ഹാലണ്ടിനു വീണ്ടും ഹാലിളകി, ആദ്യ വിജയം സിറ്റിക്ക്, ആഴ്‌സനലും ന്യൂകാസ്റ്റിലും ഇന്നിറങ്ങുന്നു |Erling Haaland

2023-2024 ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിന് കിക്ക്ഓഫ്‌ കുറിച്ചപ്പോൾ നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ വിജയത്തോടെ തുടക്കം. യൂറോപ്പ്യൻ ഫുട്ബോളിന്റെ ആരാധകരെല്ലാം ഒന്നടങ്കം കാത്തിരുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പോരാട്ടങ്ങൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ മത്സരത്തോടെ തുടക്കം കുറിച്ചത്.

ബേൺലിയുടെ മൈതാനമായ ടർഫ് മൂറിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഗാഡിയോളയുടെ സംഘം വിജയിച്ചത്. കഴിഞ്ഞതവണ നിർത്തിവെച്ചിടത്തുനിന്നും ഇത്തവണ തുടങ്ങിയ നോർവേ സൂപ്പർതാരമായ എർലിംഗ് ഹാലണ്ട് മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി സിറ്റിയുടെ വിജയത്തിൽ നിർണായ പങ്കു വഹിച്ചു.

ഏറെ ആവേശകരമായി തുടങ്ങിയ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ബേൺലിയുടെ വലകുലുക്കി എർലിംഗ് ഹാലൻഡ് തന്റെ ഗോൾ വേട്ട ആരംഭിച്ചു. 36 മിനിറ്റിൽ മത്സരത്തിലെ രണ്ടാം ഗോളും സ്കോർ ചെയ്ത് എർലിംഗ് ഹാലൻഡ് വീണ്ടും വന്നതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യപകുതിയിൽ രണ്ടു ഗോളിന് ലീഡ് ആയി.

രണ്ടാം പകുതിയിലെ 75 മിനിറ്റിൽ ഇംഗ്ലീഷ് താരമായ റോഡ്രി നേടുന്ന മൂന്നാമത്തെ ഗോളോടെ മാഞ്ചസ്റ്റർ സിറ്റി മത്സരത്തിലെ വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ അവസാനം നിമിഷം 94 മിനിറ്റിൽ ബേൺലി താരം റെഡ് കാർഡ് ലഭിച്ചു പുറത്തായി. ആദ്യം മത്സരത്തിലെ വിജയത്തോടെ പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞു.

പ്രീമിയർ ലീഗിന്റെ രണ്ടാം ദിനമായി ഇന്ന് ആർസനൽ, ന്യൂ കാസ്റ്റിൽ യുണൈറ്റഡ് തുടങ്ങിയ ടീമുകൾ കളത്തിൽ ഇറങ്ങുന്നുണ്ട്. ഇന്ന് ആറു മത്സരങ്ങളാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അരങ്ങേറാൻ ഒരുങ്ങുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 5 മണിക്കാണ് ആഴ്‌സനലിന്റെ മത്സരം. നാളെ നടക്കുന്ന മത്സരത്തിലാണ് ചെൽസിയും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടുന്നത്.

3/5 - (2 votes)
Erling Haaland