യുവന്റസ് അക്കാദമിയിൽ നിന്നും പതിനെട്ടുകാരനായ സ്ട്രൈക്കർ പാബ്ലോ മൊറേനോയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. മുൻപു ബാഴ്സലോണക്കു വേണ്ടി കളിച്ചിരുന്ന പതിനെട്ടുകാരനായ മൊറേനോയെ ഒൻപതു ദശലക്ഷം യൂറോ നൽകിയാണ് സിറ്റി സ്വന്തമാക്കിയത്. സിറ്റി വിങ്ങറായ ഫെലിക്സ് കോറേയയേയും യുവന്റസിനു നൽകിയിട്ടുണ്ട്.
മെഡിക്കൽ പരിശോധനകൾക്കു ശേഷം താരത്തിന്റെ സൈനിംഗ് കഴിഞ്ഞ ദിവസമാണ് സിറ്റി പ്രഖ്യാപിച്ചത്. അക്കാദമിയിൽ നിർത്താതെ മൊറേനോയെ പരിചയസമ്പത്തിനു വേണ്ടി ലോണിൽ വിടുകയാണ് മാഞ്ചസ്റ്റർ സിറ്റി ചെയ്യുന്നത്. സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് ജിറോണയിലാണ് സ്പാനിഷ് താരം കളിക്കാനിറങ്ങുക.
സ്പാനിഷ് U18 താരമായ മൊറേനോ യുവന്റസിലെത്തുന്നതിനു മുൻപ് ബാഴ്സയിൽ തകർപ്പൻ ഗോളടിമികവാണു കാഴ്ച വെച്ചിരുന്നത്. സീരി സിയിൽ കളിക്കുന്ന യുവന്റസ് U23 ടീമിൽ ഇറങ്ങുന്ന താരം യുവേഫ യൂത്ത് ലീഗിൽ അറ്റ്ലറ്റികോ മാഡ്രിഡിനെതിരെ രണ്ടു ഗോൾ നേടിയ പ്രകടനത്തിനു ശേഷം യൂറോപ്പിലെ ചർച്ചാ വിഷയമായിരുന്നു.