റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരം വരാനിരിക്കെ ഏതെങ്കിലുമൊരു ടീമിന് മുൻതൂക്കമുണ്ടെന്ന് പറയാൻ കഴിയില്ല. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ഏറ്റവും മികച്ച ഫോമിൽ കളിക്കുന്നതെങ്കിലും ചാമ്പ്യൻസ് ലീഗിലെത്തുമ്പോൾ റയൽ മാഡ്രിഡ് മറ്റൊരു തലത്തിലുള്ള പ്രകടനം നടത്തുമെന്നതിനാലാണ് ഒരു ടീമിന് മുൻതൂക്കം കൽപ്പിക്കാൻ കഴിയാതിരിക്കുന്നത്.
ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ആരാധകർ കാത്തിരിക്കുന്ന പോരാട്ടമാണ് മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിൽ നടക്കാനിരിക്കുന്നത്. റയൽ മാഡ്രിഡ് പതിനഞ്ചാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യം വെക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്. ഇതിനു മുൻപ് ഫൈനലിൽ എത്തിയതാണ് സിറ്റിയുടെ പ്രധാനനേട്ടം.
അതേസമയം റയൽ മാഡ്രിഡിന്റെ മൈതാനത്ത് നടക്കുന്ന സെമി ഫൈനൽ ആദ്യപാദ മത്സരം മാഞ്ചസ്റ്റർ സിറ്റിക്ക് ഒട്ടും എളുപ്പമാകില്ലെന്നാണ് പരിശീലകൻ കാർലോ ആൻസലോട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. “ബെർണാബുവിൽ മാഞ്ചസ്ററർ സിറ്റിക്കെതിരെ നടക്കുന്ന നടക്കുന്ന മത്സരത്തിൽ ഞങ്ങൾക്കൊരു ആനുകൂല്യമുണ്ട്. ഞങ്ങളുടെ ആരാധകർ. മാഞ്ചസ്റ്റർ സിറ്റിക്ക് പന്ത്രണ്ടു പേർക്കെതിരെയാണ് കളിക്കേണ്ടി വരിക.” ആൻസലോട്ടി പറഞ്ഞു.
നിലവിൽ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് സമ്മിശ്രമായ പ്രകടനമാണ് ഈ സീസണിൽ നടത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കിയ റയൽ മാഡ്രിഡ് ആത്മവിശ്വാസത്തോടു കൂടിയാകും മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഇറങ്ങുക. ആദ്യപാദത്തിൽ വിജയിച്ച് സിറ്റിക്ക് മേൽ സമ്മർദ്ദം ഉണ്ടാക്കുക എന്നത് തന്നെയാകും അവരുടെ മുന്നിലുള്ള പ്രധാനപ്പെട്ട ലക്ഷ്യം.
Ancelotti: "See you on Tuesday. I know we will play 12 vs 11 thanks to our fans." pic.twitter.com/OmSqtVNxFz
— Madrid Universal (@MadridUniversal) May 6, 2023
അതേസമയം കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനോട് തോറ്റ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പകരം വീട്ടുക എന്നതാകും മാഞ്ചസ്റ്റർ സിറ്റിയുടെ ലക്ഷ്യം. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മൂന്നു കിരീടങ്ങൾ സ്വന്തമാക്കാൻ അവസരമുണ്ട്. ആദ്യത്തെ ചാമ്പ്യൻസ് ലീഗ് അടക്കം അത് മൂന്നും നേടാൻ ഉറപ്പിച്ചു തന്നെയാണ് പെപ് ഗ്വാർഡിയോളയും സംഘവും ഇറങ്ങുന്നത്.