലിന്റെ എതിരാളികൾ എവർട്ടനാണ്.
മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വാറ്റ്ഫോഡിനെ കീഴടക്കി.ജെയിംസ് മാഡിസൺ (18′) ജാമി വാർഡി (22′, 70′) ഹാർവി ബാൺസ് (46′, 86′) എന്നിവർ ലെസ്റ്ററിനായി ഗോളുകൾ നേടിയപ്പോൾ ബ്രസീലിയൻ യുവ താരം ജോവോ പെഡ്രോ (6′) വാറ്റ്ഫോഡിന്റെ ആശ്വാസ ഗോൾ നേടി. മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസ് ആസ്റ്റൺ വിലയെ സമനില തളച്ചു (1 -1 )