ചെൽസിക്കെതിരെ തകർപ്പൻ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി : റയൽ മാഡ്രിഡിന് സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി 2024-2025 സീസണിലെ അവരുടെ ആദ്യ മത്സരം കളിച്ചു. കരുത്തരായ ചെൽസി ആയിരുന്നു എതിരാളികൾ. ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചു.

ചെൽസിയുടെ ഹോം ഗ്രൗണ്ട് ആയ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഏർലിംഗ് ഹാലൻഡ്, മതിയോ കൊവാസിക് എന്നിവരാണ് സന്ദർശകർക്ക് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിന്റെ 18-ാം മിനിറ്റിൽ ഹാലൻഡ് സ്കോർബോർഡ് തുറന്നപ്പോൾ, 84-ാം മിനിറ്റിൽ കൊവാസിക് തന്റെ മുൻ ടീമിന്റെ ഗോൾ വല കുലുക്കി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ, ബ്രന്റ്ഫോഡ് 2-1 ന് ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി. അതേസമയം, നിലവിലെ ലാലിഗ ചാമ്പ്യന്മാരായ റിയൽ മാഡ്രിഡ് 2024-2025 സീസണ് നിരാശകരമായ തുടക്കമാണ് കുറിച്ചത്.

കഴിഞ്ഞ സീസണിൽ പതിനഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മയോർക്കയോട് 1-1 സമനിലയിൽ ആവുകയായിരുന്നു റിയൽ മാഡ്രിഡ്‌. കൈലിയൻ എംബാപ്പെ റിയൽ മാഡ്രിഡ് ജഴ്സിയിൽ ലാലിഗ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ, റോഡ്രിഗോ ആണ് ടീമിന് വേണ്ടി ആദ്യം ഗോൾ നേടിയത്. 13-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ അസിസ്റ്റിൽ ആണ് റോഡ്രിഗോ ഗോൾ നേടിയത്. ബ്രസീലിയൻ കോമ്പോയിൽ പിറന്ന ഗോളിന് മറുപടിയായി,53-ാം മിനിറ്റിൽ വേദത് മുരിഖി ഗോൾ കണ്ടെത്തി മത്സരം സമനിലയിലാക്കി.

മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഫെർലാൻഡ് മെൻഡി റെഡ് കാർഡ് കണ്ട് പുറത്തായതും ആദ്യ മത്സരത്തിൽ റിയൽ മാഡ്രിഡിന് തിരിച്ചടിയായി. സ്പാനിഷ് ലീഗിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ, റയോ വയ്യേകാന 2-1 ന് റിയൽ സോസിദാദിനെ പരാജയപ്പെടുത്തി.

Rate this post