കഴിഞ്ഞ സീസണിനിടയിൽ ടോട്ടനം ഹോസ്പറിൽ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം ഇതുവരെയും പുതിയൊരു ക്ലബിലേക്ക് പരിശീലകനായി പൊചെട്ടീനോ എത്തിയിട്ടില്ല. നിരവധി ക്ലബുകൾ അർജൻറീനിയൻ മാനേജർക്കായി രംഗത്തു വന്നിരുന്നെങ്കിലും മികച്ച ക്ലബുകളുടെ ഓഫർ ലഭിക്കാൻ അദ്ദേഹം കാത്തിരിക്കുകയായിരുന്നു എന്നാണ് മനസിലാക്കേണ്ടത്. എന്തായാലും ആ കാത്തിരിപ്പു വെറുതെയായില്ലെന്നാണ് ദി മിററിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ അർജൻറീനിയൻ പരിശീലകൻ ഇംഗ്ലണ്ടിലെ മുൻനിര ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും റഡാറിലുണ്ടെന്നാണ് യൂറോപ്പിലെ പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതിയ ക്ലബിനെ പരിശീലിപ്പിക്കാൻ എല്ലാ തരത്തിലും തയ്യാറെടുത്തു കഴിഞ്ഞുവെന്നു മുൻപു തന്നെ വെളിപ്പെടുത്തിയിട്ടുള്ള പൊചെട്ടിനോക്ക് ഇതിലേതു ടീമിലേക്കു പോകണമെന്ന കാര്യത്തിൽ മാത്രമേ ആശയക്കുഴപ്പമുണ്ടാകൂ.
വളരെക്കാലമായിട്ടും ഒരു കിരീടം പോലും മാഞ്ചസ്റ്റർ യുണൈറ്റഡിനു സ്വന്തമാക്കി നൽകാൻ കഴിയാത്തതിനെ തുടർന്നാണ് സോൾഷയറിന്റെ പരിശീലക സ്ഥാനത്തിനു സമ്മർദ്ദമേറിയത്. ടോട്ടനം ഹോസ്പറിനെതിരായ കനത്ത തോൽവി ഇതിന്റെ ആഴം കൂട്ടുകയും ചെയ്തു. അതിനു ശേഷം പുതിയ ചില താരങ്ങളെ ടീമിലെത്തിച്ച യുണൈറ്റഡിന്റെ ഫോം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ നോർവീജിയൻ പരിശീലകൻ പുറത്തു പോകുമെന്ന് ഉറപ്പാണ്.
അതേ സമയം നിലവിൽ പ്രീമിയർ ലീഗിൽ ആധിപത്യം സ്ഥാപിക്കാൻ സിറ്റി പരാജയപ്പെടുന്നതാണ് ഗാർഡിയോളക്കു ഭീഷണിയാകുന്നത്. ലൈസ്റ്ററിനെതിരെ അഞ്ചു ഗോളിനു തോറ്റ സിറ്റി ലീഡ്സിനെതിരെ സമനില വഴങ്ങുകയും ചെയ്തിരുന്നു. ഇതു വരെയും ഗാർഡിയോളക്കു കീഴിൽ ചാമ്പ്യൻസ് ലീഗിൽ മുന്നേറാൻ സിറ്റിക്കു കഴിഞ്ഞിട്ടില്ലെന്നതും പുതിയ പരിശീലകനെ നോട്ടമിടാൻ അവരെ പ്രേരിപ്പിക്കുന്നു.