കഴിഞ്ഞ സീസണിൽ പെപ് ഗ്വാർഡിയോളയുടെ കീഴിൽ നേടാവുന്നതെല്ലാം നേടിയിട്ടും ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്താൻ സാധിക്കാത്തത് വലിയ കുറവായി തന്നെയാണ് കാണുന്നത്. ഗ്വാർഡിയോളയുടെ മുന്നിലുള്ള വലിയ ചോദ്യ ചിഹ്നം തന്നെയായിരുന്നു ചാമ്പ്യൻസ് ലീഗ് കിരീടം എന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണെങ്കിലും അവർക്ക് ഇപ്പോഴും പൂർണ്ണമായ ഒരു ടീം ഇല്ല എന്നത് വസ്തുതയാണ്. കഴിഞ്ഞ സീസണിൽ ഒരു സ്ട്രൈക്കറില്ലാതെയാണ് സിറ്റി കളിച്ചിരുന്നത്.സെർജിയോ അഗ്യൂറോയുടെ പരിക്കുകളും ഗബ്രിയേൽ ജീസസിന്റെ സ്ഥിരതയില്ലാത്ത പ്രകടനവും കാരണം സ്റ്റെർലിംഗിനെ ഫാൾസ് 9 പൊസിഷനിലാണ് ഗ്വാർഡിയോള ഇറക്കിയത്.
ലെറോയ് സാനെ ബയേൺ മ്യൂണിക്കിലേക്ക് പോയതിനുശേഷം പകരക്കാരനെ കണ്ടെത്തുന്നതിൽ ഗാർഡിയോള പരാജയപ്പെട്ടു. സ്റ്റെർലിങ് സ്ട്രൈക്കറുടെ റോളിലേക്ക് മാറിയപ്പോൾ ഇടത് വശത്തെ കൈകാര്യം ചെയ്യാനുള്ള ജോലി ഫിൽ ഫോഡന് നൽകി. ഫോഡനെ സംബന്ധിച്ച് മികച്ചൊരു സീസൺ തന്നെയായിരുന്നു. എന്നാൽ കളിക്കാരെ അവരുടെ സ്ഥാനത്തു നിന്നും മാറി കളിപ്പിക്കുന്നത് ടീമിന്റെ മുഴുവൻ സിസ്റ്റത്തിനും നല്ലതല്ല. അപൂർണ്ണമായ ഒരു സ്ക്വാഡുള്ള ഒരു ടീം യൂറോപ്പിലെ ചാമ്പ്യന്മാരാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല. ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലും കളിക്കാരുടെ അഭാവം ബാധിച്ചു.സമീപഭാവിയിൽ യൂറോപ്യൻ കിരീടം മാഞ്ചസ്റ്റർ സിറ്റി ആഗ്രഹിക്കുന്നുവെങ്കിൽ ഒരു സ്ട്രൈക്കറെയും ലെഫ്റ്റ് മിഡ്ഫീൽഡറെയും ടീമിലെത്തിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്.
യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സ്ട്രൈക്കറും പ്രീമിയർ ലീഗിലെ ടോപ് സ്കോററുമായ ഹാരി കെയ്നാണ് സിറ്റിയുടെ ലക്ഷ്യത്തിലുള്ള താരം. സിറ്റി പോലെയുള്ള ക്ലബിന് അനുയോജ്യമായ താരം കൂടിയാണ് കെയ്ൻ. മികച്ച പ്രകടനം നടത്തിയിട്ടും കിരീടങ്ങൾ നേടാൻ സാധിക്കാത്തതാണ് താരത്തെ ക്ലബ്ബിൽ നിന്നും വിട്ടുപോകുവാൻ പ്രേരിപ്പിക്കുന്നത്. കുറഞ്ഞ വിലയുള്ള ഒരു താരത്തെയാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ സതാംപ്ടൺ 28 കാരനായ സ്ട്രൈക്കർ ഡാനി ഇങ്സ് നല്ലൊരു ഓപ്ഷനായി വരും. ലീഡ്സ് യുണൈറ്റഡിന്റെ സ്ട്രൈക്കർ പാട്രിക് ബാംഫോർഡ് സിറ്റിയുടെ റഡാറിലുള്ള താരമാണ്.
ഇംഗ്ലീഷ് ആരാധകർ ‘മോഡേൺ ഡേ ഗാസ’ എന്ന് വിശേഷിപ്പിക്കുന്ന ഇംഗ്ലണ്ടിലെ ഏറ്റവും പ്രഗത്ഭനായ കളിക്കാരിലൊരാളായ ജാക്ക് ഗ്രീലിഷ് സിറ്റി നോട്ടമിട്ട താരമാണ് . യൂറോപ്പിലെ നിരവധി മുൻനിര ക്ലബ്ബുകളെല്ലാം നോട്ടമിടുന്ന താരം കൂടിയാണ്. ഇടതു മിഡ്ഫീൽഡിലും സെൻട്രൽ മിഡ്ഫീൽഡിലും ഒരു പോലെ തിളങ്ങാവുന്ന താരമാണ് ഗ്രീലിഷ്. സിറ്റി 100 മില്യൺ ഡോളർ കരാർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ട്. യൂറോ കപ്പിൽ ഡെന്മാർക്കിനായി മികവ് പുറത്തെടുത്ത മൈക്കൽ ഡാംസ്ഗാർഡ് നല്ലൊരു ഓപ്ഷനാണ്.സെൻട്രൽ അറ്റാക്കിംഗ് മിഡ്ഫീൽഡറായും വിങ്ങുകളിലും കളിക്കാൻകഴിവുള്ള താരവുമാണ്. യൂറോ കപ്പിൽ ഓസ്ട്രയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ലൈപ്സിഗ് താരം മാർസെൽ സാബിറ്റ്സർ നിരവധി പ്രമുഖ ക്ലബ്ബുകൾ ടാർഗെറ്റു ചെയുന്ന താരമാണ്.മിഡ്ഫീൽഡിൽ സിറ്റിക്ക് ഒരു മുതൽക്കൂട്ട് തന്നെയാവും ഈ 27 കാരൻ.