ലിവർപൂളിനെ തകർത്തെറിഞ്ഞ് മാഞ്ചെസ്റ്റർ യുണൈറ്റഡ് , ടെൻ ഹാഗിന്റെ തന്ത്രങ്ങൾ ക്ളോപ്പിനെ വീഴ്ത്തിയപ്പോൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ തിരിച്ചു വരവുമായി ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ്. ആദ്യ രണ്ടു മത്സരങ്ങയും പരാജയപ്പെട്ട യുണൈറ്റഡ് ഇന്നലെ ഓൾഡ് ട്രാഫൊഡിൽ നടന്ന മത്സരത്തിൽ കരുത്തരായ ലിവർപൂളിന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തെറിഞ്ഞു.

യുണൈറ്റഡ് പരിശീലകനെന്ന നിലയിൽ എറിക് ടെൻ ഹാ​ഗിന്റെ ആദ്യ പ്രീമിയർ ലീ​ഗ് ജയം കൂടിയാണ്.റൊണാൾഡോയെയും മഗ്വയറിനെയും ബെഞ്ചിൽ ഇരുത്താനുള്ള വലിയ തീരുമാനം ഫലം കാണുന്നത് തുടക്കത്തിൽ തന്നെ കാണാൻ കഴിഞ്ഞു. അവസാന കുറച്ചു കാലമായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് മാറി ആത്മാർത്ഥമായി കളിക്കുന്ന യുണൈറ്റഡിനെ ആണ് ഇന്ന് കാണാൻ ആയത്.
റൊണാൾഡോയെ 86-ാം മിനിറ്റിൽ മാത്രമാണ് ടെൻ ഹാ​ഗ് ​ഗ്രൗണ്ടിലിറക്കിയത്.പ്രീമിയർ ലീ​ഗ് സീസണിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ദയനീയ തോൽവിയാണ് യുണൈറ്റഡ് ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ ബ്രൈട്ടനോട് തോറ്റ അവർ രണ്ടാം മത്സരത്തിൽ ബ്രെന്റ്ഫോർഡിനോട് എതിരില്ലാത്ത നാല് ​ഗോളിന് നാണം കെട്ടിരുന്നു.

തുടക്കം മുതൽ മുന്നേറി കളിക്കുന്ന യൂണൈറ്റഡിനെയാണ് ഇന്നലെ കാണാൻ കഴിഞ്ഞത്. ബ്രൂണോയുടെ പാസിൽ നിന്ന് എലാംഗയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയു ചെയ്തു.16ആം മിനുട്ടിൽ യുണൈറ്റഡ് മുന്നിലെത്തി , എലാംഗയുടെ പാസിൽ നിന്നും ലിവർപൂൾ ഡിഫൻസിനെ കീഴ്പ്പെടുത്തി സാഞ്ചോയാണ് ഗോൾ നേടിയത്. 25 ആം മിനുട്ടിൽ യുണൈറ്റഡ് മിഡ്ഫീൽഡർ എറിക്സന്റെ ഗോളെന്നുറച്ച ഫ്രീകിക്ക് കഷ്ടപ്പെട്ടാണ് അല്ലിസൺ തടഞ്ഞത്. ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് പുതിയ സൈനിങ്‌ അര്ജന്റീന താരം ലൈസൻഡ്രോയുടെ ഗോൾ ലൈൻ സേവ് യുണൈറ്റഡിന്റെ രക്ഷക്കെത്തി.

രണ്ടാം പകുതിയുടെ 53 ആം മിനുട്ടിൽ പകരക്കാരനായി മാര്ഷ്യലിന്റെ അസ്സിസ്റ്റിൽ നിന്നും റാഷ്‌ഫോർഡ് യുണൈറ്റഡിന്റെ രണ്ടാമത്തെ ഗോൾ നേടി. തൊട്ടടുത്ത മിനുട്ടിൽ റാഷ്‌ഫോർഡ് വീണ്ടും ഗോളിന് അടുത്തെത്തിയെങ്കിലും അലിസൺ മറികടക്കാനായില്ല. 81 ആം മിനുട്ടിൽ സലയുടെ ഹെഡ്ഡർ ഗോൾ ലിവർപൂളിന്റെ തിരിച്ചു വരവിനുള്ള പ്രതീക്ഷകൾ നൽകി. എന്നാൽ അവസാന പത്തു മിനുട്ടിൽ യുണൈറ്റഡ് പ്രതിരോധം ശക്തമായി ഉറച്ചു നിന്നപ്പോൾ ലിവർപൂൾ മുന്നേറ്റങ്ങൾ ഒന്നും വിലപ്പോയില്ല.

റാഫേൽ വരാനെയ്‌ക്കൊപ്പം പ്രതിരോധത്തിന്റെ മധ്യഭാഗത്ത് ലിസാന്ദ്രോ മാർട്ടിനെസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലെഫ്റ്റ് ബാക്കിൽ ലൂക്ക് ഷായെക്കാൾ മുന്നിലെത്തിയ ടൈറൽ മലേഷ്യ ഉടനീളം മികവ് പുലർത്തുകയും ചെയ്തു.ഫലം ടെൻ ഹാഗിന്റെ ടീമിനെ പട്ടികയിൽ നിന്ന് 14-ാം സ്ഥാനത്തേക്ക് ഉയർത്തി, കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ലിവർപൂളിന്റെ തോൽവിയില്ലാതെ 21 മത്സരങ്ങളുടെ കുതിപ്പ് അവസാനിച്ചു.ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് പോയിന്റുമായി 16-ാം സ്ഥാനത്താണ് റെഡ്സ്.

Rate this post
LiverpoolManchester United